ലോകക്രിക്കറ്റിലെ വമ്പന്മാരുടെ പട്ടികയിൽ മുൻ നിരയിൽ തന്നെ സ്ഥാനമുള്ള ടീമാണ് ഇന്ത്യയുടേത്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിനായി ഇന്ത്യൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എം എസ് ധോണിയിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത കോഹ്ലി ടീമിനെ ഉന്നതിയിലേക്ക് നയിക്കുന്നുണ്ടെങ്കിലും ഐ സി സിയുടെ പ്രധാന ട്രോഫികൾ ഒന്നും തന്നെ ഇന്ത്യയിലേക്ക് എത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു സ്വകാര്യ ദുഖമാണ്. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് വരാനിരിക്കുന്ന ഫൈനൽ അഭിമാന പ്രശ്നം കൂടിയാണ്.
സ്വന്തം നാട്ടിലും വിദേശത്തുമായി ഇന്ത്യൻ ടീം വിജയങ്ങൾ കൊയ്തു കൊണ്ടിരിക്കുകയാണ്. തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കിയിരുന്നു. അതിൽ ചരിത്രപ്രാധാന്യമുള്ള ഗാബ്ബയിലെ അവസാന ജയവും. ശേഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. കോഹ്ലിയും കൂട്ടരും ഇത്തരത്തിൽ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുമ്പോഴും പരിശീലകൻ രവി ശാസ്ത്രിയെ എല്ലാവരും വിസ്മരിക്കുന്നുണ്ട്. ഇപ്പോൾ രവി ശാസ്ത്രിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ക്രഡിറ്റ് വിരാട് കോഹ്ലിക്കല്ലെന്നും അത് പരിശീലകന്‍ രവി ശാസ്ത്രിക്ക് അര്‍ഹതപ്പെട്ടതാണെന്നുമാണ് പനേസർ അഭിപ്രായപ്പെട്ടത്. 'അവസാന കുറച്ച് മാസങ്ങളായുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ കോഹ്ലിയുടെ ഇന്ത്യന്‍ ടീം എന്നതിലുപരി രവി ശാസ്ത്രിയുടെ ഇന്ത്യന്‍ ടീമെന്നാണ് പറയാന്‍ സാധിക്കുക. എനിക്ക് അങ്ങനെയാണ് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ ടീമിനുള്ളില്‍ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്തായ ശേഷം സംഭവിച്ചത് അത്ഭുതമാണ്. വിരാട് കോഹ്ലിയില്ലാതെ അവര്‍ പരമ്പര നേടിയിരുന്നു. അതും പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലായിട്ടും. അതിന് പിന്നില്‍ രവി ശാസ്ത്രിയെന്ന പരിശീലകന്റെ മികവാണുള്ളത്'- പനേര്‍സര്‍ വിശദമാക്കി.
Also Read- ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയെ സഞ്ജു സാംസൺ നയിക്കണം, കാരണം വിശദമാക്കി ഡാനിഷ് കനേരിയ
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 36 റൺസിന് ഇന്ത്യ ഓൾ ഔട്ടായപ്പോൾ 'ആ 36 നിങ്ങൾ ഒരു ബാഡ്ജ് ആയി അണിയൂ എന്നാണ് രവി ശാസ്ത്രി താരങ്ങളോട് പറഞ്ഞത്. അവിടെ നിന്നാണ് സീനിയർ താരങ്ങളുടെ അഭാവത്തിലും രവിശാസ്ത്രി, ഓസിസ് ടീമിന്റെ കുത്തകയായ ഗാബ്ബയിൽ വരെ അവരെ തകർത്ത് പരമ്പര നേടിയത്. ഇത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കോഹ്ലിയേക്കാൾ പ്രാധാന്യമർഹിക്കുന്നത് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി ആണെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജയും അഭിപ്രായപ്പെട്ടിരുന്നു. ടീമിന്റെ നടത്തിപ്പുകാരൻ എന്ന നിലയിൽ രവി ശാസ്ത്രിയുടെ കടമ വളരെ വലുതാണെന്നും കളിക്കാരെ തോൽവിയിലും ജയത്തിലും ദൃഢനിശ്ചയത്തോടെ നല്ല രീതിയിൽ ചിന്തിക്കാൻ പഠിപ്പിക്കുന്നതും അദ്ദേഹമാണെന്നും ജഡേജ വ്യക്തമാക്കി.
News summary: Monty Panesar says that Ravi Shastri has a bigger influence in India' victories than Virat Kohli.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket news, India victories, Monty Panesar, Ravi Shastri, Virat kohli