• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ചെന്നൈയെ തോളിലേറ്റി ഗെയ്ക്വാദ് (88*); മുംബൈക്ക് 157 റണ്‍സ് വിജയലക്ഷ്യം

IPL 2021 | ചെന്നൈയെ തോളിലേറ്റി ഗെയ്ക്വാദ് (88*); മുംബൈക്ക് 157 റണ്‍സ് വിജയലക്ഷ്യം

അഞ്ചോവറില്‍ വെറും 18 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്സ്മാന്മാരെ അവര്‍ക്കു നഷ്ടമായി. മൂന്നു പേരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അമ്പാട്ടി റായുഡു പരിക്കേറ്റു മടങ്ങുകയായിരുന്നു.

ruturaj-gaikwad-pti

ruturaj-gaikwad-pti

  • Share this:
    രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ തുടക്കം പാളിയെങ്കിലും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ഭേദപ്പെട്ട സ്‌കോറില്‍. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് ചെന്നൈ നേടിയത്. യുവതാരം റുതുരാജ് ഗെയ്ക്വാദ് പുറത്താകാതെ 88 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറികളും, നാല് സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

    ചെന്നൈ നിരയില്‍ ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി, അമ്പാട്ടി റായുഡു എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. അഞ്ചോവറില്‍ വെറും 18 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്സ്മാന്മാരെ അവര്‍ക്കു നഷ്ടമായി. മൂന്നു പേരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അമ്പാട്ടി റായുഡു പരിക്കേറ്റു മടങ്ങുകയായിരുന്നു.

    പേസര്‍ ആദം മില്‍നെയുടെ പന്ത് കൈമുട്ടില്‍ ഇടിച്ചു പിച്ചില്‍ വീണ താരം ബാറ്റിങ് തുടരാനാകാതെ ഡഗ്ഗൗട്ടിലേക്കു മടങ്ങുകയായിരുന്നു. പ്രാഥമിക അവലോകനത്തില്‍ പരുക്ക് അല്‍പം ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

    നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമില്ലാതെയാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈ ടീമിന്റെ നായകത്വം ഏറ്റെടുത്തിരിക്കുന്നത്.

    സീസണില്‍ ആദ്യ പാദത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ അവര്‍ മറികടന്നു. 34 പന്തില്‍ 87 റണ്ണടിച്ച കീറണ്‍ പൊള്ളാര്‍ഡാണ് അവസാനപന്തുവരെ നീണ്ട ആവേശപ്പോരില്‍ മുംബൈക്ക് ജയമൊരുക്കിയത്.

    നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍, കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മായ്ക്കുന്ന പ്രകടനം നടത്തുകയും അതുവഴി കിരീടം നേടുകയുമാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈ ക്യാപ്റ്റനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കാം ഇതെന്നതിനാല്‍ ചെന്നൈയുടെ സ്വന്തം 'തല'യ്ക്ക് വേണ്ടി കിരീടം നേടുക എന്നത് കൂടി അവര്‍ക്ക് മുന്നില്‍ ലക്ഷ്യമായുണ്ട്.

    കോവിഡ് വ്യാപനം മൂലം ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുമായിരുന്നു. കിരീടമാണ് ലക്ഷ്യമെന്നതിനാല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

    യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. സ്റ്റേഡിയങ്ങളിലെ ഗാലറികളില്‍ പരിമിത തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുക എന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയിലും ഇത്തവണത്തെ ഐപിഎല്‍ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകത്തെ വിവിധ ടീമുകളിലെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മിക്ക കളിക്കാരും ഐപിഎല്ലില്‍ ഭാഗമാണ്.
    Published by:Sarath Mohanan
    First published: