Rafael Nadal | ഒരേയൊരു റാഫ! റോളണ്ട് ഗാരോസിൽ 14-ാ൦ കിരീടമുയർത്തി നദാൽ; സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ
Rafael Nadal | ഒരേയൊരു റാഫ! റോളണ്ട് ഗാരോസിൽ 14-ാ൦ കിരീടമുയർത്തി നദാൽ; സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ
കരിയറിൽ തന്റെ 22-ാ൦ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയ നദാൽ, 20 ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ വീതമുള്ള റോജർ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേക്കാളും രണ്ട് പടി മുന്നിൽ എത്തി.
കളിമൺ കോർട്ടിലെ രാജാവ് താൻ തന്നെയെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിച്ച് റാഫേൽ നദാൽ (Rafael Nadal). പാരിസിലെ റോളണ്ട് ഗാരോസിൽ (Roland Garros) 14-ാ൦ തവണയും കിരീടമുയർത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട റാഫ. പരിക്ക് ഭീഷണികളുണ്ടായിരുന്ന താരം കിരീടം നേടുമോ എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആ സംശയങ്ങൾക്കെല്ലാം അറുതിവരുത്തിക്കൊണ്ട് റോളണ്ട് ഗാരോസിൽ കിരീടമുയർത്തിക്കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്. ടൂർണമെന്റിൽ എതിരാളികളെ തകർത്ത് മുന്നേറിയ ലോക അഞ്ചാം നമ്പർ താരം ഫ്രഞ്ച് ഓപ്പണുകളിലെ (French Open) തന്റെ റെക്കോർഡ് കുതിപ്പിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി എഴുതിച്ചേർക്കുകയായിരുന്നു.
ഫൈനലിൽ നോർവെയുടെ കാസ്‌പർ റൂഡിനെതിരെ (Casper Ruud) നേരിട്ടുള്ള മൂന്ന് സെറ്റുകളുടെ ജയമാണ് നദാൽ സ്വന്തമാക്കിയത്. സ്‌കോർ 6-3, 6-3, 6-0. റൂഡിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയ നദാൽ, ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന പ്രായമേറിയ പുരുഷ താരമെന്ന റെക്കോർഡ് കൂടി സ്വന്തമാക്കി. 36 വയസ്സിലും തകർപ്പൻ ഫോമിൽ കുതിക്കുന്ന നദാൽ, കരിയറിൽ തന്റെ 22-ാ൦ ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണ് സ്വന്തമാക്കിയത്. ഇതോടെ 20 ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ വീതമുള്ള തന്റെ സമകാലികരായ റോജർ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേക്കാളും രണ്ട് പടി മുന്നിലെത്താനും നദാലിന് കഴിഞ്ഞു.
ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ താരം സെമിയിൽ അലക്‌സാണ്ടർ സ്വരേവിനേയും മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. ആവേശകരമായ സെമി പോരാട്ടത്തിനിടെ പരിക്ക് പറ്റിയതോടെ സ്വരേവ് മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ഫൈനലിൽ റൂഡിനെതിരെ നേടിയ ജയത്തോടെ ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലെ തന്റെ പെർഫെക്ട് റെക്കോർഡ് നീട്ടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇന്നലത്തേതടക്കം ഇറങ്ങിയ 14 ഫൈനൽ പോരാട്ടങ്ങളിലും കിരീടം നേടിയാണ് നദാൽ തിരിച്ചുകയറിയത്.
14-ാ൦ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതിന് പിന്നാലെ നദാൽ സ്വന്തം പേരിലാക്കിയ റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം -
ടെന്നീസിലെ ഇതിഹാസ താരമായ പീറ്റ് സാംപ്രസിന് കേവലം 14 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ മാത്രമുള്ളപ്പോൾ നദാൽ ഫ്രഞ്ച് ഓപ്പണിൽ തന്നെ 14 കിരീടങ്ങൾ നേടിയിട്ടുണ്ട്.
കാസ്പർ റൂഡിനെ തോൽപ്പിച്ച് ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ നദാൽ, ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 1972ൽ ആന്ദ്രേ ഹീമേനോ സ്ഥാപിച്ച റെക്കോർഡാണ് നദാൽ തിരുത്തിയത്. 34 വയസ്സും 305 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ഹീമേനോയുടെ കിരീടനേട്ടമെങ്കിൽ 36 വയസ്സ് തികഞ്ഞ് രണ്ട് ദിവസത്തിനിപ്പുറമാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയത്.
ടെന്നീസ് ഓപ്പൺ യുഗത്തിൽ, പുരുഷ സിംഗിൾസിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള താരം നേടുന്ന കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന നൊവാക് ജോക്കോവിച്ചിന്റെ റെക്കോർഡിനൊപ്പമെത്താനും നദാലിനായി. എട്ട് കിരീടങ്ങൾ നേടിയിരുന്ന ജോക്കോയെ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെയാണ് നദാൽ ഒപ്പം പിടിച്ചത്.
ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ ഒന്നിൽ കൂടുതൽ സെറ്റുകൾ തോറ്റിട്ടില്ല എന്ന റെക്കോർഡ് കുതിപ്പ് തുടരാനും നദാലിന് കഴിഞ്ഞു.
റോളണ്ട് ഗാരോസിലെ തന്റെ വിജയഗാഥയിലേക്ക് മറ്റൊരു ജയം കൂടി നദാൽ ചേർത്തുവെച്ചു. ഫ്രഞ്ച് ഓപ്പണിൽ 112 മത്സരങ്ങളിൽ നദാൽ ജയം നേടിയപ്പോൾ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.
തന്റെ കരിയറിൽ ആദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും ഒരേ സീസണിൽ തന്നെ നേടുന്നത്.
ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ സ്പാനിഷ് താരം കേവല൦ മൂന്ന് സെറ്റുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത്. ഇത്തരത്തിൽ നാലാം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കുന്നത്. 2005, 2006, 2011 എന്നീ വർഷങ്ങളിലായിരുന്നു നദാൽ ഇത്തരത്തിൽ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയത്.
ആദ്യ നാല് റാങ്കിലുള്ള താരങ്ങളെ വീഴ്ത്തി ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ടെന്നീസ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം. മാറ്റ്സ് വിലാൻഡർ (ഫ്രഞ്ച് ഓപ്പൺ, 1982), റോജർ ഫെഡറർ (ഓസ്‌ട്രേലിയൻ ഓപ്പൺ, 2017) എന്നിവരാണ് നദാലിന് മുന്നേ ഈ നേട്ടം സ്വന്തമാക്കിയവർ.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.