IND vs PAK World Cup 2023: ആവേശം വാനോളം; ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം അഹമ്മദാബാദിൽ

Last Updated:

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ പങ്കുവെച്ചത്

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2 മണിക്കാണ് മത്സരം. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ പങ്കുവെച്ചത്.  വിഐപികളടക്കം ഒരു ലക്ഷത്തിലേറെ പേർ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആവേശം ഉച്ഛസ്ഥായിലെത്തുന്ന മത്സരം. ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോൾ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ജയം പാക്കിസ്ഥാന് ഇന്നും കിട്ടാക്കനിയാണ്. ആ മധുരം തേടിയാണ് ബാബർ അസം പട നയിച്ചെത്തുന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരെ വീഴ്ത്താൻ എത്തുന്ന രണ്ടാം സ്ഥാനക്കാർക്ക് എന്ത് അത്ഭുതം സൃഷ്ടിക്കാനാകും എന്നാണ് അഹമ്മദാബാദിലെത്തുന്ന ഓരോ ക്രിക്കറ്റ് പ്രേമിയും ഉറ്റുനോക്കുന്നത്.
ഓസ്ട്രേലിയയെയും അഫ്ഗാനിസ്താനെയും അനായാസം മറികടന്നാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. നെതർലൻഡ്സിനോട് വിറച്ചെങ്കിലും ലങ്കയ്ക്ക് മുന്നിൽ ബാറ്റിംഗ് കരുത്ത് കാട്ടിയ പാക്കിസ്ഥാനും മൂന്നാം ജയം തേടുന്നു. വിരാട് കോലി, രോഹിത് ശർമ, രാഹുൽ എന്നിവർ മികവ് കാട്ടിയതും ബുംറ ന്യുബോളിൽ തിളങ്ങുന്നതും ഇന്ത്യക്ക് കരുത്താണ്. ഒപ്പം ശുഭ്മാൻ ഗിൽ ആരോഗ്യവാനെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനവും നീലപ്പടയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.
advertisement
എന്നാൽ ഗിൽ വന്നാൽ ആര് പുറത്തുപോകുമെന്നതാണ് ചോദ്യം. ഇഷാൻ കിഷനോ ശ്രേയസ് അയ്യർക്കോ സ്ഥാനമിളകും. ലോക റാങ്കിംഗിൽ രണ്ടാമനായ മുഹമ്മദ് സിറാജിന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം. പേസര്‍ മുഹമ്മദ് ഷമിയെ പുറത്തിരുത്തുന്നതിലാവട്ടെ വിമർശനമുയരുന്നുണ്ട്. മുഹമ്മദ് റിസ്വാൻ, അബ്ദുള്ള ശെഫീഖ്, സൗധ് ഷക്കീൽ എന്നിവർ തിളങ്ങി നിൽക്കുന്നതും ഹസൻ അലി വിക്കറ്റെടുക്കുന്നതും പാക്കിസ്ഥാന് ആത്മവിശ്വാസം നൽകുന്നു.
advertisement
എന്നാൽ പേര് കേട്ട പേസ് പട ക്ലിക്കാകാത്തതിന്റെ നിരാശയുണ്ട് അവർക്ക്. ഒപ്പം ബാബർ അസമും ഫഖർ സമാനും സ്കോർ ചെയ്യാത്തതിലെ ആശങ്കയും. ഇന്ത്യക്ക് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും പാക്കിസ്ഥാന് കീറാമുട്ടിയാണ്. രണ്ട് ടീമും അഹമ്മദാബാദിൽ ഇന്നലെ പരിശീലനത്തിനിറങ്ങി. ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിലുള്ള ഇന്ത്യ വിജയക്കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കണം. ബാബർ അസത്തിനും ഫഖർ സമാനും സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകരുതെന്ന് മാത്രം.
സിനിമാ-കായിക രംഗത്തെ പ്രമുഖര്‍ മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മത്സരം കാണാന്‍ വിഐപി പവലിനിയനിലുണ്ടാകുമെന്നാണ് സൂചന. ഗായകന്‍ ശങ്കര്‍ മഹാദേവന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs PAK World Cup 2023: ആവേശം വാനോളം; ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം അഹമ്മദാബാദിൽ
Next Article
advertisement
പാലക്കാടൻ ചൂടിൽ നിന്ന് കുളിരോടെ ബാംഗ്ലൂരേക്ക്; വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എ സി ബസ് ഫ്ലാഗോഫ്
പാലക്കാടൻ ചൂടിൽ നിന്ന് കുളിരോടെ ബാംഗ്ലൂരേക്ക്; വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എ സി ബസ് ഫ്ലാഗോഫ്
  • വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

  • പുതിയ കെഎസ്ആർടിസി എസി സീറ്റർ ബസ് സർവീസ് രാഹുൽ ഉദ്ഘാടനം ചെയ്തു

  • പാലക്കാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർഥ്യമായതെന്ന് രാഹുൽ

View All
advertisement