ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിൽ ഇനി നീണ്ട പര്യടനമാണുള്ളത്. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനായി ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇതിനുള്ള ഒരുക്കമെന്ന നിലയിൽ നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ് ഇന്ത്യന്‍ താരങ്ങൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യം ജൂണ്‍ 18ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പിന്നീട് ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഉൾപ്പെടുന്നു.
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം നീളുന്ന പര്യടനമായതിനാല്‍ ഇത്രയും നാൾ കുടുംബത്തെ പിരിഞ്ഞിരിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ തങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബിസിസിഐ യുകെ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും അവർ ആദ്യം അംഗീകരിച്ചില്ല.
എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിൽ വൈറസ് വ്യാപനം കുറഞ്ഞതിനാൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യം യുകെ ഗവൺമെന്റ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് താരങ്ങൾക്ക് കുടുംബത്തെയും ഒപ്പം കൂട്ടാനുള്ള അനുമതി നൽകി. ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസമാണ് ക്വാറന്റീൻ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം പരിശോധന നടത്തി നെഗറ്റീവ് എന്ന് തെളിയുന്ന മുറക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കാം. പര്യടനത്തിൽ കുടുംബം ഒപ്പമുള്ളത് താരങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാവും. താരങ്ങളുടെ മാനസിക സംഘർഷം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ബിസിസിഐ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.
You may also like:രോഹിത് ശര്‍മ ഫോമിലാണെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരം ഡബിള്‍ സെഞ്ചുറി നേടും; റമീസ് രാജജൂൺ 18ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായാണ്. ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള ഇന്ത്യക്ക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. കൂടാതെ തന്റെ കീഴിൽ ഇതുവരെ ഐസിസി കിരീടങ്ങൾ ഒന്നും ടീമിന് നേടാനായില്ല എന്ന പേരുദോഷവും ക്യാപ്റ്റൻ കോഹ്ലിക്ക് തിരുത്താം. എന്നാല്‍ ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നത് എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഇവിടുത്തെ സ്വിംഗ് തുണയ്ക്കുന്ന പിച്ചുകളിൽ ഇന്ത്യൻ ടീം എന്തുതരം പ്രകടനമാണ് പുറത്തെടുക്കാൻ പോകുന്നത് എന്നത് എല്ലാവരും ഉറ്റുനോക്കുന്നു.
പ്രത്യേകിച്ചും സമാന സാഹചര്യങ്ങളിൽ കളിച്ച് ശീലമുള്ള ന്യൂസീലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികൾ എന്നിരിക്കെ. വെല്ലുവിളികൾ ഒരുപാട് ഉണ്ടെങ്കിലും അടുത്തകാലത്ത് ഇന്ത്യ നേടിയ വിജയങ്ങൾ ഇത്തരം വെല്ലുവിളികൾ അവരുടെ മുന്നിൽ വന്നപ്പോൾ തന്നെയായിരുന്നു എന്നുള്ളത് അവരുടെ ആത്മവിശ്വാസം കൂട്ടും. ഇരു ഭാഗത്തും മികച്ച താരങ്ങൾ അണിനിരക്കുമ്പോൾ ശക്തമായ പ്രകടനം തന്നെ അരങ്ങേറും എന്ന് പ്രതീക്ഷിക്കാം.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ്. അടുത്തിടെ ഇന്ത്യയിൽ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോൾ അവരെ തകർത്തുവിട്ട ഇന്ത്യൻ ടീമിനെതിരെ പകരംവീട്ടാനുള്ള ഒരുക്കത്തിലാകും ഇംഗ്ലണ്ട് ടീം. മറുവശത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഇത് തിരുത്തികുറിക്കാൻ കൊഹ്ലിപ്പട ലക്ഷ്യമിടുന്നുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.