ലോകമെമ്പാടുമുള്ളവര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടാണ് മെസ്സിയുടെ പുതുവത്സരാശംസ.
‘ഈ വര്‍ഷത്തിന്റെ അവസാനം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ കണ്ട സ്വപ്നം സഫലമായിരിക്കുകയാണ്. എന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്ന കുടുംബം ഈ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചു. എന്നെ ഒരിക്കലും വീഴാന്‍ അനുവദിക്കാത്ത എന്റെ സുഹൃത്തുക്കളും ഈ വിജയത്തിന് കാരണമാണ്,’ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
അതേസമയം വിവിധ രാജ്യങ്ങളിലെ തന്റെ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതായും മെസ്സി പറഞ്ഞു. വേണ്ടത്ര പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയില്‍ താനെത്തുമായിരുന്നില്ലെന്നും വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘2023 എല്ലാവര്ക്കും വളരെയധികം സന്തോഷം നിറഞ്ഞ വര്‍ഷമായിരിക്കട്ടെ. ആയുരാരോഗ്യ സൗഖ്യവും സന്തോഷവും എല്ലാവര്ക്കും ഉണ്ടായിരിക്കട്ടെയെന്ന് നേരുന്നു’, മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം മെസ്സി ചേര്‍ത്തിരുന്നു.
Also read- ഖത്തർ ലോകകപ്പ് തകർപ്പൻ; ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് BBC സ്പോർട്സ് പോൾ
2022 എന്ന വര്‍ഷം മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു. ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കീരിടം നേടാനായി എന്നതാണ് പ്രധാന സവിശേഷത.
ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞത് മെസി ആണ്. ഫൈനലില്‍ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി.
ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റൊസാരിയോ തെരുവുകളിലേക്ക് ലോകകപ്പ് എത്തിയത്. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.