Neymar | എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി
- Published by:Naveen
- news18-malayalam
Last Updated:
പരിക്ക് പറ്റിയ താരത്തെ സ്‌ട്രെച്ചറിൽ കിടത്തിയാണ് പുറത്തേക്ക് കൊണ്ടുപോയത്
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ കളിക്കിടെ ഗുരുതര പരിക്കേറ്റ് പുറത്ത്. ഫ്രഞ്ച് ലീഗിൽ സെന്റ് ഏറ്റിയെനുമായുള്ള മത്സരത്തിനിടയിലാണ് ബ്രസീലിയൻ സൂപ്പർ താരം പരിക്കേറ്റ് പുറത്തായത്. മത്സരത്തിന്റെ 87ാ൦ മിനിറ്റിൽ ഏറ്റിയെൻ താരം നടത്തിയ ഫൗളിൽ നെയ്മറുടെ കണങ്കാലിന് പരിക്കേൽക്കുകയായിരുന്നു.
എതിർ താരത്തിന്റെ ഫൗളിൽ നിലത്തുവീണ നെയ്മർ വേദന കൊണ്ട് പുളയുകയും തുടർന്ന് പിഎസ്ജിയുടെ മെഡിക്കൽ സംഘം എത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം താരത്തെ സ്‌ട്രെച്ചറിൽ കിടത്തി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ സീസണിൽ ശേഷിച്ച മത്സരങ്ങൾ താരത്തിന് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.
Neymar is stretchered off in the final minutes against St-Etienne in what appears to be an ankle injury 😞 pic.twitter.com/P8Jq4bxIKM
— Football on BT Sport (@btsportfootball) November 28, 2021
advertisement
നെയ്മറിന് എത്ര മത്സരങ്ങൾ നഷ്ടമാകും?
പരിക്കിന്റെ തീവ്രതയെ ആശ്രയിച്ചായിരിക്കും താരത്തിന് എത്ര മത്സരങ്ങൾ നഷ്ടപ്പെടുമെന്നത് പറയാൻ കഴിയുക. നിലവിലെ അവസ്ഥ വെച്ച് ബുധനാഴ്ച നാന്റസിനെതിരായ പിഎസ്ജിയുടെ അടുത്ത ലീഗ് മത്സരം നെയ്മർക്ക് നഷ്ടമാകും.
പരിക്ക് കൂടുതൽ സാരമുള്ളതും ശസ്ത്രക്രിയ ആവശ്യം വരുന്നതുമാണെങ്കിൽ പുതുവർഷം വരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. എന്നാൽ താരത്തെ സ്കാനിങ്ങിന് വിധേയമാക്കി പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് കണ്ടെത്തിയാൽ മാത്രമേ താരത്തിന് എത്ര കാലം വിശ്രമം വേണ്ടി വരുമെന്നതിൽ സ്ഥിരീകരണം നൽകാൻ സാധ്യമാവുകയുള്ളൂ.
advertisement
എന്നാൽ കൂടുതൽ മത്സരങ്ങൾ താരത്തിന് നഷ്ടമാവുകയാണെങ്കിൽ പിഎസ്ജിക്ക് വലിയ തിരിച്ചടിയാകും അത് നൽകുക. മെസ്സി - നെയ്മർ - എംബാപ്പെ ത്രയത്തെ മുൻനിർത്തി സീസണിലേക്കുള്ള തന്ത്രങ്ങൾ മെനഞ്ഞ പരിശീലകൻ മൗറീഷ്യോ പോച്ചട്ടീനോയ്ക്കും വലിയ തിരിച്ചടിയാണ് ബ്രസീലിയൻ താരത്തിന്റെ പരിക്ക്. പുതിയ സീസൺ അതിന്റെ തുടക്കത്തിൽ നിൽക്കുമ്പോൾ നെയ്മർക്ക് പറ്റിയ ഈ ഗുരുതര പരിക്ക് താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പിഎസ്ജി മാനേജ്‌മെന്റ്.
പിഎസ്ജിക്ക് വേണ്ടി ഈ സീസണിലെ 14ാമത്തെ മത്സരമാണ് സെന്റ് ഏറ്റിയനെതിരെ നെയ്മർ കളിച്ചത്. സീസണിൽ ഇതുവരെയായി പിഎസ്ജിക്ക് വേണ്ടി മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
advertisement
ആരാധകർക്ക് ആശ്വാസം പകർന്ന് നെയ്മർ
അതേസമയം, തന്റെ ആരാധകർക്ക് ആശ്വാസം പകരാൻ നെയ്മർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കൂടുതൽ മികവോടും ശക്തിയോടും കൂടി തിരിച്ചെത്തുമെന്നാണ് നെയ്മർ കുറിച്ചത്. “ഇനി തിരിച്ചുവരവിനുള്ള സമയമാണ്, ഇത്തരം തിരിച്ചടികൾ ഒരു കായിക താരത്തിന്റെ കരിയറിന്റെ ഭാഗമായുള്ളവയാണ്. കൂടുതൽ മികവോടും ശക്തിയോടും കൂടി തിരിച്ചുവരും." - നെയ്മർ കുറിച്ചു.
advertisement
നെയ്മറിന്റെ പരിക്കിനിടയിലും നേരിയ ആശ്വാസം നേടി പിഎസ്ജി
നെയ്മറുടെ പരിക്കിനിടയിലും പിഎസ്ജിക്ക് ആശ്വാസം എന്ന് പറയാനുള്ളത് ലയണൽ മെസ്സിയുടെ പ്രകടനമായിരുന്നു. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽപ്പോയ പിഎസ്ജി മെസ്സിയുടെ മികവിലാണ് ജയിച്ചു കയറിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജി ജയം നേടിയ മത്സരത്തിൽ ഹാട്രിക്ക് അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയത്.
വിജയത്തോടെ ഫ്രഞ്ച് ലീഗിൽ 15 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി പിഎസ്‌ജി ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള നീസിന് അത്രയും മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ മാത്രമാണുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2021 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Neymar | എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി