HOME » NEWS » Sports » GREAT RELIEF FOR BELGIUM FOOTBALL TEAM AS KEVIN DE BRUYNE SET TO JOIN THE CAMP FOR EURO ON MONDAY JK

Euro Cup | ശസ്ത്രക്രിയ കഴിഞ്ഞു; ഡി ബ്രൂയിനെ ഉടന്‍ ബെല്‍ജിയം ടീമിനൊപ്പം ചേരും

ടീമിനൊപ്പം ചേരുമെങ്കിലും യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ താരം കളിച്ചേക്കില്ല എന്ന് തന്നെയാണ് സൂചന

News18 Malayalam | news18-malayalam
Updated: June 6, 2021, 8:40 PM IST
Euro Cup | ശസ്ത്രക്രിയ കഴിഞ്ഞു; ഡി ബ്രൂയിനെ ഉടന്‍ ബെല്‍ജിയം ടീമിനൊപ്പം ചേരും
Kevin de Bruyne
  • Share this:
യൂറോ കപ്പിന് ഒരുങ്ങുന്ന ബെല്‍ജിയം ടീമിന് സന്തോഷ വാര്‍ത്ത. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അവരുടെ സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയിനെ തിങ്കളാഴ്ച ദേശീയ ടീമിനൊപ്പം ചേരും. താരത്തിന്റെ മടങ്ങി വരവ് ടീമിനെന്ന പോലെ ആരാധകര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. അടുത്തിടെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എതിരെ കളിച്ചിരുന്ന ചെല്‍സി താരം അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ചാണ് ഡിബ്രൂയിനെക്ക് സാരമായി പരുക്കേറ്റത്. മൂക്കിനും കണ്‍തടത്തിനും പരിക്കേറ്റ താരത്തിന് പിന്നീട് മത്സരത്തില്‍ തുടര്‍ന്ന് കളിക്കാനും കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടം നേടുകയും ചെയ്തിരുന്നു. സിറ്റിയുടെ പ്രധാന താരങ്ങളില്‍ ഒരാളായ ഡിബ്രൂയിനെ പരുക്കേറ്റു പുറത്ത് പോയത് അവര്‍ക്ക് കളിയില്‍ തിരിച്ചടി ആയിരുന്നു.

സാരമായ പരുക്ക് പറ്റിയതിനെ തുടര്‍ന്ന് താരം മത്സരശേഷം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. പരുക്ക് മാറാനായി മുഖത്ത് നടത്തിയ ചെറിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു എന്നും ഇത് കാരണം ഡി ബ്രൂയിനെയുടെ തിരിച്ചുവരവ് വൈകില്ല എന്നും അദ്ദേഹം പറഞ്ഞു. ടീമിനൊപ്പം ചേരുന്ന മുറക്ക് താരം പരിശീലനം ആരംഭിക്കും എന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്.

Also Read-Copa America 2021 | കോപ്പാ അമേരിക്ക ടൂർണമെൻ്റ് മുടങ്ങുമോ? വിയോജിപ്പ് പ്രകടിപ്പിച്ച് കൂടുതൽ താരങ്ങൾ

ടീമിനൊപ്പം ചേരുമെങ്കിലും യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ താരം കളിച്ചേക്കില്ല എന്ന് തന്നെയാണ് സൂചന. യൂറോയിലെ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ബെല്‍ജിയത്തിന്റെ ആദ്യ മത്സരം ജൂണ്‍ 12ന് റഷ്യക്കെതിരെയാണ്. ഇത് കഴിഞ്ഞുള്ള മത്സരങ്ങളില്‍ താരം കളിക്കാന്‍ ഇറങ്ങിയെക്കും. ബെല്‍ജിയം, റഷ്യ എന്നിവരെക്കൂടാതെ ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. താരതമ്യേന എളുപ്പമുള്ള ഒരു ഗ്രൂപ്പിലാണ് ബെല്‍ജിയം സ്ഥാനം പിടിച്ചിരിക്കുന്നത്, മാത്രമല്ല വളരെയധികം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read-'ജീപ്പിന്റെ' പുതിയ പരസ്യത്തിൽ റൊണാൾഡോയില്ല; താരം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു

ഡിബ്രൂയിനെയെ കൂടാതെ ഏദന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, യാംനിക് കരാസ്‌കോ, തിബോട്ട് കുര്‍ട്ട്വാ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രഖ്യാപിച്ച 26 അംഗ ടീമിലുണ്ട്. ജൂണ്‍ 11ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് 11 രാജ്യങ്ങളിലായാണ് നടക്കുന്നത്. ജൂലൈ 11ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മത്സരം അരങ്ങേറുക.

ബെല്‍ജിയം ടീം:

ഗോള്‍കീപ്പര്‍മാര്‍:
തിബോട്ട് കുര്‍ട്ട്വാ, സൈമണ്‍ മിഗ്‌നോലെറ്റ്, മാറ്റ്‌സ് സെല്‍സ്.

ഡിഫെന്‍ഡര്‍മാര്‍:
ജാന്‍ വെര്‍ട്ടോംഗന്‍, ടോബി ആല്‍ഡര്‍വെയര്‍ഡ്, തോമസ് വെര്‍മെയലന്‍, തോമസ് മ്യുനിയര്‍, ജേസണ്‍ ഡെനായര്‍, ഡെഡ്രിക് ബോയാറ്റ, ലിയാന്‍ഡര്‍ ഡെന്‍ഡോങ്കര്‍, തിമോത്തി കാസ്റ്റാഗെന്‍.

മിഡ്ഫീല്‍ഡര്‍മാര്‍:
ആക്സല്‍ വിറ്റ്സെല്‍, കെവിന്‍ ഡി ബ്രൂയിനെ, നാസര്‍ ചാഡ്ലി, യാംനിക് കാരാസ്‌കോ, യൂറി ടൈലെമാന്‍സ്, തോര്‍ഗന്‍ ഹസാര്‍ഡ്, ഡെന്നിസ് പ്രേത്, ഹാന്‍സ് വനകന്‍.

ഫോര്‍വേഡുകള്‍: ഏദന്‍ ഹസാര്‍ഡ്, ഡ്രൈസ് മെര്‍ട്ടെന്‍സ്, റൊമേലു ലുകാകു, ക്രിസ്റ്റ്യന്‍ ബെന്റകെ, മിച്ചി ബാറ്റ്ഷുവായ്, ജെറമി ഡോക്കു, ലിയാന്‍ഡ്രോ ട്രോസാര്‍ഡ്
Published by: Jayesh Krishnan
First published: June 6, 2021, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories