ആന്‍റിഗ്വ: ഐസിസി അണ്ടർ 19 ലോകകപ്പിൽ (ICC U-19 World Cup 2022, ) ഇന്ത്യൻ യുവനിര സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഓപ്പണർ അങ്ക്‌ക്രിഷ് രഘുവംശിയുടെ(Angkrish Raghuvanshi) മികച്ച ബാറ്റിങ്ങാണ് ബോളർമാരെ സഹായിക്കുന്ന ട്രാക്കിൽ 112 റൺസ് എന്ന ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. 30.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. സെമിഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.
സ്‌കോർ: ബംഗ്ലാദേശ് U19 111 (എസ്‌എം മെഹറോബ് 30; രവികുമാർ 3/14)
ഇന്ത്യ U19 117/5 (അങ്ക്‌കൃഷ് രഘുവംഷി 44; റിപ്പൺ മൊണ്ടോൾ 4/31)
ബാറ്റിംഗിന് ബുദ്ധിമുട്ടുള്ള പ്രതലത്തിൽ, ടോസ്സിൽ ആദ്യം ബൗൾ ചെയ്യാൻ ഇന്ത്യൻ ക്യാപ്റ്റൻ യാഷ് ദുൽ തീരുമാനിച്ചു. സ്ട്രൈക്ക് ബൗളർ രവി കുമാർ ആദ്യ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ ഞെട്ടിച്ചു, അതിൽ നിന്ന് അവർക്ക് കരകയറാൻ കഴിഞ്ഞില്ല. ഇടംകൈയ്യൻ സ്പിന്നർ വിക്കി ഓസ്റ്റ്വാൾ ഒരു ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി, 15.4 ഓവറിൽ 37/5 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകർന്നടിഞ്ഞു, 2020 ലെ ചാമ്പ്യന്മാർ 100-ൽ താഴെ ബൗൾഔട്ടാകുന്ന നിലയിലേക്ക് എത്തി.
എസ് എം മെഹറോബും ആഷിഖുർ റഹ്മാനും ചേർന്ന് എട്ടാം വിക്കറ്റിൽ 50 റൺസിന്റെ ഉറച്ച കൂട്ടുകെട്ടാണ് ബംഗ്ലാദേശ് സ്കോർ 100 കടത്തിയത്. ഇവർ ബാറ്റ് ചെയ്യുമ്ബോൾ, ബംഗ്ലാദേശിന് പൊരുതുന്ന സ്‌കോറുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ മെഹറോബ് 30 റൺസിന് പുറത്തായതോടെ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 37.1 ഓവറിൽ 111 റൺസിന് അവസാനിച്ചു. ഇന്ത്യക്കായി രവി 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്തപ്പോൾ വിക്കി 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ചെറിയ സ്കോറിൽ പുറത്തായെങ്കിലും പെട്ടെന്ന് തോൽവി സമ്മതിക്കാൻ ബംഗ്ലാദേശ് ഒരുക്കമായിരുന്നില്ല. ഓപ്പണർ ഹർനൂർ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി തൻസിം ഹസൻ സാക്കിബ് ബംഗ്ലാദേശിന് മികച്ച തുടക്കം സമ്മാനിച്ചു. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ റൺസ് നേടുക പ്രയാസമായിരുന്നു, രഘുവംശിയും വൈസ് ക്യാപ്റ്റൻ ഷെയ്ക് റഷീദും ചേർന്ന് നങ്കൂരമിട്ടതോടെ ഇന്ത്യൻ ക്യാംപ് പ്രതീക്ഷയിലായി. താമസിയാതെ അവർ അനായാസം ബൗണ്ടറികൾ നേടാൻ തുടങ്ങി.
രഘുവൻഷി അർധസെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും കൂടുതൽ ആക്രമിക്കാനുള്ള ശ്രമം അദ്ദേഹത്തിന്‍റെ ഇന്നിങ്സ് 44 റൺസിൽ ഒതുക്കി, റിപ്പൺ മൊണ്ടോളിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് രഘുവൻസി പുറത്തായത്. 70 റൺസാണ് രണ്ടാം വിക്കറ്റിൽ റഷീദിനൊപ്പം രഘുവംശി കൂട്ടിച്ചേർത്തത്.
എന്നാൽ മൊണ്ടോൾ ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ മുൻനിര ബാറ്റിങ് തകർന്നു. ഒരുഘട്ടത്തിൽ ഇന്ത്യയെ 82/4 ആയും പിന്നീട് 97/5 എന്ന സ്കോറിലേക്കും ഒതുക്കി. എന്നാൽ 26 പന്തിൽ പുറത്താകാതെ 20 റൺസ് നേടിയ ധൂൽ ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. 11 റൺസുമായി പുറത്താകാതെ നിന്ന വിക്കി താംബെ ബംഗ്ലാദേശ് ക്യാപ്റ്റൻ റാക്കിബുൾ ഹസന്റെ പന്തിൽ സിക്സറോടെയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
ബുധനാഴ്ച നടക്കുന്ന സൂപ്പർ ലീഗ് സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC U-19 World Cup 2022