IND vs SA, ICC World Cup 2023 : ജന്മദിനത്തിൽ കോഹ്ലിക്ക് സെഞ്ച്വറി തിളക്കം; ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം
- Published by:Anuraj GR
- news18-malayalam
Last Updated:
India Vs South Africa (IND Vs SA), ICC ODI World Cup 2023 : സെഞ്ച്വറി നേടി ജന്മദിനം കളറാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ
കൊൽക്കത്ത: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. സെഞ്ച്വറി നേടി ജന്മദിനം കളറാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 121 പന്തിൽ 101 റൺസെടുത്ത വിരാട് കോഹ്ലി 10 ഫോറുകൾ നേടി. കോഹ്ലിയെ കൂടാതെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും(77) നായകൻ രോഹിത് ശർമ്മയും(24 പന്തിൽ 40 റൺസ്) ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൌണ്ടർ മാർക്കോ യാൻസന് തൊട്ടതെല്ലാം പിഴയ്ക്കുന്നതു കണ്ടുകൊണ്ടാണ് ഈഡൻ ഗാർഡൻസിൽ കളിത്തട്ടുണർന്നത്. വൈഡുകളും ഫോറുകളുമായി രണ്ടാം ഓവറിൽ യാൻസൻ വിട്ടുനൽകിയത് 17 റൺസ്. നായകൻ രോഹിത് ശർമ്മയുടെ കടന്നാക്രമണം കൂടിയായതോടെ കളി കൈയിൽനിന്ന് പോയ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക. ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ ബോളിങ് ചേഞ്ചായി എത്തിയ റബാഡ രോഹിതിനെയും വൈകാതെ കേശവ് മഹാരാജ് ശുഭ്മാൻ ഗില്ലിനെയും പുറത്താക്കി. ഇതോടെ ഇന്ത്യ 10 ഓവറിൽ രണ്ടിന് 93 എന്ന നിലയിലായി.
advertisement
പിന്നീട് ക്രീസിൽ ഒത്തുചേർന്ന കോഹ്ലി-ശ്രേയസ് അയ്യർ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ പുറത്തായതോടെ ഇന്ത്യയുടെ റൺ നിരക്ക് ഇടിഞ്ഞു. ലുങ്കി എങ്കിടിയാണ് അയ്യരെ പുറത്താക്കിയത്. പിന്നീട് കെ എൽ രാഹുൽ ക്രീസിൽ എത്തിയെങ്കിലും സ്കോറിങ് മന്ദഗതിയിലായി.
രാഹുലിനെ യാൻസന്‍റെ പന്തിൽ വാൻഡർ ഡസൻ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. അവസാന 10 ഓവറിൽ ഇന്ത്യയുടെ സ്കോറിങ് പിടിച്ചുനിർത്തുന്നതിൽ ഒരുപരിധി വരെ ദക്ഷിണാഫ്രിക്ക വിജയിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ 350-400 റൺസിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. സൂര്യകുമാർ യാദവ് 14 പന്തിൽ 22 റൺസെടുത്തു. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ടും ഇന്ത്യയുടെ സ്കോർ 326ൽ എത്തിക്കുന്നതിൽ നിർണായകമായി.
advertisement
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എങ്കിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
November 05, 2023 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA, ICC World Cup 2023 : ജന്മദിനത്തിൽ കോഹ്ലിക്ക് സെഞ്ച്വറി തിളക്കം; ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം