പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേര് നല്കാന് തീരുമാനം. പൂനെ കന്റോണ്മെന്റിലുള്ള സ്റ്റേഡിയത്തിന് നീരജ് ചോപ്ര ആര്‍മി സ്പോര്‍ട്സ് സ്റ്റേഡിയം എന്നാണ് നാമകരണം ചെയ്യാന്‍ പോകുന്നത്.
ആഗസ്റ്റ് 23ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ആര്‍മിയിലെ പതിനാറ് താരങ്ങളെ ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും. ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര കരസേനയില്‍ സുബേദാറാണ്. 2106ലാണ് നീരജ് സ്പോര്‍ട്സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേര്‍ന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്രയെ ഈയിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നീരജിന്റെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. നേരത്തെ സ്വര്‍ണം നേടിയതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരം കായിക മന്ത്രാലയവും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംഘടിപ്പിച്ച ഒളിമ്പിക്സ് താരങ്ങളെ അനുമോദിക്കുന്ന ചടങ്ങില്‍ ഒളിമ്പിക്സില്‍ ഫൈനലില്‍ സ്വര്‍ണം നേടിയ ശേഷം തനിക്ക് കടുത്ത ശരീര വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാല്‍ മെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ അത് താന്‍ കാര്യമാക്കിയില്ല എന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന് പനി ബാധിച്ചത്.
ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് 23 വയസ്സുകാരനായ നീരജ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ടോക്യോയില്‍ ഇന്ത്യയുടെ ഏക സ്വര്‍ണ മെഡല്‍ നേടിയ താരം, ഒളിമ്പിക്സില്‍ അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ കൂടിയാണ് നേടിയത്. നീരജ് ചോപ്ര നേടിയ സ്വര്‍ണത്തിന്റെ ബലത്തില്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ മികച്ച പ്രകടനം കൂടിയാണ് പുറത്തെടുത്തത്.
നീരജിന്റെ സ്വര്‍ണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്. ഒളിമ്പിക്സില്‍ ഇതിന് മുന്‍പ് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ നിന്നും നേടിയ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന മെഡല്‍ നേട്ടം. ഇതിനു പുറമെ മെഡല്‍ പട്ടികയിലും ഇന്ത്യക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. അവസാന ദിനം വരെ 66ാ0 സ്ഥാനത്തായിരുന്ന ഇന്ത്യ നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെ 48ാ0 സ്ഥാനത്തേക്ക് ഉയര്‍ന്ന് ആദ്യ 50 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഫിനിഷ് ചെയ്തു. ലണ്ടന്‍ ഒളിമ്പിക്സില്‍ നേടിയ 67ാ0 സ്ഥാനമായിരുന്നു ഇതുവരെ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മികച്ച ഫിനിഷ്.
ടോക്യോയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ലോക റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാന്‍ നീരജ് ചോപ്രയ്ക്ക് കഴിഞ്ഞിരുന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ നീരജിനെ ഈ സ്വര്‍ണ നേട്ടം സഹായിച്ചിരുന്നു. ടോക്യോയോയിലെ നീരജിന്റെ സ്വര്‍ണ നേട്ടം ഇക്കുറി ഒളിമ്പിക്സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മുഹൂര്‍ത്തങ്ങളില്‍ ഒന്നായി വേള്‍ഡ് അത്ലറ്റിക്സ് തിരഞ്ഞെടുത്തിരുന്നു. ഇതിനുപുറമെ ട്വിറ്ററില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായി നീരജ് ചോപ്ര മാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.