ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗ് (IPL) പതിനാറാമത് സീസണ് മത്സരങ്ങള്ക്ക് മാര്ച്ച് 31ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സും ചെന്നൈ സൂപ്പര് കിംഗ്സും തമ്മിലാണ് ആദ്യ മത്സരം. നാല് തവണ ഐപിഎല് കീരിടം നേടിയ ടീമാണ് ചെന്നെ സൂപ്പര് കിംഗ്സ്. ആദ്യ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുക.
മാര്ച്ച് 31 മുതല് മെയ് 21 വരെയാണ് ഐപിഎല് മത്സരങ്ങള് നടക്കുക. പത്ത് ഫ്രാഞ്ചൈസികളും 7 എവേ മത്സരങ്ങളും 7 ഹോം മത്സരങ്ങളും കളിക്കും.
‘രാജസ്ഥാന് റോയല്സ് തങ്ങളുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള് ഗുവാഹത്തിയിലാകും കളിക്കുക. ബാക്കിയുള്ള മത്സരം ജയ്പൂരിലാകും കളിക്കുക. പഞ്ചാബ് കിംഗ്സ് തങ്ങളുടെ അഞ്ച് ഹോം മാച്ചുകള് മൊഹാലിയില് കളിക്കും. അവസാന രണ്ട് മാച്ച് ധര്മ്മശാലയിലാകും കളിയ്ക്കുക. ഡല്ഹി ക്യാപിറ്റല്സ്, രാജസ്ഥാന് റോയല്സ് എന്നിവരെയാണ് ഈ മത്സരങ്ങളില് പഞ്ചാബ് കിംഗ്സ് നേരിടുക. പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദിയും സമയവും പിന്നീടാകും അറിയിക്കുക.
ഐപിഎല്ലിന്റെ പതിനാറാം സീസണില് ഹോം ആന്റ് എവേ ഫോര്മാറ്റിലാണ് മത്സരം സംഘടിപ്പിക്കുക. ഏപ്രില് 1ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഈ ദിവസം പഞ്ചാബ് കിംഗ്സും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മൊഹാലിയില് നടക്കും. അതേ ദിവസം തന്നെ ലഖ്നൗ സൂപ്പര് ജയന്റ്സ് ലഖ്നൗവില് നടക്കുന്ന മത്സരത്തില് ഡല്ഹി ക്യാപിറ്റല്സിനെ നേരിടും. മെയ് 21ലെ അവസാന മത്സരം റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്സും തമ്മിലാണ്. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
2023-ലെ ഇന്ത്യന് പ്രീമിയര് ലീഗിന്റെ താരലേലത്തില് ഇംഗ്ലണ്ട് താരം സാം കറനെ പഞ്ചാബ് കിങ്സ് റെക്കോര്ഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. 18.50 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തില് പിടിച്ചത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില് വെച്ചായിരുന്നു താരലേലം നടന്നത്. 2021ല് ദക്ഷിണാഫ്രിക്കന് താരം ക്രിസ് മോറിസനെ രാജസ്ഥാന് റോയല്സ് സ്വന്തമാക്കിയ റെക്കോര്ഡ് തുകയായ 16.25 കോടി രൂപയാണ് കറന് മറികടന്നത്.
ഓസ്ട്രേലിയന് താരം കാമറൂണ് ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്സ് സ്വന്തമാക്കിയത്. ബെന് സ്റ്റോക്കിനെ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര് കിങ്സ് വിളിച്ചെടുത്തത്.
വെസ്റ്റ് ഇന്ഡീസ് താരം നിക്കോളാസ് പൂരന് വമ്പന് തുക നേടിയ കളിക്കാരുടെ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്. 16 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര് ജയന്റ്സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ലേലത്തില് ഏറ്റവും കൂടുതല് തുക നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്ഡും പൂരന് സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket match, IPL 2023