ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡൽ നേടി ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച ഹോക്കി ടീമിലെ നെടുംതൂണായ മലയാളി താരം പിആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്. 41 വർഷത്തിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കി മെഡൽ നേടിയപ്പോൾ അതിൽ നിർണായക പ്രകടനവുമായി തിളങ്ങിയ ശ്രീജേഷിന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ എം കെ റഫീഖ പറഞ്ഞു.
ശ്രീജേഷിനെ പുറമെ മലപ്പുറം ജില്ലയില്‍ നിന്നും ഒളിമ്പിക്സിൽ പങ്കെടുത്ത കെ ടി ഇര്‍ഫാന്‍ (നടത്തം), എം പി ജാബിര്‍ (അത്ലറ്റിക്സ്,ഹർഡിൽസ്) എന്നിവര്‍ക്ക് 50,000 രൂപ വീതം പാരിതോഷികം നല്‍കുമെന്നും റഫീഖ പറഞ്ഞു. പഞ്ചായത്തിലെ ഭരണസമിതി യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്രയേയും മറ്റ് താരങ്ങൾക്കും യോഗത്തിൽ അനുമോദനം നേർന്നു. ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ താരങ്ങളുടെ സംസ്ഥാനങ്ങൾ അവർക്കായി പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടും 49 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഒരു ഒളിമ്പിക്സ് മെഡൽ കൊണ്ടുവന്ന ശ്രീജേഷിന് സംസ്ഥാന സർക്കാർ സമ്മാനം നൽകുന്നില്ല എന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടിയായ യുഡിഎഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. ശ്രീജേഷിനൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രതിനിധീകരിച്ച പഞ്ചാബ്, ഹരിയാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അവിടുത്തെ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കേരളത്തില്‍ ഇതിനെ കുറിച്ച് ആലോചിക്കുന്നത് പോലുമില്ല എന്നാണ് സമൂഹ മാധ്യമ ഇടങ്ങളിലെ അഭിപ്രായങ്ങൾ.
കേരള സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല എങ്കിലും ശ്രീജേഷിന് മറ്റ് പലരും സമ്മാനങ്ങൾ നൽകുന്നുണ്ട്. മലയാളി സംരംഭകനും വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേരള ഹോക്കി ഫെഡറേഷന്റെ വക അഞ്ചു ലക്ഷം രൂപയും, കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗത്തിന്റെ വകയായി ഷർട്ടും മുണ്ടുമാണ് താരത്തിന് കേരളത്തിൽ നിന്നും ഇതുവരെ ലഭിച്ച സമ്മാനങ്ങൾ.
നാല് പതിറ്റാണ്ടുകള്‍ക്കൊടുവിലാണ് ഹോക്കിയില്‍ ഇന്ത്യ മെഡൽ നേട്ടം സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോള്‍ അതില്‍ ഇന്ത്യ ഏറ്റവും നിർണായകമായത് ടീമിന്റെ ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ പ്രകടനമായിരുന്നു.
ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala government, Malappuram, PR Sreejesh