ലോകക്രിക്കറ്റില്‍ ആഷസിനെക്കാള്‍ മികച്ചത് ഇന്ത്യ- പാക് പരമ്പര: ഇന്‍സമാം ഉള് ഹഖ്
ലോകക്രിക്കറ്റില്‍ ആഷസിനെക്കാള്‍ മികച്ചത് ഇന്ത്യ- പാക് പരമ്പര: ഇന്‍സമാം ഉള് ഹഖ്
ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഇതു പുനരാരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന് ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ടി വി ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം തത്സമയ സംപ്രേഷണം നടക്കുമ്പോഴായിരുന്നു. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു. 2012/13 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പരയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്. ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിക്കാന്‍ പോയിട്ടുള്ളത് 2008 ലെ ഏഷ്യ കപ്പിന് വേണ്ടിയാണ്. 2013ന് ശേഷം ഐ സി സി ടൂര്‍ണമെന്റില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്.
ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പരമ്പര ചിര വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നു മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള് ഹഖ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഇതു പുനരാരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആഷസിനേക്കാള്‍ കൂടുതല്‍ പേര് പിന്തുടരുന്നത് ഇന്ത്യ- പാകിസ്താന് പരമ്പരയാണ്. ക്രിക്കറ്റെന്ന ഗെയിം ഇനിയും മെച്ചപ്പെടുന്നതിന് ഏഷ്യ കപ്പും ഇന്ത്യ- പാക് പരമ്പരയും നടക്കണമെന്നത് പ്രധാനമാണ്. അവിടെ നമുക്ക് പരസ്പരം ഏറ്റുമുട്ടാന്‍ കഴിയുന്നത് മഹത്തായ അനുഭവം തന്നെയാണ്. മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ യുവതലമുറയ്ക്കു സഹായിച്ചിട്ടുണ്ട്. സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്, ജാവേദ് മിയാന്‍ദാദ് തുടങ്ങി ആരുമാവട്ടെ യുവതാരങ്ങള്‍ക്കു ഇവരെ സമീപിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അവസരമായിരുന്നു ഈ പരമ്പരകള്‍ നല്‍കിയിരുന്നത്.
'ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇന്ത്യ- പാക് പരമ്പര. കളിക്കളത്തിലെത്തിയാല്‍ വലിയ വീറും വാശിയുമാണ് ഇരു ടീമിലെയും താരങ്ങള്‍ പുറത്തെടുക്കാറുള്ളത്. എന്നാല്‍ കളി കഴിഞ്ഞാല്‍ അവര്‍ പരസ്പരം ബഹുമാനിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത്തിരുന്നു. ഇന്ത്യ- പാക് പരമ്പര പുനരാരംഭിച്ചെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് പരമ്പര ഈ വര്‍ഷം പുനരാരംഭിക്കുമെന്ന സൂചനകള്‍ ഈയിടെ വന്നിരുന്നു. പാക് മാധ്യമമായ ഡെയിലി ജാന്‍ഗ് ആണ് ഇതിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഇന്ത്യയിലോ പാകിസ്ഥാനിലോ അല്ലാതെ മറ്റൊരു നിക്ഷ്പക്ഷമായ വേദിയില്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാകും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.