മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഐപിഎൽ 2026ലെ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശി ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് നിർദേശിച്ചിരുന്നു
രാജ്യത്ത് ഐപിഎൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് മറുപടിയായാണ് ഈ നീക്കം. ഐപിഎൽ 2026ലെ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശി ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് നിർദേശിച്ചിരുന്നു.
ബിസിസിഐയുടെ ഈ ആഹ്വാനത്തിന് പിന്നിൽ യുക്തിസഹമായ കാരണമൊന്നുമില്ലെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി. തുടർന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകൾക്ക് കത്തെഴുതുകയായിരുന്നു. ബിസിസിഐയുടെ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തുവെന്നും ഐപിഎൽ സംപ്രേക്ഷണം വിലക്കുന്നത് പൊതുതാത്പര്യമാണെന്നും കത്തിൽ പറയുന്നു.
''ഈ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഐപിഎല്ലിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിറുത്തിവയ്ക്കാൻ നിർദേശിക്കുന്നു. ശരിയായ അധികാരിയുടെ അംഗീകാരത്തോടെയും പൊതുതാത്പര്യം മുൻനിറുത്തിയുമാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്,'' കത്തിൽ പറയുന്നു.
advertisement
അതേസമയം ബംഗ്ലാദേശി താരത്തെ ഒഴിവാക്കാനുള്ള തങ്ങളുടെ ഉത്തരവിൽ വ്യക്തമായ ഒരു കാരണവും ബിസിസിഐ പറയുന്നില്ല. രാജ്യത്തെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്ന് അവർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഉയർന്നു വരുന്ന ബംഗ്ലാദേശ് വിരുദ്ധ വികാരത്തെ തുടർന്നാണ് ഈ നടപടിയെന്ന് കരുതുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ മതസംഘടനകൾ രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്. റഹ്‌മാനെ ഐപിഎല്ലിൽ നിലനിർത്തുന്നതിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും അതിന്റെ സഹ ഉടമയായ ഷാരൂഖ് ഖാനെതിരെയും അവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ വിവാദം ഐപിഎല്ലിനും അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 05, 2026 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്










