ലോകത്തെ ടി20 ലീഗുകളിലെ ഏറ്റവും മികച്ച ലീഗായ ഐപിഎൽ മുഖം മിനുക്കാനൊരുങ്ങുന്നു. ടൂർണമെന്റ് ഘടനയിൽ അടിമുടി മാറ്റങ്ങൾ വരുത്താനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്. മാറ്റങ്ങൾ അടുത്ത സീസണിൽ പ്രാബല്യത്തിൽ വരും. ഇതിൽ പ്രധാന മാറ്റം ഐപിഎല്ലിൽ ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും മത്സരിക്കുക എന്നതാണ്. അടുത്ത സീസണിലേക്ക് രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി ചേരുന്നതോടെയാണ് ഈ മാറ്റം കൊണ്ടുവരാൻ ബിസിസിഐ തീരുമാനിച്ചത്.
പുതുതായി രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതോടെ നിലവിലെ ഘടനയനുസരിച്ച് ആകെ മത്സരങ്ങളുടെ എണ്ണം എണ്ണം 94ലേക്ക് .ഇത് ടൂർണമെന്റ് നീളാനും ഇടയാക്കും. എന്നാല്‍ ഇത്രയു മല്‍സരങ്ങള്‍ നടത്തുവാൻ രണ്ട് മാസക്കാലയളവ് മതിയാകില്ല എന്നതിനാലാണ് രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
രണ്ട് ഗ്രൂപ്പുകളായി തിരിക്കുമ്പോൾ മത്സരങ്ങളുടെ എണ്ണം 74ലേക്ക് ചുരുങ്ങുകയും ഇത് തീർക്കാൻ 60 ദിവസവും മതിയാകും എന്നത് കൂടി പരിഗണിച്ചാണ് ഈ അഴിച്ചുപണി നടത്താൻ ബിസിസിഐ തീരുമാനിച്ചത്. നിലവില്‍ എട്ട് ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഓരോ ടീമിനും 14 മത്സരങ്ങളാണ് ലഭിക്കുന്നത്. ഇത് ഹോം, എവേ രീതിയിൽ ഏഴ് വീതം മത്സരങ്ങളായി തിരിഞ്ഞാണ് കളിക്കുന്നത്. ഇങ്ങനെ കളിച്ച് അവസാനം പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുകയും ചെയ്യുന്നതാണ് രീതി.
അടുത്ത സീസണിൽ പത്ത് ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി തരംതിരിക്കും. അഞ്ച് വീതം ടീമുകൾ അണിനിരക്കുന്ന രണ്ട് ഗ്രൂപ്പുകളിൽ ഇവർ ഹോം, എവേ രീതികളില്‍ ഏറ്റുമുട്ടും. ഇതിൽ ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവർ പ്ലേഓഫ് യോഗ്യത നേടും.
ഇത്തരത്തിൽ ഗ്രൂപ്പുകളായി ഐപിഎല്ലിൽ ടീമുകൾ മുൻപും ഏറ്റുമുട്ടിയിട്ടുണ്ട്. 2011ൽ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ പുതുതായെത്തിയപ്പോള്‍ ഈ ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 2022ൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പുതിയ മാറ്റത്തെ കുറിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്.
"94 മത്സരങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റ് നടത്താൻ ബോർഡ് തയ്യാറല്ല. ഇത്രയും മത്സരങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിസന്ധികൾ ഉയരുന്നുണ്ട് എന്നതാണ് കാരണം. ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ നല്കുന്നവർക്കും ഇതിനോട് യോജിപ്പില്ല. ഇതിനു പുറമെ ഇത്രയും മത്സരങ്ങൾ ലീഗിൽ വന്നാൽ അത് വിദേശ താരങ്ങളുടെ ലഭ്യതയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ഇത്തരത്തിൽ വലിയൊരു വിൻഡോയിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനം വരും വർഷങ്ങളിൽ ഉണ്ടായേക്കും." ബിസിസിഐ ഒഫിഷ്യൽ വ്യക്തമാക്കി.
Also read- ഐ പി എല്‍ മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം; നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ
അടുത്ത സീസണിലെ ഐപിഎൽ മെഗാ താരലേലത്തിന് കൂടിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഈ ലേലം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഈയിടെ മെഗാ താരലേലം നടത്തുന്നതിനായുള്ള നടപടികളുമായി ബിസിസിഐ രംഗത്ത് വന്നിരുന്നു.
ഐ പി എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടക്കുന്നത്. പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി തന്നെ പുതിയ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബി സി സി ഐ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റില്‍ പുതിയ ഫ്രാഞ്ചെസികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. ഒക്ടോബറില്‍ പുതിയ ഫ്രാഞ്ചെസികള്‍ ഏതൊക്കെയാണെന്നും അറിയാന്‍ സാധിക്കും. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള മെഗാ ലേലം ഡിസംബറിലാകും നടക്കുക.
Summary
IPL to undergo major changes, next season of IPL might witness 10 teams divided into two groups fighting for the title
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.