കാത്തിരിപ്പുകൾക്ക് അവസാനം. ഒരിടവേളയ്ക്ക് ശേഷം ഐപിഎൽ ആവേശം വീണ്ടും നിറയുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ പെട്ട് നിർത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ പതിനാലാം സീസണിന് ഇന്ന് പുനരാരംഭം. ഇന്ത്യയിൽ നിന്നും യുഎഎയിലേക്ക് കളം മാറ്റി ചവിട്ടിയെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്ക് രണ്ടാം പാദം ആവേശപ്പൂരമാക്കാൻ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഇന്ന് നേർക്കുനേർ എത്തുന്നു. ഇന്ത്യൻ സമയം രാത്രി 7.30 ന് ദുബായിൽ വെച്ച് ഈ വമ്പന്മാർ ഒരിക്കൽ കൂടി നേർക്കുനേർ വരുമ്പോൾ ആവേശം കൊടുമുടി കയറുമെന്നുറപ്പാണ്.
ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ടൂർണമെന്റിലെ ബയോ ബബിളിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് മെയ് നാലിന് ടൂർണമെന്റ് നിർത്തുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. മെയിൽ ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ വെറും 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയായിരുന്നത്, ഇനി 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. ഇവ യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് നടക്കുക.
യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽ സ്റ്റേഡിയങ്ങളിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ പരിമിത തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുക എന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയിലും ഇത്തവണത്തെ ഐപിഎൽ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെ വിവിധ ടീമുകളിലെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെട്ട മിക്ക കളിക്കാരും ഐപിഎല്ലിൽ ഭാഗമാണ്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യമെങ്കിൽ, കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മായ്ക്കുന്ന പ്രകടനം നടത്തുകയും അതുവഴി കിരീടം നേടുകയുമാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈ ക്യാപ്റ്റനായ ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കാം ഇതെന്നതിനാൽ ചെന്നൈയുടെ സ്വന്തം 'തല'യ്ക്ക് വേണ്ടി കിരീടം നേടുക എന്നത് കൂടി അവർക്ക് മുന്നിൽ ലക്ഷ്യമായുണ്ട്.
സീസണിൽ ആദ്യ പാദത്തിൽ ഇരുവരും നേർക്കുനേർ എത്തിയപ്പോൾ ജയം മുംബൈക്കൊപ്പമായിരുന്നു. ചെന്നെെ ഉയര്‍ത്തിയ 219 റണ്‍ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ അവര്‍ മറികടന്നു. 34 പന്തില്‍ 87 റണ്ണടിച്ച കീറണ്‍ പൊള്ളാര്‍ഡാണ് അവസാനപന്തുവരെ നീണ്ട ആവേശപ്പോരില്‍ മുംബെെക്ക് ജയമൊരുക്കിയത്.
കഴിഞ്ഞ സീസണിൽ മങ്ങിയ പ്രകടനം നടത്തിയ ചെന്നൈ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവർക്ക് തിളങ്ങാൻ കഴിഞ്ഞു. ധോണി എന്ന ബാറ്റ്സ്മാന് തന്റെ പഴയ വീര്യം അതേപോലെ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ധോണി എന്ന ക്യാപ്റ്റന്റെ തന്ത്രങ്ങൾക്ക് ഇപ്പോഴും മൂർച്ചയുണ്ട് എന്നത് തെളിഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിൽ, പരിക്കിന്റെ പിടിയിലുള്ള ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുമോ എന്നത് സംശയമാണ്. താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണോ എന്ന് വിലയിരുത്തിയതിന് ശേഷമാകും കളിക്കുമോ ഇല്ലയോ എന്നതിൽ മാനേജ്‌മെന്റ് തീരുമാനം എടുക്കുക. ഡുപ്ലെസിയുടെ അഭാവത്തിന് പുറമെ ഇംഗ്ലീഷ് താരം സാം കറനും ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ക്വാറന്റീൻ പൂർത്തിയായിട്ടില്ല എന്നതാണ് താരത്തിന് ഇന്നത്തെ മത്സരം നഷ്ടമാവാൻ കാരണം. ഡുപ്ലെസി ഇറങ്ങിയില്ലെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദിനൊപ്പം റോബിൻ ഉത്തപ്പയെ ഓപ്പണിങ് സ്ഥാനത്ത് ചെന്നൈ ഇറക്കിയേക്കും.
മറുവശത്ത് മുംബൈ നിരയിൽ എല്ലാവരും സജ്ജരാണ്. അവരുടെ പ്രധാന താരങ്ങളെല്ലാം തന്നെ ഫോമിലാണ് എന്നുള്ളത് അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ബൗളിങ്ങിൽ ബുംറയും ബോൾട്ടുമാണ് അവരുടെ പ്രധാന ആയുധം, സ്പിന്നിൽ രാഹുൽ ചാഹറുമുണ്ട്. രോഹിത്, ഇഷാൻ, സൂര്യകുമാർ, ഡീ കോക്ക്, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിവരുൾപ്പെടുന്ന ലോകോത്തര ബാറ്റിംഗ് നിരയും അവർക്ക് സ്വന്തമായുണ്ട്. ടീമിലെ ഓൾ റൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിങ്ങും ബൗളിങ്ങും ഒപ്പം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കോവിഡ് വ്യാപനം മൂലം ഐപിഎൽ നിർത്തിവെക്കേണ്ടി വന്നപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുമായിരുന്നു. കിരീടമാണ് ലക്ഷ്യമെന്നതിനാൽ രണ്ടാം പാദത്തിലെ ആദ്യ മത്സരം ഇരുടീമുകൾക്കും നിർണായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Csk vs mi, Ipl, Ipl 14, IPL 2021, IPL UAE, MI vs CSK, MS Dhoni, Rohit sharma