'ലോകകപ്പിന് ഇറങ്ങിയില്ലെങ്കിലും ഛേത്രി ലോകം കീഴടക്കിയ വര്‍ഷം'
Last Updated:
#ലിജിന്‍ കടുക്കാരം
ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങുണര്‍ത്തിയ വര്‍ഷമാണ് 2018. റഷ്യയില്‍ നടന്ന 21 ാം ലോകകപ്പില്‍ വന്‍മരങ്ങള്‍ തുടക്കത്തിലെ കടപുഴകിയപ്പോള്‍ ഫ്രാന്‍സായിരുന്നു ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയത്. ഫൈനലില്‍ ക്രൊയേഷ്യയെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ കിരീട ധാരണം. റഷ്യയുള്‍പ്പെടെ 32 ടീമുകളായിരുന്നു ലോകകപ്പിനായുള്ള പോരാട്ടത്തിനിറങ്ങിയത്. ഇത്തവണയും ലോക ഫുട്‌ബോള്‍ മത്സരത്തില്‍ കാഴ്ചക്കാരുടെ വേഷം മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെയും നായകന്‍ സുനില്‍ ഛേത്രിയെയും സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണ് 2018.
ദേശിയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പമാണ് ഇന്ത്യന്‍ നായകന്‍. ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞു എന്നത് അഭിമാന മുഹൂര്‍ത്തമാണ്. 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളാണ് സുനില്‍ ഛേത്രി നേടിയിരിക്കുന്നത്. ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി നേടിയിരിക്കുന്നതും 65 ഗോളുകളാണ് എന്നാല്‍ 128 മത്സരങ്ങളില്‍ നിന്നുമാണിത്.
advertisement
Also Read: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലില്‍ കളിക്കുന്ന താരങ്ങളില്‍ ഈ പട്ടികയില്‍ മുന്നിലുള്ളത്. 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് ക്രിസ്‌റ്റ്യോനോ നേടിയിരിക്കുന്നത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19 ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി 18 ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍.
advertisement
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലിലായിരുന്നു ഛേത്രിയുടെ സുവര്‍ണ്ണ നേട്ടം കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. ദേശീയ ജഴ്‌സിയില്‍ 100 മത്സരങ്ങളും കഴിഞ്ഞ് മുന്നേറുന്ന ഛേത്രിയുടെ ബൂട്ടിന്റെ പിന്‍ബലത്തില്‍ തന്നെയാണ് ഈ വര്‍ഷത്തെയും ഇന്ത്യയുടെ കുതിപ്പ്. കെനിയയുമായുള്ള മത്സരത്തിനു മുമ്പ് കളികാണാന്‍ എത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭ്യര്‍ത്ഥനയും അതേറ്റെടുത്ത് കാണികള്‍ സ്റ്റേഡിയം നിറച്ചതും ഇന്ത്യന്‍ ഫുട്‌ബോളിന് ശുഭ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

advertisement
സാഫ് കപ്പിന്റെ ഫൈനലില്‍ മാലിദ്വീപിനോട് 2- 1 ന് തോറ്റതാണ് ഈ വര്‍ഷത്തെ എടുത്തു പറയേണ്ട മറ്റൊരു നിമിഷം. ഫൈനല്‍ വരെ മികച്ച രീതിയില്‍ മുന്നേറിയ ഇന്ത്യയ്ക്ക് കിരീടം ഉയര്‍ത്താന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ടാണ്. ഫിഫ റാങ്കിങ്ങില്‍ 97 ാം സ്ഥാനത്താണെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.
Dont Miss: മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍
ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ആഭ്യന്തര ലീഗുകളുടെ സംഭവാന മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഐ ലീഗും ഐഎസ്എല്ലും, ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫിയുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നാഡീഞരമ്പുകളാണ്. 2018 ല്‍ ഐ ലീഗ് ചാമ്പ്യന്മാരായത് മിനര്‍വ പഞ്ചാബാണ്. ഇതാദ്യമായാണ് മിനര്‍വ ഐ ലീഗ് കിരീടം നേടുന്നത്. ലീഗിലെ 90 മത്സരങ്ങളില്‍ നിന്ന് 205 ഗോളുകള്‍ പിറന്നെന്നതും ശ്രദ്ധേയമായ കാര്യമാണ്.
advertisement
2018 ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയത് കേരളമാണെന്നത് മലയാളികള്‍ക്കും അഭിമാന നിമിഷമാണ്. പെനാല്‍റ്റിയിലൂടെ വിജയിയെ നിശ്ചയിച്ച മത്സരത്തില്‍ ബംഗാളിനെയായിരുന്നു കേരളം വീഴ്ത്തിയത്. ഇത് ആറാം തവണയാണ് സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിടുന്നത്. 2017- 18 സീസണില്‍ ഐഎസ്എല്ലില്‍ ചാമ്പ്യന്മാരായത് ചെന്നൈയ്ന്‍ എഫ്‌സിയാണ്.
ഏഴു വര്‍ഷത്തിനു ശേഷം ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയെന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരേനിമിഷം അഭിമാനവും പ്രതീക്ഷയും നല്‍കുന്ന കാര്യമാണ്. അമിത പ്രതീക്ഷയുടെ ഭാരമില്ലാതെയാണ് ഏഷ്യന്‍ കപ്പിനൊരുങ്ങുന്നതെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേരത്തെ പറഞ്ഞിരുന്നു. താരങ്ങളെല്ലാം മികച്ച ഫോമിലാണെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും പറഞ്ഞിട്ടുണ്ട്.
advertisement
You Must Read This: ഗോകുലം വീണു; ആരോസിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്
എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കൗമാര താരങ്ങള്‍ കാഴ്ചവെച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്. മികച്ച പ്രകടനവുമായി മുന്നേറിയ സംഘം ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു വീണത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയത്.
ലോക ഫുട്‌ബോളില്‍ റൊണാള്‍ഡോ- മെസി സമവാക്യം മാറ്റിയെഴുതിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ സൂപ്പര്‍ താര പരിവേഷവും 2018 ന്റെ മാത്രം പ്രത്യേകതയാണ്. ഈ വര്‍ഷത്തെ ഫിഫ ലോക ഫുട്‌ബോളര്‍, ബാലണ്‍ ഡി ഓര്‍, ഗോള്‍ഡന്‍ ബോള്‍, യുവേഫ പരുസ്‌കാരം എന്നിവയെല്ലാം ഈ റയല്‍ മാഡ്രിഡ് താരത്തിനാണ് ലഭിച്ചത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരും റയല്‍ മാഡ്രിഡാണ്. പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൈയ്യിലും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 6:40 PM IST