T20 World Cup| ഫോം വീണ്ടെടുത്ത് വാർണർ; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ
- Published by:Naveen
- news18-malayalam
Last Updated:
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറി പ്രകടനത്തിന്റെ മികവിലാണ് ഓസീസ് ടൂർണമെന്റിൽ അവരുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്.
ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് ഓവറുകൾ ബാക്കി നിർത്തിയാണ് ഓസീസ് മറികടന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറി പ്രകടനത്തിന്റെ മികവിലാണ് ഓസീസ് ടൂർണമെന്റിൽ അവരുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്. 42 പന്തുകളിൽ നിന്നും 65 റൺസ് നേടിയ വാർണറാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
തകർപ്പൻ തുടക്കം നൽകി വാർണറും ഫിഞ്ചും
ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി ഓപ്പണർമാരായ വാർണറും ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഐപിഎല്ലിലും ലോകകപ്പ് സന്നാഹ മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന വാർണറെ ആയിരുന്നില്ല ശ്രീലങ്കയ്‌ക്കെതിരെ കാണാൻ കഴിഞ്ഞത്. വാർണർ ഫോമിലായതോടെ ഓസ്‌ട്രേലിയയുടെ സ്കോർബോർഡിലേക്ക് വേഗത്തിൽ റൺസ് എത്തിക്കൊണ്ടിരുന്നു. തന്റെ സ്ഫോടനാത്മക ശൈലിയിൽ ബാറ്റ് വീശിയ വാർണർ ഫിഞ്ചിനൊപ്പം ആദ്യ ആറോവറിൽ നിന്നും 63 റൺസാണ് നേടിയത്. ഇതിനിടയിൽ 18 റൺസിൽ നിൽക്കെ വാർണർ നൽകിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പർ കുശാൽ പെരേര നിലത്തിട്ടതും വാർണർക്ക് അനുഗ്രഹമായി. ജീവൻ ലഭിച്ച താരം ശ്രീലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ച് മുന്നേറുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 70 റൺസ് ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ഹസരങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
advertisement
ഫിഞ്ചിന് പകരം ക്രീസിലെത്തിയ മാക്സ്‌വെല്ലിന് പക്ഷെ അധിക നേരം ക്രീസിൽ തുടരാൻ കഴിഞ്ഞില്ല. ആറ് പന്തിൽ അഞ്ച് റൺസെടുത്ത മാക്സ്‌വെല്ലിനേയും പുറത്താക്കിയ ഹസരങ്ക ഓസ്‌ട്രേലിയയെ അല്പ നേരം പ്രതിരോധത്തിലാക്കി. എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന വാര്‍ണര്‍ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് വീശിയതോടെ ഓസീസ് അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. 31 പന്തുകളിൽ അർധസെഞ്ചുറി തികച്ച വാർണർ ഓസ്‌ട്രേലിയ ജയത്തിന് അടുത്ത എത്തി നിൽക്കെയാണ് പുറത്തായത്. 65 റൺസ് എടുത്ത് നിൽക്കെ ഷാനകയുടെ പന്തിൽ ഭാനുക രാജപക്സെയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
advertisement
എന്നാൽ, തുടർന്നെത്തിയ സ്മിത്തും സ്റ്റോയിനിസും ചേർന്ന് ഓസ്‌ട്രേലിയയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്മിത്ത് 26 പന്തില്‍ നിന്ന് ഒരു ഫോർ സഹിതം 28 റണ്‍സോടെ പുറത്താകാതെ നിന്നു. സ്‌റ്റോയ്‌നിസ് ഏഴു പന്തുകള്‍ നേരിട്ട് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 16 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.
ലങ്കയെ വരിഞ്ഞുമുറുക്കി ഓസീസ് ബൗളർമാർ
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. കുശാൽ പെരേര (35) ചരിത് അസലങ്ക (35) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും. പിന്നാലെ വന്ന ലങ്കൻ ബാറ്റർമാരിൽ ഭാനുക രജപക്സെ ഒഴികെയുള്ള കളിക്കാർക്ക് ഈ തുടക്കം മുതലെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ 9.4 ഓവറിൽ 78/1 എന്ന നിലയിൽ നിന്നാണ് ലങ്ക 154 ൽ ഒരുങ്ങുകയായിരുന്നു. 26 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാലു ഫോറുടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്ന ഭാനുക രജപക്സയാണ് ലങ്കന്‍ സ്‌കോര്‍ 150 കടത്തിയത്.
advertisement
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. സാംപയ്ക്ക് പുറമെ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2021 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| ഫോം വീണ്ടെടുത്ത് വാർണർ; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ