മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കല്‍ യുഎഇയില്‍ ടീമിനൊപ്പം ചേര്‍ന്നു. ഐ പി എല്‍ പുനരാരംഭിക്കുമ്പോള്‍ ടീമിന് പിന്തുണയുമായി സച്ചിനും ഉണ്ടാകും. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിവരം പങ്കുവച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ നടക്കാനിരിക്കെയാണ് ഞായറാഴ്ച താരമെത്തിയത്. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക.
മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുമ്ര, ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബത്തോടൊപ്പം ഇന്നലെ യുഎഇയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മൂവരും യുഎഇയില്‍ എത്തിയത്. മുംബൈ സ്ക്വാഡിനൊപ്പം ചേരും മുമ്പ് ആറ് ദിവസത്തെ ക്വാറന്റീനിലാണ് താരങ്ങള്‍. അബുദാബിയില്‍ എത്തിയ ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ മൂവരുടേയും ഫലം നെഗറ്റീവാണ്.
സച്ചിന്റെ വരവിനു മറ്റൊരു പ്രത്യേകതയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഐ പി എല്‍ മിനിലേലത്തില്‍ സച്ചിന്റെ മകന് അര്ജുന് തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തിരുന്നു. മുംബൈ ടീമിന്റെ ഭാഗമായ മകന് അര്‍ജുനോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ വരവിനിനു പിന്നിലുണ്ടെന്നതാണ് കൗതുകകരം.
ഇതാദ്യമായാണ് ഒരു പ്രൊഫഷണല്‍ ടീമില്‍ മകന് അര്‍ജുനോടൊപ്പം സച്ചിന് പ്രവര്‍ത്തിക്കാന്‍ പോവുന്നത്. നേരത്തേ അച്ഛന്റെ മേല്‍നോട്ടത്തില്‍ മുംബൈയുടെ നെറ്റ് ബൗളറായി പല തവണ അര്‍ജുനെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ മുംബൈ ടീമിന്റെ ഭാഗമായ ശേഷം ആദ്യമായി അര്‍ജുന്റെ പ്രകടനം വിലയിരുത്താനും ഉപദേശങ്ങള്‍ നല്‍കാനും സച്ചിനെത്തിയിരിക്കുകയാണ്. മുംബൈയ്ക്കു വേണ്ടി ഐപിഎല്ലില്‍ അര്ജുന് ഇനിയും അരങ്ങേറിയിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തിലായിരുന്നു അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താരപുത്രനെ ചാംപ്യന്മാര് വാങ്ങിയത്.
രോഹിത് ശര്‍മയ്ക്കു കീഴില്‍ ആറാമത്തെ ഐപിഎല്‍ കിരീടം തേടിയാണ് മുംബൈ ടീം യുഎഇയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും മുംബൈയ്ക്കായിരുന്നു കിരീടം. 2019ലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും കഴിഞ്ഞ തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും മുംബൈ കലാശപ്പോരില്‍ കീഴടക്കുകയായിരുന്നു. ഇത്തവണ ജേതാക്കളാകാനായാല്‍ ഹാട്രിക്ക് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ടീമായി മുംബൈ മാറും.
യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.