IPL 2021 | ത്രില്ലര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബ്; ടീം പ്ലേ ഓഫ് കാണാതെ പുറത്ത്
- Published by:Sarath Mohanan
- news18-malayalam
Last Updated:
മൂന്ന് വിക്കറ്റുമായി രവി ബിഷ്ണോയിയും രണ്ട് പേരെ മടക്കി മുഹമ്മദ് ഷമിയും ഒരു വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗും പഞ്ചാബിന് ജയമൊരുക്കുകയായിരുന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിങ്സ്. പഞ്ചാബിന്റെ 125 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്സിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരതമ്യേന കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്സിനെ പഞ്ചാബ് അവസാന ഓവര്‍ വരെ മുള്‍മുനയില്‍ നിര്‍ത്തി. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഹൈദരാബാദിന്റെ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടം പാഴായി.
തകര്‍പ്പന്‍ ഫോമില്‍ നിന്നിരുന്ന ജേസണ്‍ ഹോള്‍ഡര്‍ അവസാന പന്തില്‍ സിക്സര്‍ പറത്തി മല്‍സരം സമനിലയിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേഥന്‍ എല്ലിസിന്റെ പന്തില്‍ ഒരു റണ്ണെടുക്കാനെ ഹോള്‍ഡര്‍ക്ക് സാധിച്ചുള്ളൂ. 29 പന്തില്‍ അഞ്ച് സിക്സറുകള്‍ പറത്തിയാണ് ഹോള്‍ഡര്‍ 47 റണ്‍സെടുത്തത്. തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. വൃദ്ധിമാന്‍ സാഹ(31) ഒഴിച്ച് മറ്റൊരു താരത്തിനും സണ്‍റൈസേഴ്സിനായി ഫോം കണ്ടെത്താനായില്ല.
മൂന്ന് വിക്കറ്റുമായി രവി ബിഷ്ണോയിയും രണ്ട് പേരെ മടക്കി മുഹമ്മദ് ഷമിയും ഒരു വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗും പഞ്ചാബിന് ജയമൊരുക്കുകയായിരുന്നു. അതേസമയം എല്ലിസിന്റെ അവസാന ഓവര്‍ ത്രില്ലര്‍ ഷോയായി.
advertisement
Here's how the Points Table looks after Match 37 of the #VIVOIPL 👇#SRHvPBKS pic.twitter.com/SyQ52iqkNA
— IndianPremierLeague (@IPL) September 25, 2021
ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിംഗ്സില്‍ മൂന്ന് മാറ്റമുണ്ടായിരുന്നു. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്ല്‍, രവി ബിഷ്ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി.
advertisement
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയ്ല്‍ തിരിച്ചെത്തിയിട്ടും സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സേ എടുത്തുള്ളൂ. 27 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ പൂട്ടിയത്.
മറുപടി ബാറ്റിംഗില്‍ പേസര്‍ മുഹമ്മദ് ഷമി തുടക്കത്തിലെ സണ്‍റൈസേഴ്സിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(3 പന്തില്‍ 2), നായകന്‍ കെയ്ന്‍ വില്യംസണും(6 പന്തില്‍ 1) ഷമിക്ക് മുന്നില്‍ മൂന്ന് ഓവറുകള്‍ക്കിടെ വീണു. പവര്‍പ്ലേയില്‍ 20/2 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്സ്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച സ്പിന്നര്‍ രവി ബിഷ്ണോയ് കളി പഞ്ചാബിന്റെ വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്.
advertisement
അവസാന രണ്ട് ഓവറില്‍ സണ്‍റൈഡേഴ്സിന് 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അര്‍ഷ്ദീപിന്റെയും എല്ലിസിന്റേയും സ്ലോ ബോളുകള്‍ പഞ്ചാബിന് ജയമൊരുക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2021 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | ത്രില്ലര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബ്; ടീം പ്ലേ ഓഫ് കാണാതെ പുറത്ത്