പെർത്തിൽ തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
Last Updated:
പെര്‍ത്ത്: ഓസ്ട്രേലിയൻ പേസാക്രമണത്തിന് മുന്നിൽ വാലറ്റം പൊരുതാതെ തകർന്നടിഞ്ഞപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 146 റൺസിനാണ് ഇന്ത്യയെ ഓസ്ട്രേലിയ തോൽപ്പിച്ചത്. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകലും ഓരോ കളി ജയിച്ച് ഒപ്പത്തിനൊപ്പമാണ്. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് ഓൾഔട്ടാകുകയായിരുന്നു. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെയും റിഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും തിളങ്ങിയത്. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍: ഓസ്‌ട്രേലിയ 326 & 243, ഇന്ത്യ 283 & 140
അഞ്ചിന് 112 എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് തുടർന്നത്. എന്നാല്‍ 28 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി ഇന്ത്യ അനിവാര്യമായ തോൽവിയിലേക്ക് എത്തുകയായിരുന്നു. ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അഞ്ചാംദിനം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കിയാണ് വിഹാരി മടങ്ങിയത്. അധികം വൈകാതെ റിഷഭ് പന്ത്, നഥാന്‍ ലിയോണിന്‍റെ പന്തിൽ പുറത്തായി. ഉമേഷ് യാദവിനെ സ്റ്റാര്‍ക്ക് സ്വന്തം പന്തിൽ പിടികൂടിയതോടെ ഓസീസിന്റെ വിജയത്തിന് തൊട്ടടുത്തെത്തി. തുടര്‍ന്ന് കമ്മിൻസ് എറിഞ്ഞ ഓവറിൽ ഇഷാന്ത് ശര്‍മയേയും ബുംറയേയും മടക്കി അയച്ചതോടെ ഓസ്ട്രേലിയ വിജയാഘോഷം തുടങ്ങി. ഇഷാന്തും ബുംറയും റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്.
advertisement
പരമ്പരയിലെ മൂന്നാമത്തെ മത്സരം ബോക്സിങ് ഡേയിൽ(ഡിസംബർ 26) മെൽബണിൽ ആരംഭിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 10:06 AM IST