റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ്ങ് ധോണി തന്റെ കരിയറിന്റെ അവസാനഘട്ടത്തിലാണുള്ളതെന്ന് നിസംശയം പറയാന്‍ കഴിയും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം നിലവില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ടി20 പരമ്പരയിലേക്ക് ധോണിക്ക് ക്ഷണം കിട്ടിയിരുന്നില്ല. ഇതിനു പുറമെ ഏകദിന ക്രിക്കറ്റിലും ഇന്ത്യന്‍ മുന്‍ നായകന്റെ ഫോം ചോദ്യം ചെയ്യപ്പെടുകയാണ്.
പല കോണുകളില്‍ നിന്നും ഫോം നഷ്ടത്തെക്കുറിച്ച് വിമര്ശനമുയരുന്നതിനോടൊപ്പം ധോണി ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങാത്തതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്ന് കഴിഞ്ഞു. 37 കാരനായ താരം രഞ്ജിയില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ധോണി രഞ്ജിയില്‍ കളിക്കാത്തതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് രഞ്ജി ടീം പരിശീലകന് രാജീവ് കുമാര്‍.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ധോണി ടീമില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് രാജീവ് കുമാര്‍ പറയുന്നത്. 'ധോണി ആഭ്യന്തര ലീഗില്‍ കളിക്കണമെന്ന സംസാരം സജീവമാണ്. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, ധോണി ടീമിലെത്തിയാല്‍ മറ്റൊരു യുവതാരത്തിനാകും അവസരം നഷ്ടമാവുക. ധോണി അങ്ങനെ ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിലവില്‍ അവസരം ലഭിക്കുന്ന ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ദേശീയ ശ്രദ്ധയാകര്‍ഷിക്കാനാണ് ടീമിലെ യുവതാരങ്ങള്‍ ശ്രമിക്കുന്നത്.' രാജീവ് കുമാര്‍ പറഞ്ഞു.
നാട്ടിലുള്ളപ്പോള്‍ ടീമിനെയും താരങ്ങളെയും സഹായിക്കാനും യുവതാരങ്ങളെ പരിശീലിപ്പിക്കാനും ധോണിയെത്താറുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഇന്ത്യ 2007 ല്‍ ടി20 കിരീടവും 2011 ല്‍ ഏകദിന കിരീടവും നേടിയത് ധോണിയുടെ നായകത്വത്തിന് കീഴിലായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.