ശ്രീലങ്കയുടെ നായകസ്ഥാനത്ത് നിന്നും കരുണാരത്നെ പുറത്ത്; കുശാല്‍ പെരേര പുതിയ ക്യാപ്റ്റന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2019 ലോകകപ്പ് മുതലാണ് ദിമുത് കരുണാരത്നെ ശ്രീലങ്കയുടെ നായകനായി ചുമതലയേറ്റത്
ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനായി കുശാല്‍ പെരേരയെ ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ഇരുപത്തിയാറുകാരന്‍ കുശാല്‍ മെന്‍ഡിസ് ആണ് പുതിയ ഉപനായകന്‍. ദിമുത് കരുണാരത്നെയില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം കുശാല്‍ പെരേരയിലേക്ക് എത്തുന്നത്. വെറും 58 ശതമാനം വിജയം മാത്രമാണ് ഏകദിനങ്ങളില്‍ കരുണാരത്നെയ്ക്ക് ശ്രീലങ്കയ്ക്ക് വേണ്ടി നേടുവാന്‍ സാധിച്ചിട്ടുള്ളത്. ശ്രീലങ്കയുടെ 24ആം ഏകദിന ക്യാപ്റ്റനാണ് കുശാല്‍ പെരേര. ടി20 ഫോര്‍മാറ്റില്‍ ദാസുന്‍ ഷനക തന്നെയാണ് ശ്രീലങ്കയുടെ ക്യാപ്റ്റന്‍.
വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ കുശാല്‍ ശ്രീലങ്കയെ നയിക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. കരുണാരത്നെയെ ടീമില്‍ നിന്നുതന്നെ ഒഴിവാക്കാനാണ് സാധ്യത. 2019 ലോകകപ്പ് മുതലാണ് ദിമുത് കരുണാരത്നെ ശ്രീലങ്കയുടെ നായകനായി ചുമതലയേറ്റത്. ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കരുണാരത്നെയ്ക്ക് നിശ്ചിത ഓവറില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലായിരുന്നു. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ കൂടിയായ കരുണാരത്നെയ്ക്ക് കീഴില്‍ 58 ശതമാനം വിജയം മാത്രമാണ് ലങ്ക നേടിയത്. 17 മത്സരങ്ങളില്‍ പത്തെണ്ണം മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. വിജയശതമാനം താഴോട്ടു പോയതാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായതും.
advertisement
കരുണാരത്നേയ്ക്ക് ഏകദിന ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ അദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 75ലും താഴെയായിരുന്നു. ലോകകപ്പ് സൂപ്പര്‍ ലീഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 0-3 എന്ന രീതിയില്‍ ശ്രീലങ്കന്‍ ടീം പരാജയം ഏറ്റുവാങ്ങിയിരുന്നു.
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാനിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്.
advertisement
യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്‌നെയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അവരുടെ സീനിയര്‍ ഓള്‍ റൗണ്ടര്‍മാരിലൊരാളായ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രീലങ്കയുടെ നായകസ്ഥാനത്ത് നിന്നും കരുണാരത്നെ പുറത്ത്; കുശാല്‍ പെരേര പുതിയ ക്യാപ്റ്റന്‍