HOME » NEWS » Sports » LIONEL MESSI DREAMS BIG FOR WINNING COPA AMERICA TITLE MM

മികച്ച പ്രകടനത്തോടൊപ്പം കോപ്പ അമേരിക്ക കിരീടം കൂടിയാണ് തങ്ങളുടെ ലക്ഷ്യം; നയം വ്യക്തമാക്കി ലയണൽ മെസ്സി

കിരീടത്തിൽ കുറഞ്ഞതൊന്നും തൻ്റെ ലക്ഷ്യത്തിൽ ഇല്ലെന്ന് വെളിപ്പെടുത്തി അർജൻ്റൈൻ ഇതിഹാസവും ടീമിൻ്റെ നായകനുമായ ലയണൽ മെസ്സി

News18 Malayalam | news18-malayalam
Updated: June 1, 2021, 3:45 PM IST
മികച്ച പ്രകടനത്തോടൊപ്പം കോപ്പ അമേരിക്ക കിരീടം കൂടിയാണ് തങ്ങളുടെ ലക്ഷ്യം; നയം വ്യക്തമാക്കി ലയണൽ മെസ്സി
മെസ്സി
  • Share this:
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ മുൻനിര കിരീട പോരാട്ടമായ കോപ്പ അമേരിക്കയുടെ ഈ വർഷത്തെ ടൂർണമെന്റിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തൻ്റെ ലക്ഷ്യത്തിൽ ഇല്ലെന്ന് വെളിപ്പെടുത്തി അർജൻ്റൈൻ ഇതിഹാസവും ടീമിൻ്റെ നായകനുമായ ലയണൽ മെസ്സി. ദേശീയ ടീമിനൊപ്പം ഇതുവരെയും ഒരു സീനിയർ ലെവൽ കിരീടം പോലും സ്വന്തമായില്ലാത്ത താരം ആ കുറവ് നികത്താൻ ഉറച്ചാണ് ഈ വർഷം ഇറങ്ങുന്നത്.

ക്ലബ് തലത്തിൽ കിരീടങ്ങൾ നേടി മുന്നേറുമ്പോഴും തൻ്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി കിരീടങ്ങൾ നേടി കൊടുക്കുന്നില്ല എന്ന വിമർശനം മെസ്സിക്ക് നേരെ ഉയരാൻ തുടങ്ങിയിട്ട് കാലം കുറേയായി. തൻ്റെ നേരെ വരുന്ന ഈ വിമർശനങ്ങൾക്ക് കൂടി തക്കതായ മറുപടി നൽകാൻ വേണ്ടിയാകും താരം ഈ വർഷത്തെ ടൂർണമെൻ്റിൽ ബൂട്ട് കെട്ടുക.

ലാറ്റിൻ അമേരിക്കയിലെ മുൻനിര ഫുട്ബോൾ ടൂർണമെൻ്റായ കോപ്പ അമേരിക്കക്കുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ രാജ്യങ്ങൾ. ബ്രസീൽ, അർജൻ്റീന, ചിലി, യുറുഗ്വായ്, കൊളംബിയ എന്നിങ്ങനെ ശക്തരായ ടീമുകൾ അണിനിരക്കുന്ന ടൂർണമെൻ്റിൽ ലോകത്തിലെ മികച്ച താരങ്ങളും കളിക്കുന്നുണ്ട്. ഇവരുടെ മത്സരം കാണുവാനും ആരാധകർ കാത്തിരിക്കുകയാണ്. ഇതിന് പുറമെ ചിരവൈരികളായ ബ്രസീലും അർജൻ്റീനയും തമ്മിലുള്ള പോരാട്ടത്തിന് കൂടി കോപ്പ സാക്ഷ്യം വഹിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുന്ന ഈ മത്സരം കാണാം എന്ന പ്രതീക്ഷ ഉള്ളത് കൊണ്ടാണ് ഏവരും ഈ ടൂർണമെൻ്റിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത്.

നിലവിൽ കോപ്പ അമേരിക്കക്കു മുൻപ് ചിലി, കൊളംബിയ എന്നിവർക്കെതിരെ ലോകകപ്പ് യോഗ്യത മത്സരങ്ങളുള്ള അർജന്റീന ടീമിനൊപ്പം പരിശീലനം നടത്തുകയാണ് മെസ്സി അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനോട് സംസാരിക്കവെയാണ് കിരീടം തന്നെ തൻ്റെ ലക്ഷ്യം എന്ന് വെളിപ്പെടുത്തിയത്.

"വളരെ അസാധാരണവും വ്യത്യസ്‌തവുമായ ഒരു സാഹചര്യത്തെയാണ് നമ്മൾ കൈകാര്യം ചെയ്‌തു കൊണ്ടിരിക്കുന്നത്. സാധാരണ രീതിയിലുള്ള ക്യാമ്പ് ഞങ്ങൾക്ക് നടത്താനാവില്ല. മെല്ലെ മെല്ലെ ഞങ്ങൾ ഒരുമിച്ച് ചേരുകയും യോഗ്യത മത്സരങ്ങൾക്കായി കഠിനാധ്വാനം ചെയ്യുകയുമാണ്," മെസ്സി പറഞ്ഞു."ടീമിനായി മികച്ച പ്രകടനം നടത്താൻ ആവേശത്തോടെ ഞാൻ കാത്തിരിക്കയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും കിരീടം നേടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രകടനത്തിൽ തൃപ്തനല്ല. ഈ ടീം ഇനിയും മെച്ചപ്പെടാനുണ്ട്. അവസാനം നടന്ന യോഗ്യത മത്സരങ്ങളിൽ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ പിന്നീട് എല്ലാവർക്കും ഒപ്പം കളിക്കാൻ കഴിഞ്ഞിട്ടില്ല. ടൂർണമെൻ്റിൽ മികച്ച പ്രകടനവും കിരീടവും തന്നെയാണ് ലക്ഷ്യം. അതിനു മുന്നോടിയായി ഏറ്റവും പെട്ടന്നു തന്നെ ടീമെന്ന നിലയിൽ ഇണങ്ങിച്ചേർന്ന് താളം കണ്ടെത്തേണ്ടതുണ്ട്.

"ദേശീയ ടീമിനൊപ്പം കളിക്കുകയെന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. വിജയം തന്നെയാണ് ടീമിന്റെ ലക്ഷ്യം. ടീമിലെ യുവതാരങ്ങളും പരിചയസമ്പന്നരായ മറ്റു താരങ്ങളും അതിനായി മുന്നോട്ടു വന്നുകഴിഞ്ഞു. ലയണൽ സ്കെലോണിക്കു കീഴിൽ, അദ്ദേഹം ഉൾപ്പെടുത്തിയ താരങ്ങളെയും വെച്ച് ഞങ്ങൾ ഒത്തൊരുമയുളള ഒരു ടീമായി മാറിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്."

കഴിഞ്ഞ സീസണിൽ ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ അർജന്റീനക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അതിനു മുൻപുള്ള രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ ഫൈനലിൽ കീഴടങ്ങിയിരുന്നു. മികച്ച പ്രകടനവുമായി മെസ്സി കളം നിറയുമ്പോഴും പലപ്പോഴും തൻ്റെ സഹതാരങ്ങളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതാണ് അർജൻ്റീനയുടെ പ്രകടനത്തിൽ പ്രശ്നമാകുന്നത്. ഈ വർഷം കിരീടം നേടണമെങ്കിൽ ഈ പ്രശ്നത്തിന് കൂടി പരിഹാരം കണ്ടെത്തിയേ തീരൂ. ദേശീയ ജെഴ്സിയിൽ മെസ്സി ഒരു കിരീടം നേടുന്നത് കാണാൻ കൊതിക്കുന്ന ഒരുപാട് അരാധകരാണ് ഉള്ളത്. ഈ വർഷത്തെ ടൂർണമെൻ്റിൽ നിന്നും കിരീടം നേടി ഒരു സന്തോഷം നിറഞ്ഞ നിമിഷം നൽകാൻ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് കഴിയുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം.

Summary: Cannot be satisfied with good performance alone, Copa America title is the ultimate aim, says Lionel Messi
Published by: user_57
First published: June 1, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories