India Vs England T20 | മാറ്റങ്ങൾ പാളി, കോഹ്ലിക്കു പിഴച്ചു; ഇന്ത്യ തോറ്റത് ഇങ്ങനെ
India Vs England T20 | മാറ്റങ്ങൾ പാളി, കോഹ്ലിക്കു പിഴച്ചു; ഇന്ത്യ തോറ്റത് ഇങ്ങനെ
ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കിയ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കണ്ടു. ജേസൺ റോയ് (49) ബാറ്റു കൊണ്ടും ജോഫ്ര ആർച്ചർ (3/23) ബോൾ കൊണ്ടും ഇന്ത്യയെ തകർക്കുകയായിരുന്നു.
england
Last Updated :
Share this:
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവി ഏറെ ദയനീയമായിട്ട് ആയിരുന്നു. ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കിയ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കണ്ടു. ജേസൺ റോയ് (49) ബാറ്റു കൊണ്ടും ജോഫ്ര ആർച്ചർ (3/23) ബോൾ കൊണ്ടും ഇന്ത്യയെ തകർക്കുകയായിരുന്നു. ടീമിൽ കൊണ്ടുവന്ന മാറ്റങ്ങളും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനങ്ങളും പിഴയ്ക്കുന്നതാണ് മൊട്ടേരയിലെ സ്റ്റേഡിയത്തിൽ കണ്ടത്.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ നേടിയ വിജയത്തിന്‍റെ തിളക്കത്തിൽ ഈ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ടീമിൽ കൊണ്ട് വന്ന മറ്റങ്ങളൊന്നും ഇന്ത്യക്കായി ഫലം കണ്ടില്ല. രോഹിത് ശർമയെ പുറത്തിരുത്തി ധവാനെയും രാഹുലിനെയും ഓപ്പണിങ്ങിൽ കൊണ്ട് വന്ന കോഹ്‌ലിയുടെ തീരുമാനം പാളി പോയി എന്ന് വേണം പറയാൻ. ഇന്ത്യയുടെ സ്കോർ രണ്ടിൽ നിൽക്കെ രാഹുൽ അർച്ചറുടെ പന്തിൽ ബോൾഡായി പുറത്തായി. പുറകെ വന്ന കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദിൽ റഷീദിനെ ബൗണ്ടറി അടിക്കാൻ ശ്രമിച്ച കോഹ്‌ലിയെ ജോർദാന്‍റെ കൈകളിലേക്ക് എത്തിച്ച് റഷീദ് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകി. പവർ പ്ലേ തീരുന്നതിന് മുന്നേ തന്നെ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ തിരികെ പവലിയനിൽ എത്തിയിരുന്നു.
റിഷഭ് പന്ത് ആർച്ചറെ റിവേഴ്സ് സ്വീപിൽ സിക്‌സിന് പറത്തി തുടങ്ങിയെങ്കിലും വൈകാതെ പുറത്തായി. ശ്രേയസ് അയ്യരുടെ 67 റൺസാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഹാർദിക് പാണ്ട്യയെ (21 പന്തിൽ 19) കൂട്ടുപിടിച്ച അയ്യർ അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നെടുംതൂണായത്. പാണ്ഡ്യ പുറത്തായ ശേഷവും അയ്യർ കളി തുടർന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരിക്കുകയായിരുന്നു.
നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് ബോള് കൊണ്ട് കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞതുമില്ല. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് ബോളർമാർ ഇന്ത്യയെ ശരിക്കും വരിഞ്ഞു കെട്ടുകയായിരുന്നു. മറുവശത്ത് ഇംഗ്ലണ്ടിന്‍റെ വിജയം ആധികാരികമാക്കിയത് ജേസൺ റോയുടെയും ബട്ട്ലറുടെയും ബാറ്റിങ്ങായിരുന്നു. ഇരുവരും ആദ്യ ഓവർ മുതലേ ഇന്ത്യൻ ബോളർമാരെ നിർഭയം നേരിടുകയായിരുന്നു. അർഹിച്ച അർദ്ധ സെഞ്ച്വറിക്ക് ഒരു റൺ അകലെ റോയ് പുറത്തായെങ്കിലും ഇംഗ്ലണ്ട് അപ്പോഴേക്കും വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ബെയർസ്റ്റോയും മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയതീരത്ത് എത്തിച്ചു. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി ജയിച്ച് 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാം ടി20 മത്സരം ഞായറാഴ്ച നടക്കും. എല്ലാ മത്സരങ്ങളും അഹമ്മദാബാദിൽ ആണ് നടക്കുന്നത്.
Summary- England beat India in the 1st Twenty20 by 8 wickets Roy and Archer shines for England
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.