ഇന്റർഫേസ് /വാർത്ത /Sports / ഗോകുലം കേരള എഫ് സിക്ക് ചരിത്ര നേട്ടം; എ എഫ് സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഗോകുലം കേരള എഫ് സിക്ക് ചരിത്ര നേട്ടം; എ എഫ് സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഗോകുലം കേരള എഫ് സി വനിതാ ടീം

ഗോകുലം കേരള എഫ് സി വനിതാ ടീം

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഇന്ത്യൻ വുമൺസ് ലീഗ് കിരീടം നേടിയതാണ് അവർക്ക് എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുവാനുള്ള യോഗ്യത നേടിക്കൊടുത്തത്.

  • Share this:

ഗോകുലം കേരള എഫ് സിക്ക് ഇപ്പോൾ രാജയോഗം ആണെന്ന് തന്നെ പറയാം. ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ നേട്ടങ്ങൾ എല്ലാം അവരെ തേടി എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവർ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. എ എഫ് സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാൻ ഒരുങ്ങുകയാണ് ഗോകുലം കേരള എഫ് സി യുടെ വനിതാ ടീം.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഇന്ത്യൻ വുമൺസ് ലീഗ് കിരീടം നേടിയതാണ് അവർക്ക് എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുവാനുള്ള യോഗ്യത നേടിക്കൊടുത്തത്. ഏഷ്യയിലെ മികച്ച ടീമുകൾ എല്ലാം മത്സരിക്കുന്ന എ എഫ് സിയുടെ വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.

എ എഫ് സി ചാമ്പ്യൻഷിപ്പിന് ഗോകുലത്തിന്റെ വനിതാ ടീം കൂടി യോഗ്യത നേടിയതോടെ ചരിത്ര നേട്ടമാണ് ക്ലബ്ബിന് സ്വന്തമായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബ് വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത നേടുന്നത്. ഐ ലീഗ് കിരീട ജേതാക്കൾ എന്ന നിലയിലാണ് ഗോകുലം കേരളയുടെ പുരുഷ ടീമും എ എഫ് സി യോഗ്യത നേടിയിരിക്കുന്നത്.

ഗോകുലത്തിന്റെ വനിതാ ടീം എ എഫ് സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതിൽ അഭിമാനമുണ്ടെന്നും, പുരുഷ ടീമിന് മുൻപ് തന്നെ ഏ എഫ് സി ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇറങ്ങുന്ന അവർ ടൂർണമെന്റിൽ കിരീടമുയർത്തുമെന്നും അത് പുരുഷ ടീമിന് പ്രചോദനമാകുമെന്നും ഗോകുലം കേരളയുടെ ചെയർമാനായ ഗോകുലം ഗോപാലൻ പറഞ്ഞു. ഇതിനു പുറമെ വനിതാ ഫുട്‍ബോളിന്റെ നിലവാരം ഉയർത്തിക്കൊണ്ടുവരാനുള്ള കൂടുതൽ നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഐ എസ് എൽ, ഐ ലീഗ് ടീമുകളിൽ ഗോകുലം മാത്രമേ വനിതാ ഫുട്ബോളിൽ പങ്കെടുക്കുന്നുള്ളു. ക്ലബ്ബിന്റെ ആദ്യവർഷം മുതൽ എല്ലാ സീസണിലും ഗോകുലം വനിതാ ലീഗിൽ പങ്കെടുത്തിട്ടുണ്ട്.

First published:

Tags: Gokulam fc, Gokulam gopalan, Gokulam Kerala FC, India Football