'കൊച്ചിയില്‍ ഇന്ന് മഞ്ഞക്കടലിരമ്പം'; ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈയുടെയും പ്രതീക്ഷിത ഇലവന്‍
Last Updated:
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന് കൊച്ചിയില്‍ നടക്കും. മുന്‍ സീസണുകളിലേതുപോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍ ആര്‍മിയായ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗ്യാലറി മഞ്ഞക്കടലായി മാറുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ ശക്തരായ കൊല്‍ക്കത്തയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
മറുവശത്ത് മുംബൈയാകട്ടെ ആദ്യ മത്സരത്തില്‍ ജംഷഡ്പൂരിനോട് തോല്‍ക്കുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ചതിനു ശേഷമായിരുന്നു മുംബൈയുടെ ആദ്യ മത്സരത്തിലെ തോല്‍വി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്തയെ കേരളം തോല്‍പ്പിച്ചത്. മുംബൈയെ ജംഷദ്പൂര്‍ തോല്‍പ്പിച്ചതും ഇതേ മാര്‍ജിനില്‍ തന്നെ.
ആദ്യ മത്സരത്തിലെ ടീമിനെ തന്നെ ഇന്നത്തെ മത്സരത്തിലും നിലനിര്‍ത്തിയാകും ഡേവിഡ് ജെയിംസ് ആദ്യ ഹോം മാച്ചിനിറങ്ങുന്നത്. മുന്നേറ്റത്തില്‍ വിദേശ താരങ്ങള്‍ മികച്ച് നിന്നതും ആദ്യ മത്സരത്തിനിറങ്ങിയ പതിനെട്ടുകാരന്‍ ധിരജ് സിങ് മികച്ച രീതിയില്‍ വലകാത്തതും ടീമിനു ശുഭ സൂചനങ്ങളാണ് നല്‍കുന്നത്.
advertisement
മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഹലിനെയും ഡംഗലിനെയും രണ്ടാം മത്സത്തിലും ആദ്യ ഇലവനില്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും വിനീതും പെക്കുസണും പുറത്തിരിക്കുന്നതാണ് ജെയിംസിന് തലവേദനയുണ്ടാക്കുക. കഴിഞ്ഞ മത്സരത്തില്‍ രണ്ടാംപകുതിയില്‍ കളത്തിലിറങ്ങിയ ഇരുതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
കൊച്ചിയിലെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടുമ്പോള്‍ സമനില പിടിക്കുക എന്ന ലക്ഷ്യമാകും മുംബൈയ്ക്കുണ്ടാവുക. ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നത് സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെന്നു കഴിഞ്ഞദിവസം മുംബൈ പരിശീലകന്‍ ഹോര്‍ഷെ കോസ്റ്റ പറഞ്ഞിരുന്നു.
advertisement
പ്രതീക്ഷിത ഇലവന്‍
ബ്ലാസ്‌റ്റേഴ്‌സ് (4-4-2): ധീരജ്, റാകിപ്, ജിങ്കന്‍, പെസിച്, ലാല്‍റുവാത്താര, വിനീത്, പെക്കൂസണ്‍, നിക്കോള, നര്‍സാരി, പോപ്ലാറ്റ്‌നിക്ക്, സ്റ്റൊയാനോവിച്ച്
മുംബൈ സിറ്റി എഫ്‌സി (4-2-3-1): അമരീന്ദര്‍, ചക്രബര്‍ത്തി, ഗൊയാന്‍, ക്ലിസുറ, ബോസ്, റായ്‌നിര്‍, ബിപിന്‍, റഫീഖ്, സൊഗൗ, മാഷാഡോ, ബാസ്‌റ്റോസ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊച്ചിയില്‍ ഇന്ന് മഞ്ഞക്കടലിരമ്പം'; ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈയുടെയും പ്രതീക്ഷിത ഇലവന്‍