ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമോ എന്ന് അറിയുന്നതിനുള്ള നിര്‍ണായകമായ മത്സരമാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കുന്ന അവസാന മത്സരം. മത്സരം സമനിലയാകുകയോ വിജയിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് അഭിമാനകരമായ പരമ്പര വിജയം സ്വന്തമാകും. ഇംഗ്ലണ്ടിനാകട്ടെ, മാനം രക്ഷിക്കാന്‍ ജയം അനിവാര്യവുമാണ്.
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും അതിനേക്കാള്‍ വലിയ സംഭവം അതിനിടയില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്നുണ്ട്. ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഫുട്ബോള്‍ ആരാധകരുടെ മനസിലേക്ക് വരുന്ന ഒരു പേരുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ കഴിഞ്ഞ കുറേ കാലമായി മനസില്‍ സൂക്ഷിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സെപ്റ്റംബര്‍ 11 ന് നടക്കാന്‍ പോകുന്നത്. അവരുടെ സ്വന്തം സാക്ഷാല്‍ ക്രിസ്റ്റ്യാനോ വീണ്ടും ചുവന്ന കുപ്പായത്തില്‍ അരങ്ങേറും. ന്യൂകാസിലിനെതിരായാണ് മത്സരം.
അതുകൊണ്ടുതന്നെ ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് വേണ്ടത്ര പ്രാധാന്യം ലഭിക്കില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ക്രിസ്റ്റ്യാനോ വൈകുന്നേരം മൂന്നിന് (ഇന്ത്യന്‍ സമയം 7.30) നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വീണ്ടും ജേഴ്സി അണിയുന്നു. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് അപ്രസക്തമാകും. അന്നത്തെ ദിവസം ക്രിക്കറ്റിനെ മറന്നേക്കൂ. ആ ദിവസം ക്രിസ്റ്റ്യാനോയ്ക്ക് മാത്രമുള്ളതതാണ്.'' വോണ്‍ പറഞ്ഞു.
വോണിന്റെ വാക്കുകള്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പേജും പങ്കുവച്ചിട്ടുണ്ട്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡലിലേക്കുള്ള ഗംഭീരമായ തിരിച്ചുവരവ് ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മറ്റൊരു കൗതുകം എന്തെന്ന് വച്ചാല്‍ ഈ മത്സരം നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമാണ് അകലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുന്ന ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം.
അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടാം വരവില്‍ ആദ്യം കോച്ച് ഒലേ സോള്‍ഷെയറുമായി കൂടിക്കാഴ്ച നടത്തി. യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന സോള്‍ഷെയര്‍ ഇപ്പോഴത്തെ താരങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്നാണ് റൊണാള്‍ഡോ യുണൈറ്റഡ് താരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയത്.
അയര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡുമായാണ് യുണൈറ്റഡില്‍ തിരിച്ചെത്തിയിരിക്കുന്നത്. 180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണാണ് ദേശീയ ജേഴ്സിയില്‍ റൊണാള്‍ഡോ അടിച്ചുകൂട്ടിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.