ചരിത്രമെഴുതി റഹ്മത് ഷാ; അഫ്ഗാനിസ്ഥാന് ടെസ്റ്റിൽ കന്നി സെഞ്ചുറി
Last Updated:
ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത്
ധാക്ക: അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി, റഹ്മത് ഷാ ചരിത്രത്തിൽ ഇടംനേടി. ബംഗ്ലദേശിനെതിരെ ചിറ്റഗോങ്ങിൽ നടക്കുന്ന ടെസ്റ്റിലാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത്. 186 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ചുറി. പത്തു ഫോറുകളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്സ്.
ഷായുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യദിവസം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലാണ്.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് ബോളർ നയീം ഹസൻ എറിഞ്ഞ 70ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അഫ്ഗാൻ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി പിറന്നത്. ഹസന്റെ പന്ത് ഫോർ പായിച്ചാണ് ഷാ സെഞ്ചുറി പൂർത്തിയാക്കിയത്. നേട്ടത്തിന് ശേഷം ഹെല്‍മറ്റ് അഴിച്ച് ഗ്യാലറിയിലിരിക്കുന്ന അഫ്ഗാൻ താരങ്ങളുടെ നേർക്ക് ബാറ്റ് ഉയർത്തിക്കാണിച്ചാണ് റഹ്മത് ഷാ സെഞ്ചുറി ആഘോഷിച്ചത്. കയ്യടിയോടെ അഫ്ഗാൻ താരങ്ങൾ ആദ്യ ടെസ്റ്റ് സെഞ്ചുറിയെ സ്വീകരിച്ചു.
advertisement
187 പന്തിൽ 102 റണ്‍സെടുത്താണ് ഒന്നാം ഇന്നിങ്സിൽ റഹ്മത് ഷാ പുറത്തായത്. റഹ്മത് ഷാ കളിക്കുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ് മൽസരമാണ് ബംഗ്ലാദേശിനെതിരായത്. നേരത്തേ കളിച്ച രണ്ട് ടെസ്റ്റുകളിൽ രണ്ട് അർധസെഞ്ചുറികളും താരം നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2019 7:32 PM IST