നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എനിക്ക് ചുണയില്ലെന്ന് ആന്ദ്രേ നെല്‍ പറഞ്ഞു; സിക്‌സറിനു ശേഷമുള്ള ആഘോഷം നൃത്തമായിരുന്നില്ല': ശ്രീശാന്ത്

  'എനിക്ക് ചുണയില്ലെന്ന് ആന്ദ്രേ നെല്‍ പറഞ്ഞു; സിക്‌സറിനു ശേഷമുള്ള ആഘോഷം നൃത്തമായിരുന്നില്ല': ശ്രീശാന്ത്

  തുടര്‍ച്ചയായ ബൗണ്‍സറുകള്‍ എറിഞ്ഞ് നെല്‍ ചൊടിപ്പിച്ചതിനു പിന്നാലെയായിരുന്നു ശ്രീശാന്തിന്റെ സിക്‌സറും ആഘോഷവും.

  • Share this:
   വീണ്ടും ഒരു ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) പരമ്പരയ്ക്ക് കളമുണരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യന്‍ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, സച്ചിന്‍ തെണ്ടുല്‍ക്കറുടെ അമ്പതാം ടെസ്റ്റ് സെഞ്ചുറി... ഇങ്ങനെ നീളുന്നു ഇരു രാജ്യങ്ങളുടെയും പരമ്പരയിലെ കഥകള്‍.

   എന്നാല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര എന്ന് കേള്‍ക്കുമ്പോള്‍ മലയാളി ആരാധകര്‍ക്ക് ആദ്യം ഓര്‍മ വരിക ഇതൊന്നുമല്ല. 2006ലെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ആന്ദ്രെ നെല്ലിനെ സിക്‌സര്‍ അടിച്ച ശേഷം നൃത്തച്ചുവടുകളോടെ ആഘോഷിച്ച ശ്രീശാന്തിനേയാകും(S Sreesanth) അവര്‍ ഓര്‍ക്കുക. അന്ന് ആ ആഘോഷത്തിലേക്ക് നയിച്ച കാര്യമെന്താണെന്ന് ശ്രീശാന്ത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലയാളി പേസ് ബൗളര്‍.

   'അന്നു സംഭവിച്ചത് എന്താണെന്നു ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. നെല്‍ എന്നോടു കുറേ കാര്യങ്ങള്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ എനിക്ക് 5 വിക്കറ്റ് ലഭിച്ചിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ നെല്‍ എനിക്കെതിരെ ഒരു സിക്‌സടിച്ചു. നെല്‍ എന്നെ ലക്ഷ്യമിടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റുചെയ്യാനെത്തിയപ്പോള്‍ നീ എനിക്കു പോന്നവനല്ല എന്നു പറഞ്ഞു നെല്‍ എന്നെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു.'- ശ്രീശാന്ത് പറഞ്ഞു.

   'നിനക്ക് ഒരു ചുണയുമില്ല, മനസ്സാന്നിധ്യവുമില്ല, എനിക്കു പോന്നവനല്ല എന്നു പറഞ്ഞ നെല്‍ എന്നെ ചീത്തയും വിളിച്ചു. പിന്നീടു ഞാന്‍ നെല്ലിനെ സിക്‌സടിച്ചപ്പോള്‍ എല്ലാവരും അതിനെ നൃത്തമെന്നു വിളിച്ചു. എന്നാല്‍ അതില്‍ ചെറിയ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഡാന്‍ഡായിരുന്നില്ല, മറിച്ച് അതൊരു കുതിരയോട്ടമായിരുന്നു. എനിക്കു ശരിയെന്നു തോന്നിയതാണു ഞാന്‍ ചെയ്തത്. 2002ല്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് പരമ്പര ജയിച്ചതിനു ശേഷം സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി ചുഴറ്റി ആഘോഷിച്ചതു പോലെയായിരുന്നു അത്.'- ശ്രീശാന്ത് പറഞ്ഞു.

   2006ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ 3-ാം ദിവസമായിരുന്നു നാടകീയ സംഭവങ്ങള്‍. തുടര്‍ച്ചയായ ബൗണ്‍സറുകള്‍ എറിഞ്ഞ് നെല്‍ ചൊടിപ്പിച്ചതിനു പിന്നാലെയായിരുന്നു ശ്രീശാന്തിന്റെ സിക്‌സറും ആഘോഷവും.
   Published by:Sarath Mohanan
   First published:
   )}