മുംബൈ: ഇന്ത്യന്‍ ടീമിനെ ഏറ്റവും അടുത്തറിയുന്ന വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ. ടീമിന് ഗുണകരമാവുന്ന പല നിര്‍ദ്ദേശങ്ങളും പരിശീലകന്റെ സ്ഥാനം ഒഴിഞ്ഞതിനുശേഷവും കുംബ്ലെ മുന്നോട്ടുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ഓസീസ് പരമ്പരയില്‍ ഇന്ത്യ രണ്ടാം ടെസ്റ്റ് പരാജയപ്പെട്ടപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിനിറങ്ങേണ്ട ടീമിനെയും താരം നിര്‍ദ്ദേശിച്ചിരുന്നു. കുംബ്ലെയുടെ നിര്‍ദ്ദേശം സ്വീകരിച്ചതുപോലെത്തന്നെയായിരുന്നു ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിനിറങ്ങിയത്.
എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത് ഇന്ത്യയുടെ പരമ്പര ജയത്തെക്കുറിച്ച് കുബ്ലെ നടത്തിയ പ്രവചനമായിരുന്നു. നവംബറില്‍ ക്രിക്കറ്റ്‌നെക്സ്റ്റുമായി നടത്തിയ അഭിമുഖത്തില്‍ ഗൗരവ് കാല്‍റയോട് സംസാരിക്കവേയായിരുന്നു കുംബ്ലെയുടെ 'അത്ഭുത' പ്രവചനം. ഇന്ത്യ 2- 1 ന് പരമ്പര ജയിക്കുമെന്ന് മാത്രമായിരുന്നില്ല ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞത്. പരമ്പരയിലെ ഒരു മത്സരം സമനിലയാകുമെന്നും മഴയായിരിക്കും വില്ലനാവുക എന്ന പ്രവചനവും കുംബ്ലെ നടത്തിയിരുന്നു.
ഇന്ത്യ 2-1 ന് ജയിക്കുമെന്ന പ്രവചനം കുംബ്ലെ നടത്തിയപ്പോള്‍ ഒരു സമനിലയ്ക്കുള്ള സാധ്യത നിങ്ങള്‍ കാണുന്നുണ്ടോയെന്ന് കാല്‍റ ചോദിക്കുകയായിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് മഴ മത്സരത്തെ ബാധിക്കുമെന്ന പ്രവചനം താരം നടത്തിയത്. പരമ്പരയില്‍ ഒന്നാമത്തെയും മൂന്നാമത്തെയും മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാമത്തേത് ഓസീസ് ജയിക്കുകയും നാലമത്തേത് സമനിലയിലാവുകയുമായിരുന്നു.
സിഡ്‌നിയില്‍ നടന്ന നാലാം മത്സരമാണ് സമനിലയില്‍ കലാശിച്ചത്. മത്സരത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിലായിരുന്നു മഴ വില്ലനായത്. അഞ്ചാം ദിവസം മഴ കാരണം ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ വന്നതോടെയായിരുന്നു മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.