IPL 2021|കമ്മിൻസിന് പകരം ടിം സൗത്തിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
IPL 2021|കമ്മിൻസിന് പകരം ടിം സൗത്തിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സൗത്തി അവസാനമായി ഐ പി എല്ലിൽ കളിച്ചത്.
Tim Southee Credits: Kolkata Knight Riders | Twitter
Last Updated :
Share this:
യുഎഇയിൽ നടക്കുന്ന രണ്ടാം പാദ ഐ പി എല്‍ മത്സരങ്ങൾക്കായി ന്യുസിലൻഡ് പേസര്‍ ടിം സൗത്തിയെ ടീമിലെടുത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം പാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്നറിയിച്ചിരുന്ന ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് പകരമാണ് കൊൽക്കത്ത സൗത്തിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിവി താരത്തെ ടീമിലെടുത്ത വിവരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
തുടരെ ആറ് വർഷം കളിച്ചതിന് ശേഷം 2020ലെ ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കാൻ ഇല്ലാത്തതിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തായി ഒരിടവേളയ്ക്ക് ശേഷമാണ് കിവി താരം വീണ്ടും ഐ പി എല്ലിലേക്ക് എത്തുന്നത്. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സൗത്തി അവസാനമായി ഐ പി എല്ലിൽ കളിച്ചത്. സൗത്തിയുടെ അഞ്ചാമത്തെ ഐപിഎല്‍ ടീമാണ് ഇത്. ഇതിന് മുൻപ് ഐ പി എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സൗത്തി ഇതിനുമുൻപ് കളിച്ചിട്ടുള്ളത്. ഐ പി എല്ലിൽ 40 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 28 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
ഐ പി എൽ സമയത്ത് നടക്കുന്ന ന്യുസിലൻഡ് - ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിൽ സൗത്തിക്ക് ഇടം ലഭിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും താരത്തിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല, തുടർന്നാണ് കൊൽക്കത്തയുമായി താരം കരാറിൽ എത്തിയത്. മുൻ ന്യുസിലൻഡ് താരമായ ബ്രണ്ടൻ മക്കല്ലം പരിശീലിപ്പിക്കുന്ന ടീമിലെ മൂന്നാം കിവി താരമാണ് സൗത്തി. സൗത്തിക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ടിം സീഫെർട്ട്, പേസർ ലോക്കി ഫെർഗുസൻ എന്നിവരാണ് കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കുന്ന മറ്റ് കിവി താരങ്ങൾ.
ഐ പി എല്ലിന്റെ 14ാ൦ സീസൺ കൊൽക്കത്തയ്ക്ക് അത്ര മികച്ചതായിരുന്നില്ല. കോവിഡ് വ്യാപനം മൂലം ഐ പി എൽ നിർത്തിവെക്കുമ്പോൾ ഏഴ് കളികളിൽ നിന്നും നാല് പോയിന്റുമായി എട്ടു ടീമുകളിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത നിൽക്കുന്നത്. എട്ട് കളികളിൽ നിന്നും 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ആണ് ഒന്നാം സ്ഥാനത്ത്. സെപ്റ്റംബർ 20ന് അബുദാബിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രണ്ടാം പാദത്തിൽ കൊൽക്കത്തയുടെ ആദ്യ മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.