ശ്രീജേഷിന് പിന്നാലെ വനിതാ ഹോക്കി ടീം ഗോള്‍ കീപ്പറെയും പ്രശംസ കൊണ്ട് മൂടി ആരാധകര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഓസീസിന്റെ എട്ടു പെനല്‍റ്റി കോര്‍ണറുകളാണ് സവിത വിഫലമാക്കിയത്. സവിതയുടെ കരിയറിലെ രണ്ടാമത്തെ ഒളിമ്പിക്സ് കൂടിയാണിത്.
ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചുകൊണ്ട് ഇന്ത്യയുടെ വനിതാ ഹോക്കി ടീമും ഒളിമ്പിക്‌സ് സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. നേരത്തെ 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പുരുഷ ടീമും ഒളിമ്പിക്‌സിന്റെ സെമിയില്‍ കടന്നിരുന്നു.
ഇന്ന് നടന്ന ആവേശകരമായ ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. പ്രതിരോധത്തിലെ മികവുമായിട്ടായിരുന്നു വിജയം. ആദ്യം ഗോളടിച്ച് മുന്‍തൂക്കം നേടിയ ഇന്ത്യ പിന്നെ ഓസ്‌ട്രേലിയന്‍ മുന്നേറ്റങ്ങളെ തടഞ്ഞു. പെനാല്‍ട്ടി കോര്‍ണ്ണറുകളിലെ മികവ് ഓസീസും പുറത്തെടുത്തില്ല. അങ്ങനെ കിരീടം മോഹിച്ചെത്തിയ ടീം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത പൂനിയയുടെ മികച്ച സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഈ വിജയം പുരുഷ ടീമിനും ആത്മവിശ്വാസമായേക്കും.
advertisement
മത്സരത്തില്‍ സവിത നടത്തിയ ചെറുത്തു നില്‍പ്പുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആരാധകരുടെ പ്രശംസ നേടുന്നത്. ഇന്നലെ ശ്രീജേഷ് ഇന്ന് സവിത എന്നാണ് പുരുഷ-വനിതാ ഹോക്കി ടീം ഗോള്‍കീപ്പര്‍മാരുടെ പരിശ്രമത്തെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറയുന്നത്. മത്സരത്തില്‍ ഓസ്ട്രേലിയന്‍ നിര നടത്തിയ 9 നിര്‍ണ്ണായക മുന്നേറ്റങ്ങളും ഇന്ത്യ നിഷ്പ്രഭമാക്കി. ഓസീസിന്റെ എട്ടു പെനല്‍റ്റി കോര്‍ണറുകളാണ് സവിത വിഫലമാക്കിയത്. സവിതയുടെ കരിയറിലെ രണ്ടാമത്തെ ഒളിമ്പിക്സ് കൂടിയാണിത്. റിയോയിലെ കഴിഞ്ഞ ഗെയിംസിലും ടീമിന്റെ ഗോള്‍വല കാത്തത് സവിതയായിരുന്നു.
advertisement
ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളില്‍ തോറ്റ ഇന്ത്യന്‍ വനിതകള്‍ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു. ശേഷം നടന്ന നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാവണമെങ്കില്‍ അയര്‍ലന്‍ഡ് ടീം ബ്രിട്ടനെതിരെ തോല്‍ക്കണമെന്ന സ്ഥിതി വരികയായിരുന്നു. അങ്ങനെയിരിക്കെ ഭാഗ്യം ഇന്ത്യയെ തുണക്കുകയായിരുന്നു. പൂളില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നു രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.
അതേസമയം 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്സ് സെമിയില്‍ കടന്നിരിക്കുന്നത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്
advertisement
1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്‌സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങള്‍ ടോക്യോയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവര്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2021 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രീജേഷിന് പിന്നാലെ വനിതാ ഹോക്കി ടീം ഗോള്‍ കീപ്പറെയും പ്രശംസ കൊണ്ട് മൂടി ആരാധകര്‍