രോഹിത്തും കോഹ്ലിയും വീണ്ടും 'ഭായി ഭായി'; സഹായകമായത് ഐസൊലേഷൻ ദിനങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
വിരാടും രോഹിതും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. എന്നാല്‍ മത്സരങ്ങൾക്കായി ടീം ഐസൊലേഷനില്‍ ഇരുന്ന സമയത്ത് ഇരുവരും പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശര്‍മയും തമ്മില്‍ സ്വരച്ചേർച്ചകൾ ഉണ്ടെന്ന വാര്‍ത്ത ഏറെ കാലമായി ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്ന ഒന്നാണ്. പലരും ഗോസിപ്പ് വാര്‍ത്തകളില്‍ ഒന്നായാണ് ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോളിതാ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നും എന്നാല്‍ മുഖ്യ പരിശീലകൻ രവി ശാസ്‌ത്രിയുടെ ഇടപെടല്‍ കാരണം രണ്ടുപേരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയായിരുന്നുവെന്നുമുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ബി സി സി ഐ ഒഫീഷ്യല്‍മാരിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി മുമ്പ് പലപ്പോഴുമുള്ള പെരുമാറ്റത്തിലൂടെയും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇരുവരും വലിയ സൗഹൃദത്തോടെ പെരുമാറുന്നതാണ് ആരാധകര്‍ കണ്ടത്. നിര്‍ണ്ണായക ഘട്ടത്തില്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും പരസ്പര സഹകരണവും ബഹുമാനവും വെച്ചുപുലര്‍ത്തുന്നതും കണ്ടു.
വിരാടും രോഹിതും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. എന്നാല്‍ മത്സരങ്ങൾക്കായി ടീം ഐസൊലേഷനില്‍ ഇരുന്ന സമയത്ത് ഇരുവരും പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുന്നു. ഏകദിനത്തില്‍ കോലി രോഹിതിനോട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുമ്പോള്‍ അഭിപ്രായം ആരായുകയും ചെയ്യുന്നു. ഇതിന് മുമ്പും ഇങ്ങനെ നടന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ കൂടുതല്‍ പരസ്യമായിത്തന്നെ ഇത് നടക്കുന്നു. അതിനാല്‍ത്തന്നെ അനാവശ്യമായ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും ബി സി സി ഐ ഒഫീഷ്യല്‍മാരിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ വിവരങ്ങളിൽ പറയുന്നു.
advertisement
കോവിഡ് മഹാമാരിക്ക് ശേഷം മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ മികച്ച നേട്ടങ്ങളാണ് ഇന്ത്യ കൈ വരിച്ചു കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റും, ടി20യും ഇന്ത്യ നേടിയപ്പോൾ ഏകദിന പരമ്പര മാത്രമാണ് ഓസ്ട്രേലിയക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. അതിനു ശേഷം ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ മൂന്നു ഫോർമാറ്റിലും ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇതെല്ലാം ഈ മാറ്റങ്ങളുടെ നേട്ടമാണെന്നതിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.
രോഹിതിന്റെ വമ്പന്‍ നേട്ടങ്ങളിലെല്ലാം ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി വലിയ പിന്തുണ നല്‍കാറുണ്ട്. എന്നാല്‍ വ്യക്തിപരമായ അകല്‍ച്ച പ്രകടമായിരുന്നു. ഈയിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിൽ ഇരുവരും ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തിരുന്നു. തകർപ്പൻ തുടക്കമാണ് രണ്ടുപേരും ഇന്ത്യക്ക് നൽകിയത്. നായകന്റെയും ഉപനായകന്റെയും ഇത്തരത്തിലുള്ള കൂട്ടുകെട്ട് നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അതിനുശേഷമുള്ള ടി20 ലോകകപ്പിലും ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താൻ സഹായകമായേക്കും.
advertisement
News summary: Quarantine isolation and Ravi Shastri's guidance helped Virat Kohli and Rohit Sharma renew friendship.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2021 4:51 PM IST