Pakistan vs South Africa ODI | നിര്‍ണായക മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ പരമ്പര സ്വന്തമാക്കി പാകിസ്താന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആവേശകരമായ ഏകദിന പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പാകിസ്താന്‍ 28 റണ്‍സിനാണ് ജയിച്ചത്
ആതിഥേയരായ സൗത്ത് ആഫ്രിക്കയെ കീഴ്‌പ്പെടുത്തി പാകിസ്താന്‍ ഏകദിന പരമ്പര സ്വന്തമാക്കി. ആവേശകരമായ ഏകദിന പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പാകിസ്താന്‍ 28 റണ്‍സിനാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയത്തോടെ സമനിലയില്‍ ആയിരുന്നു. ഇന്നത്തെ ജയത്തോടെ പാകിസ്താന്‍ 2-1നാണ് പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലുടനീളം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.
ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ടീം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് പാകിസ്താന്‍ ടീം നേടിയത്. ആദ്യ വിക്കറ്റില്‍ 112 റണ്‍സാണ് ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടാം വിക്കറ്റിലും പാകിസ്ഥാന്‍ 90 റണ്‍സിലധികം കൂട്ടുക്കെട്ടുണ്ടാക്കി. രണ്ടാം ഏകദിനത്തില്‍ 7 റണ്‍സിന് ഇരട്ട സെഞ്ച്വറി നഷ്ടമായ ഫഖര്‍ സമാന്‍ ഈ മത്സരത്തില്‍ 101റണ്‍സ് നേടി. ഇത്തവണ ക്യാപ്റ്റന്‍ ബാബര്‍ അസമിന് 6 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി. ഓപ്പണറായ ഇമാം ഉള്‍ ഹഖ് 73 പന്തില്‍ നിന്നും 57 റണ്‍സ് നേടിയിരുന്നു. ആറാമത്തെ ബൗളറായി കേശവ് മഹാരാജിനെ കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബവുമയുടെ തന്ത്രം വിജയിച്ചിരുന്നു. പാക് സ്‌കോര്‍ 300 കടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തില്‍ നായകന്‍ ബാബര്‍ അസം ശൈലി മാറ്റി ആക്രമണ ബാറ്റിംഗ് പുറത്തെടുത്തു. അവസാന പന്തിലാണ് അസം പുറത്തായത്.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 49.2 ഓവറില്‍ 292 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ മലന്‍, മര്‍ക്രം എന്നിവര്‍ മികച്ച റണ്‍ റേറ്റോടെയാണ് തുടങ്ങിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ പാകിസ്താന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തികൊണ്ടിരുന്നു. സൗത്ത് ആഫ്രിക്കക്ക് വേണ്ടി മലന്‍ 70 റണ്‍സും, വെരിന്നെ 62 റണ്‍സും, ഫെലുക്വായോ 54 റണ്‍സും നേടി. മറ്റാര്‍ക്കും പറയത്തക്ക പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് 45 റണ്‍സ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. മര്‍ക്രം രണ്ട് വിക്കറ്റുകളും, ഫെലുക്വായോ, സ്മട്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദിയും, നവാസും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകളും കരസ്ഥമാക്കി.
advertisement
ആദ്യ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ അവസാന പന്തിലായിരുന്നു ജയിച്ചത്. രണ്ടാമത്തെ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 341 എന്ന കൂറ്റന്‍ സ്‌കോറിനരികെയും പാകിസ്താന്‍ എത്തിയിരുന്നു. വെറും 17 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. പാകിസ്താന്‍ തുടര്‍ച്ചയായി സൗത്ത് ആഫ്രിക്കയില്‍ നേടുന്ന രണ്ടാമത്തെ ഏകദിന പരമ്പരയാണിത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2021 10:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Pakistan vs South Africa ODI | നിര്‍ണായക മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ പരമ്പര സ്വന്തമാക്കി പാകിസ്താന്