ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് സഞ്ജു സാംസണെ ഉള്പ്പെടുത്താത്തതില് സമൂഹമാധ്യമങ്ങളില് വലിയ പ്രതിഷേധം ഉയര്ന്നിരുന്നു. മതിയായ അവസരങ്ങള് നല്കാതെ സഞ്ജുവിനെ ഒഴിവാക്കുന്നു എന്നായിരുന്നു ആരാധകരുടെ വാദം. എന്നാല്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില് ടീമില് ഉള്പ്പെടുത്താന് തക്കമുള്ള സ്കോര് സഞ്ജു ഈ സീസണില് കണ്ടെത്തിയിട്ടില്ലെന്ന് പറയുകയാണ് മുന് ഇന്ത്യന് താരം ഹര്ഭജന് സിംഗ്.
മുപ്പതുകള്ക്കുള്ളില് തുടരാതെ 70കള് കണ്ടെത്താന് സഞ്ജുവിന് സാധിച്ചിരുന്നു എങ്കില് ഇന്ത്യന് ടീമിലേക്ക് എത്തുമായിരുന്നു എന്നാണ് ഹര്ഭജന് സിംഗ് പറയുന്നത്. രണ്ടാം ക്വാളിഫൈയര് മത്സരത്തില് ബാംഗ്ലൂരിനെ രാജസ്ഥാന് റോയല്സ് നേരിടാന് ഒരുങ്ങുന്നതിന് മുന്പായാണ് ഹര്ഭജന്റെ വാക്കുകള്.
'വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്നാല് കൂടുതല് റണ്സ് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. 20, 30 റണ്സ് നന്നായി നേടും. പിന്നെ ശ്രദ്ധക്കുറവ് മൂലം വിക്കറ്റ് നഷ്ടപ്പെടുത്തും. സ്പിന്നേഴ്സിനും ഫാസ്റ്റ് ബൗളര്മാര്ക്കും എതിരെ തന്റെ വിക്കറ്റ് സഞ്ജു വലിച്ചെറിയുന്നു. ഈ 30 റണ്സ് കണ്ടെത്തുന്നതിന് പകരം 70 റണ്സിലേക്ക് എത്താന് സഞ്ജുവിന് കഴിഞ്ഞിരുന്നെങ്കില് ഇന്ത്യന് സംഘത്തില് ഉള്പ്പെട്ടേനെ'- ഹര്ഭജന് വ്യക്തമാക്കി.
ബട്ട്ലറെക്കുറിച്ചും ഹര്ഭജന് പറഞ്ഞു 'ജോസ് ബട്ട്ലര് റണ് നേടിയെങ്കിലും ക്വാളിഫയര് 1 ല് അത്ര മികച്ചതായി എനിക്ക് മികച്ചതായി തോന്നിയില്ല. ഐപിഎല് 2022-ന്റെ ആദ്യ പകുതിയില്, അദ്ദേഹം ഫ്രീ-ഫ്ലോയിംഗ് ഷോട്ടുകളാണ് കളിച്ചത്. മോശം ഷോട്ടുകള് കളിക്കുന്നത് വളരെ കുറവായിരുന്നു. പക്ഷെ സീസണിന്റെ രണ്ടാം പകുതിയിലെ ബട്ട്ലര് ആകെ മാറി പോയതുപോലെ തോന്നി.'- ഹര്ഭജന് പറഞ്ഞു.
സൗത്ത് ആഫ്രിക്കന് പരമ്പരക്കുള്ള ഇന്ത്യയുടെ ട്വന്റി20 ടീമില് ഐപിഎല്ലില് ബാംഗ്ലൂരിനായി മികവ് കാണിച്ച ദിനേശ് കാര്ത്തിക് ആണ് പന്തിനൊപ്പം വിക്കറ്റ് കീപ്പര് ബാറ്ററായി സംഘത്തില് ഇടം നേടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.