ഇത്തവണത്തെ ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ നിരാശരായ ഇന്ത്യന്‍ ആരാധകരുടെ മുന്നിലുണ്ടായിരുന്നത് വരാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും അതിനുശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുമായിരുന്നു. എന്നാല്‍ അതിനിടയില്‍ ജൂലൈ മാസത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ശ്രീലങ്കയില്‍ പര്യടനത്തിനയയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബി സി സി ഐ. ജൂൺ 2ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീം മൂന്ന് മാസക്കാലത്തോളം അവിടെയാകും. അതിനാൽ ഇന്ത്യയുടെ യുവനിരയെ ആണ് ബി സി സി ഐ ശ്രീലങ്കയിലേക്ക് അയക്കാൻ ഒരുങ്ങുന്നത്. ടീമിന്റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ശ്രീലങ്കയിലേക്കുള്ള സ്‌ക്വാഡിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിനെ ആര് നയിക്കും എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്. ശിഖാർ ധവാൻ, ശ്രേയസ് അയ്യർ, ഹാർദിക്ക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരുടെ പേരുകളാണ് കൂടുതലായും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. എന്നാൽ വ്യത്യസ്തമായൊരു അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ. മലയാളി താരം സഞ്ജു സാംസണെയാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. അതിനുള്ള കാരണവും അദ്ദേഹം വിശദമാക്കി.
Also Read- ശ്രീലങ്കൻ പര്യടനം: മൂന്നാം നിര ടീമിനെ അയച്ചാലും പരമ്പര ഇന്ത്യ നേടുമെന്ന് കമ്രാൻ അക്മൽ
'ശ്രീലങ്കന്‍ പര്യടനത്തില്‍ ധവാന്‍ ക്യാപ്റ്റനാകാനാണ് സാധ്യത. പൃഥ്വി ഷായുമല്ല സഞ്ജുവുമല്ല, ശിഖര്‍ ധവാന്‍. എന്നാല്‍ എന്റെ അഭിപ്രായത്തിൽ ഞാന്‍ സഞ്ജുവിന്റെ പേര് പറയും. വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്ന് മാറുന്ന ഒരു സാഹചര്യം ഭാവിയിൽ ഉണ്ടായാൽ നമ്മൾ അതിനുവേണ്ടി തയ്യാറായിരിക്കണം. കോഹ്ലിക്ക് പകരം മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനാല്‍ ഞാന്‍ സഞ്ജുവിനൊപ്പം നിൽക്കുന്നു. ധവാന്‍ ക്യാപ്റ്റന്‍സിയില്‍ ശക്തനായ എതിരാളിയാണ്. വൈറ്റ്ബോളില്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ് ധവാന്‍. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറെ നാള്‍ ധവാനേ ആശ്രയിക്കാന്‍ നമുക്ക് കഴിയില്ല. സഞ്ജുവിന് തെറ്റുകള്‍ തിരുത്താനും തയ്യാറെടുക്കാനും വേണ്ടത്ര സമയമുണ്ട്. ഹാർദിക്ക് പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ പാകത്തിലൊരു താരമാണോ? പ്രയാസമേറിയ ചോദ്യങ്ങളാണ് ഇതെല്ലാം. എന്നാൽ ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഒരു താരത്തെയാണ് ഇവിടെ ഞാന്‍ തെരഞ്ഞെടുക്കുക.'- കനേരിയ തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായം വിശദമാക്കി.
ലങ്കയിലേക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ തന്നെ ബി സി സി ഐ പ്രഖ്യാപിച്ചേക്കും. യുവതാരങ്ങളെല്ലാം തന്നെ അതീവ പ്രതീക്ഷയിലാണ്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ജൂലൈ 13, 16, 19 തിയ്യതികളിലായിരിക്കും ലങ്കയുമായുള്ള മൂന്ന് ഏകദിന മല്‍സരങ്ങള്‍. ടി20 മല്‍സരങ്ങള്‍ 22 മുതല്‍ 27 വരെ നടക്കും.
News summary: Danish Kaneria suggests Sanju Samson as captain of India on the upcoming Sri Lanka tour.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket news, Danish kaneria, India cricket, Sanju Samson, Sri Lanka Tour