IND vs NZ | 'ആശാന്റെ വക ചില പൊടിക്കൈകൾ'; പരിശീലനത്തിനിടെ പൂജാരയ്ക്ക് ബാറ്റിംഗ് തന്ത്രങ്ങൾ ഉപദേശിച്ച് ദ്രാവിഡ്; രണ്ടാം ടെസ്റ്റിനുള്ള ഒരുക്കം തകൃതിയിൽ
- Published by:Naveen
- news18-malayalam
Last Updated:
മോശം ഫോമിലൂടെ കടന്നുപോകുന്ന പൂജാരയെ കൈപിടിച്ച് ഉയർത്താൻ ദ്രാവിഡിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്.
ന്യൂസിലൻഡിനെതിരായ (IND vs NZ) ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് (Second Test) നാളെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിൽ നിൽക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (World Test Championship) ഭാഗമാണ് പരമ്പര എന്നതിനാൽ ഇരു ടീമുകൾക്കും നിർണായകമാണ് നാളെ ആരംഭിക്കുന്ന ടെസ്റ്റ്. ഇന്ത്യയിൽ വെച്ച് നടക്കുന്ന പരമ്പരയായതിനാൽ കിവീസിനെതിരെ ജയം നേടുക എന്നത് തന്നെയാകും ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റിൽ പുറത്തിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (Virat Kohli) തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
കോഹ്‌ലി എത്തുന്നതോടെ ടീമിൽ മധ്യനിരയിൽ ഏതെങ്കിലുമൊരു താരത്തിന് പുറത്തിരിക്കേണ്ടതായി വരും. മധ്യനിരയിൽ കളിക്കുന്ന ചേതേശ്വർ പൂജാര (Cheteshwar Pujara), അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യർ (Shreyas Iyer) എന്നിവരിൽ ആരെ പുറത്തിരുത്തുമെന്നതാണ് ഇന്ത്യൻ മാനേജ്‌മെന്റിനുള്ള തലവേദന. ഇന്ത്യൻ ടീമിലെ ടെസ്റ്റ് സ്പെഷലിസ്റ്റുകളാണ് പൂജാരയും രഹാനെയുമെങ്കിലും സമീപകാലത്ത് ഇരുവർക്കും ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. കാൺപൂരിലെ ടെസ്റ്റിലൂടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ ശ്രേയസ് അയ്യർ രണ്ട്‍ ഇന്നിങ്സിലും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെയാണ് ആരെ പുറത്തിരുത്തുമെന്ന കാര്യം കൂടുതൽ സങ്കീർണമായത്.
advertisement
ടീം സെലക്ഷന്റെ കാര്യത്തിൽ വെല്ലുവിളികൾ ഉണ്ടെങ്കിലും അവയൊന്നും മത്സരത്തിന്റെ ഒരുക്കങ്ങളെ ബാധിക്കുന്നില്ല, നാളെ ആരംഭിക്കുന്ന മത്സരത്തിനായി ഇന്ത്യൻ ടീം അവരുടെ പരിശീലനം തകൃതിയായി നടത്തുകയാണ്. പരിശീലന സെഷനിൽ ബാറ്റിങിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ദ്രാവിഡ് (Rahul Dravid) താരങ്ങൾക്ക് ചില തന്ത്രങ്ങൾ ഉപദേശിക്കുന്നതും കാണാമായിരുന്നു. ബിസിസിഐ പങ്കുവെച്ച ഇന്ത്യയുടെ പരിശീലന സെഷന്റെ ചിത്രങ്ങളിൽ ദ്രാവിഡ് താരങ്ങളെ ഉപദേശിക്കുന്നത് കാണാം. ഇതിൽ ദ്രാവിഡ് പൂജാരയ്ക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ചിത്രമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മോശം ഫോമിലൂടെ കടന്നുപോകുന്ന പൂജാരയെ കൈപിടിച്ച് ഉയർത്താൻ ദ്രാവിഡിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്.
advertisement
Prep in full swing 👍 💪#TeamIndia gearing up for the 2nd @Paytm #INDvNZ Test! 👌 👌 pic.twitter.com/EBxX9Q3Jjh
— BCCI (@BCCI) December 2, 2021
Also read- Virat Kohli |ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമാകുമോ? കോഹ്ലിയുടെ ഭാവി ഉടനറിയാം
ഇന്ത്യൻ ടീമിലെ ടെസ്റ്റ് സ്പെഷലിസ്റ്റ് ആയ പൂജാരയ്ക്ക് കഴിഞ്ഞ കുറച്ച് പരമ്പരകളിലായി കാര്യമായി തിളങ്ങാൻ കഴിഞ്ഞിട്ടില്ല. 2019 ജനുവരി 3-ന് സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 193 റൺസ് നേടിയ ശേഷം താരത്തിന് പിന്നീട് കളിച്ച 40 ഇന്നിങ്‌സുകളിൽ നിന്നും ഒരു സെഞ്ചുറി പോലും നേടാൻ താരത്തിന് കഴിഞ്ഞില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലും കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്ന താരം രണ്ടാം ടെസ്റ്റിൽ ടീമിൽ ഉണ്ടാകില്ല എന്നാണ് ആരാധകർ കരുതുന്നത്.
advertisement
സെഞ്ചുറി നേടാൻ കഴിയുന്നില്ലെങ്കിലും ഇക്കാലയളവിൽ പൂജാര 11 അർധസെഞ്ചുറികൾ നേടിയിരുന്നു. ഇതിൽ ഓസ്‌ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും താരം പുറത്തെടുത്ത മികച്ച പ്രകടനങ്ങളും ഉൾപ്പെടുന്നു. എന്നാലും ടെസ്റ്റ് ഫോർമാറ്റിൽ നിർണായകമായ സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന താരത്തിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. പൂജാരയും അത് നൽകാനുള്ള ശ്രമത്തിലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2021 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ | 'ആശാന്റെ വക ചില പൊടിക്കൈകൾ'; പരിശീലനത്തിനിടെ പൂജാരയ്ക്ക് ബാറ്റിംഗ് തന്ത്രങ്ങൾ ഉപദേശിച്ച് ദ്രാവിഡ്; രണ്ടാം ടെസ്റ്റിനുള്ള ഒരുക്കം തകൃതിയിൽ