• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs Sri Lanka 3rd T20I| ‌ശ്രേയസ് അയ്യർക്ക് തുടർച്ചയായ മൂന്നാമത്തെ അർധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

India Vs Sri Lanka 3rd T20I| ‌ശ്രേയസ് അയ്യർക്ക് തുടർച്ചയായ മൂന്നാമത്തെ അർധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

രോഹിത് ശർമയ്ക്ക് കീഴില്‍ തുടര്‍ച്ചയായ 12-ാം ട്വന്റി 20 വിജയം. റെക്കോർഡ്.

  • Share this:
    ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ട്വന്റി 20 യില്‍ ആറുവിക്കറ്റിനാണ് ഇന്ത്യൻ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ശ്രേയസ് 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

    രോഹിത് ശർമയ്ക്ക് കീഴില്‍ തുടര്‍ച്ചയായ 12-ാം ട്വന്റി 20 വിജയമാണിത്. തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. നേരത്തേ അഫ്ഗാനിസ്ഥാന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത ട്വന്റി 20 യില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഈ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാകും. ഈ വിജയത്തോടെ ഇന്ത്യ രോഹിതിന് കീഴില്‍ തുടര്‍ച്ചയായി മൂന്ന് ട്വന്റി 20 പരമ്പരകള്‍ തൂത്തുവാരുകയും ചെയ്തു.

    147 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ഒന്‍പത് പന്തുകളില്‍ നിന്ന് വെറും 5 റൺസ് മാത്രമെടുത്ത രോഹിത്തിനെ ദുഷ്മന്ത ചമീര ചമിക കരുണരത്‌നെയുടെ കൈയ്യിലെത്തിച്ചു. രോഹിതിന് പകരം ശ്രേയസ് അയ്യര്‍ സഞ്ജുവിന് കൂട്ടായെത്തി.

    സഞ്ജുവും ശ്രേയസും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ നന്നായി കളിച്ചുവന്ന സഞ്ജുവിനെ മടക്കി ചമിക കരുണരത്‌നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. 12 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെ സഹായത്തോടെ 18 റണ്‍സെടുത്ത സഞ്ജുവിനെ കരുണരത്‌നെ വിക്കറ്റ് കീപ്പര്‍ ചണ്ഡിമലിന്റെ കൈയിലെത്തിച്ചു. സഞ്ജുവിന് പകരം വന്ന ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ശ്രേയസ് തകര്‍ത്തടിച്ചു. ആദ്യ പത്തോവറില്‍ ഇന്ത്യ 86 റണ്‍സെടുത്തു. എന്നാല്‍ 11-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹൂഡയെ ക്ലീന്‍ ബൗള്‍ഡാക്കി ലാഹിരു കുമാര ശ്രീലങ്കയ്ക്ക് ബ്രോക്ക് ത്രൂ നൽകി. 16 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്താണ് ഹൂഡ മടങ്ങിയത്.

    ഹൂഡയ്ക്ക് പകരമായി ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് വരവറിയിച്ചു. പിന്നാലെ 12ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 29 പന്തുകളില്‍ നിന്നാണ് ശ്രേയസ് അര്‍ധസെഞ്ചുറി നേടിയത്. പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

    ഇതിനിടെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വെങ്കടേഷ് അയ്യര്‍ പുറത്തായി. കുമാരയുടെ പന്തില്‍ സിക്‌സ് നേടാനുള്ള അയ്യരുടെ ശ്രമം പകരക്കാരനായ ജയവിക്രമ കൈയ്യിലൊതുക്കി. ഇതോടെ ഇന്ത്യ 103 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. വെങ്കടേഷിന് പകരമായി രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. ശ്രദ്ധയോടെ കളിച്ച ജഡേജ ശ്രേയസിന് മികച്ച പിന്തുണ നല്‍കി. വൈകാതെ ഇന്ത്യ 16.5 ഓവറില്‍ വിജയത്തിലെത്തി. ശ്രേയസ് 73 റണ്‍സെടുത്തും ജഡേജ 15 പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

    ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീരയും കരുണരത്‌നെയും ഓരോ വിക്ക് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. വെറും 38 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്ത് ഒറ്റയ്ക്ക് പൊരുതിയ നായകന്‍ ദാസണ്‍ ഷനകയാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ 60 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയെ ഷനക ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 38 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു.

    ഇന്ത്യയ്ക്കായി ആവേശ് ഖാൻ 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 4 ഓവറിൽ 22 റൺസ് വഴങ്ങിയും ഹർഷൽ പട്ടേൽ 4 ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ് 4 ഓവറിൽ 32 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

    ക്യാപ്റ്റന് പുറമേ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രമാണ്. 25 റൺസെടുത്ത ദിനേഷ് ചണ്ഡിമൽ, 12 റൺസുമായി പുറത്താകാതെ നിന്ന ചാമിക കരുണരത്‌നെ എന്നിവർ. ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലായിരുന്നു ലങ്ക. 60 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളും നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ദസൂൺ ഷാനക - ചാമിക കരുണരത്നെ സഖ്യമാണ് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. 47 പന്തുകൾ നേരിട്ട ഈ സഖ്യം ശ്രീലങ്കൻ സ്കോർ ബോർഡിൽ 86 റൺസ് കൂട്ടിച്ചേർത്തു.

    ആദ്യ ഓവറിൽത്തന്നെ ധനുഷ്ക ഗുണതിലകയെ ഗോൾഡൻ ഡക്കിന് മടക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തു നേരിട്ട് ഒരു റൺ മാത്രം നേടിയ നിസ്സങ്കയെ ആവേശ് ഖാൻ പുറത്താക്കി. വെങ്കടേഷ് അയ്യർക്ക് ക്യാച്ച്. ചാരിത് അസാലങ്കയേയും ആവേശ് ഖാൻ തന്നെ മടക്കി. ആറു പന്തിൽ നാലു റൺസെടുത്ത അസാലങ്കയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്ത് പുറത്താക്കി.

    നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, ഇഷാൻ കിഷൻ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുൽദീപ് യാദവ്, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് എന്നിവർ ടീമിൽ ഇടംപിടിച്ചു.
    Published by:Rajesh V
    First published: