ഇന്റർഫേസ് /വാർത്ത /Sports / IND vs ENG | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലെന്ന് സൗരവ് ഗാംഗുലി; മറുപടിയുമായി മൈക്കല്‍ വോണ്‍

IND vs ENG | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലെന്ന് സൗരവ് ഗാംഗുലി; മറുപടിയുമായി മൈക്കല്‍ വോണ്‍

News18

News18

ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നായിരുന്നു സൗരവ് ഗാംഗുലി മത്സരശേഷം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്.

  • Share this:

ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര വിജയമായിരുന്നു. കോഹ്ലിയും കൂട്ടരും നേടിയെടുത്ത ഈ ജയത്തെ അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയം ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും നേടിയെടുത്തത്. ഓവലില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായി. അരനൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓവലില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.

ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും ഒരു ദിവസത്തില്‍ തന്നെ വീഴ്ത്തിയാണ് ഇന്ത്യ ജയം നേടിയത്. ബൗളര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാതിരുന്ന പിച്ചിലാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് ഈ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. നേരിയ വിജയസാധ്യത കണ്ടാല്‍ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

മത്സരത്തിലെ വിജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും തമ്മില്‍ ചെറിയ വാക്‌പോരും നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നായിരുന്നു സൗരവ് ഗാംഗുലി മത്സരശേഷം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്.

'മികച്ച പ്രകടനം. വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാല്‍ ഏറ്റവും വലിയ വ്യത്യാസം സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്.ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്'- ഗാംഗുലി ട്വീറ്റ് ചെയ്തു. ഗാംഗുലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത വോണ്‍ ഇന്ത്യന്‍ ടീം ടെസ്റ്റില്‍ അങ്ങനെയാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ അല്ലെന്നാണ് മറുപടി നല്‍കിയത്.

ഓവലിലെ ജയത്തിലൂടെ ഐ സി സി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യന്‍ ടീം എത്തി. 26 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 54.17 ആണ് ഇന്ത്യയുടെ വിജയശതമാനം. 12 വീതം പോയിന്റുമായി പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഒരു വിജയവും ഒരു തോല്‍വിയും ഇരുടീമുകളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിറകിലായതുമൂലം ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്താനും വിന്‍ഡീസിനും ഇത് 50 ശതമാനമാണ്.

ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇപ്പേള്‍ നടക്കുന്നത്. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പോയിന്റോടെ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ന്യൂസിലന്‍ഡിന് മുന്നില്‍ വീഴുകയായിരുന്നു.

First published:

Tags: Cricket news England tour, India Vs England, Michael vaughen, Sourav ganguly