ഖത്തർ ലോകകപ്പിൽ മൊറോക്കോ എന്ന അത്ഭുതത്തിന് ഇന്നലെ പരിസമാപ്തിയായി. പക്ഷേ, അഭിമാനിക്കാവുന്ന നേട്ടവുമായാണ് മൊറോക്കോയുടെ മടക്കം. വമ്പന്മാരെ വീഴ്ത്തിയും വിറപ്പിച്ചുമാണ് ഈ മടക്കയാത്ര. ലോകകപ്പ് സെമിയിലെത്തിയ ആദ്യ അറബ് പ്രതിനിധിയായി മാത്രമല്ല വരാനിരിക്കുന്നതിന്റെ സൂചന കൂടിയായി ഖത്തറിലെ മൊറോക്കൻ വീരഗാഥ.
ഇതിനെ സാധൂകരിക്കുന്ന വാക്കുകളാണ് ഫ്രാൻസിനെതിരെ സെമിയിൽ പരാജയപ്പെട്ടതിനു ശേഷം മൊറോക്കൻ പരിശീലകൻ വാലിദ് റെഗ്രഗുയിയുടേത്. “എന്റെ കളിക്കാർ അവരുടെ എല്ലാം നൽകി കളിച്ചു. അവർക്ക് പറ്റാവുന്നത്ര ദൂരം അവർ എത്തി. ഇതിൽ കൂടുതൽ നേടുക അവർക്ക് പ്രയാസമാണ്. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതാൻ അവർ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത്ഭുതങ്ങൾ കാട്ടി ലോകകപ്പ് നേടാനാകില്ല. അതിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതാണ് ഞങ്ങൾ ഇനി ചെയ്യാൻ പോകുന്നത്”.
ലോകകപ്പ് എന്ന സ്വപ്നത്തിലേക്കുള്ള യാത്ര അവസാന നിമിഷത്തിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചരിത്രം തിരുത്തിക്കുറിച്ച് തന്നെയാണ് മൊറോക്കൻ താരങ്ങൾ ഖത്തറിനോട് വിടപറയുക. സെമി വരെ ഒരു മത്സരം പോലും തോൽക്കാതെയായിരുന്നു മൊറോക്കോ എത്തിയത്. ഫൈനലിൽ എത്തിയ അർജന്റീനയും ഫ്രാൻസുമാകട്ടെ ഗ്രൂപ്പുഘട്ടത്തിൽ ഒരോ കളി തോറ്റവരാണ്.
Also Read- പൊരുതി വീണ് മൊറോക്കോ; രണ്ടുഗോൾ ജയത്തോടെ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന്
ഗ്രൂപ്പിൽ ആദ്യ എതിരാളി കരുത്തരായ ക്രൊയേഷ്യ. ഗോളടിക്കാതെയും ഗോളടിക്കാൻ അനുവദിക്കാതെയുമായിരുന്നു മൊറോക്കോൻ ചെറുത്തു നിൽപ്പ്. രണ്ടാംകളിയിൽ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ തകർത്തുവിട്ടത് രണ്ട് ഗോളിന്. പിന്നെ കാനഡയെയും തോൽപ്പിച്ചുവിട്ടു.
പ്രീ ക്വാർട്ടറിൽ സ്പെയിനിനെ പിടിച്ചുകെട്ടി ഷൂട്ടൗട്ടിൽ തകർത്താണ് ക്വാർട്ടറിൽ മൊറോക്കോയുടെ പ്രവേശനം. ക്വാർട്ടറിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സെമിയിലേക്ക്. ഒടുവിൽ സെമിയിൽ ഫ്രാൻസിന് മുന്നിൽ പൊരുതിവീണു. ഈ വർഷത്തെ ലോകകപ്പിലെ അസംഭവ്യമെന്ന് തോന്നിപ്പിക്കുന്ന സംഭവ കഥയാണ് മൊറോക്കോയുടേത്.
Also Read- ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ വലകുലുക്കുന്ന ആദ്യ എതിര്‍ ടീം താരമായി തിയോ ഹെർണാണ്ടസ്
സെമിയിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ഗ്യാലറി മുഴുവൻ മൊറോക്കോയുടെ ചെമ്പടയായിരുന്നു. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയെങ്കിലും അവാസന നിമിഷം വരെ ഗ്യാലറിയിൽ നിന്ന് ആരാധകർ മൊറോക്കൻ താരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ടേയിരുന്നു. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. അവരുടെ ജൈത്രയാത്രയ്ക്ക് അർഹിക്കുന്ന പിന്തുണയും ഗ്യാലറിയിൽ നിന്ന് ലഭിച്ചു. പലതവണ ഫ്രാൻസിലെ വമ്പന്മാരെ വിറപ്പിച്ച മൊറോക്കൻ താരങ്ങൾ ഒരുവേള കളിയുടെ ഗതിമാറ്റുമോ എന്നുപോലും തോന്നിപ്പിച്ചു.
സെമിയിലെ അവസാന ചിരി ഫ്രാൻസിന്റേതായിരിക്കാം. പക്ഷേ ലോക ഫുട്ബോൾ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയാണ് മൊറോക്കോ മടങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.