• HOME
  • »
  • NEWS
  • »
  • sports
  • »
  • Rishabh Pant | ഷോട്ട് സെലക്ഷന്‍ ശരിയല്ല; പന്തുമായി സംസാരിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്

Rishabh Pant | ഷോട്ട് സെലക്ഷന്‍ ശരിയല്ല; പന്തുമായി സംസാരിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്

ഒരു ഷോട്ട് തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും മറ്റും ഇന്ത്യന്‍ താരം റിഷഭ് പന്തുമായി സംസാരിക്കേണ്ടതുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

  • Share this:
    വാണ്ടറേഴ്സ് ടെസ്റ്റില്‍ (Wanderers Test) ഇന്ത്യക്കെതിരെ (SA vs IND) ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ദക്ഷിണാഫ്രിക്കന്‍ (South Africa) സ്വന്തമാക്കിയത്. മത്സരത്തില്‍ ജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ (1-1) ഇന്ത്യക്കൊപ്പം എത്തുകയും ചെയ്തു.

    ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മോശം ഷോട്ട് കളിച്ച് നിരുത്തരവാദപരമായി പുറത്തായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ(Rishabh Pant) കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്നിങ്‌സില്‍ തന്റെ മൂന്നാം പന്തില്‍ കഗിസോ റബാദയ്‌ക്കെതിരേ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്താകുയായിരുന്നു.

    ഇപ്പോഴിതാ കളിക്കിടെ ഒരു ഷോട്ട് തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും മറ്റും ഇന്ത്യന്‍ താരം റിഷഭ് പന്തുമായി സംസാരിക്കേണ്ടതുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid). പന്ത് പോസിറ്റീവ് ക്രിക്കറ്റ് കളിക്കണമെന്നു തന്നെയാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ദ്രാവിഡ്, എന്നാല്‍ ചിലസമയങ്ങളില്‍ ഷോട്ട് സെലക്ഷന്‍ വ്യത്യസ്തമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

    'റിഷഭ് പന്ത് ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവായി കളിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നയാളാണെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ഷോട്ട് കളിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയത്തിലും മറ്റുമാണ് കാര്യം.'- മത്സര ശേഷം നടന്ന വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.

    'പന്തിനോട് ഒരു പോസിറ്റീവ് കളിക്കാരനാകരുതെന്നോ, അല്ലെങ്കില്‍ ഒരു ആക്രമണാത്മക കളിക്കാരനാകരുതെന്നോ ആരും ഒരിക്കലും പറയില്ല. എന്നാല്‍ അതിനായി തിരഞ്ഞെടുക്കുന്ന സമയം എപ്പോഴാണ് എന്നതാണ് പ്രശ്‌നം'- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

    വാണ്ടറേഴ്സില്‍ ഇന്ത്യക്കെതിരെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായത് ഒരുപിടി റെക്കോര്‍ഡുകള്‍

    രണ്ടാം മത്സരത്തില്‍ ജയം നേടിയ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. വാണ്ടറേഴ്സില്‍ ഇന്ത്യ മുന്നോട്ട് വെച്ച ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ഇന്ത്യക്കെതിരെ ഒരു ടീം പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 1977-78 പെര്‍ത്തില്‍ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് പട്ടികയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 1987-88ല്‍ ഡല്‍ഹിയില്‍ 276 റണ്‍സ് പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിസ് നേടിയ ജയം രണ്ടാമതും നില്‍ക്കുന്നു. ജൊഹന്നാസ്ബര്‍ഗ് ജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തെത്തി. 1998-99ല്‍ വെല്ലിംഗ്ടണില്‍ 213 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ന്യൂസിലന്‍ഡാണ് നാലാമത്. 2006-07ല്‍ കേപ്ടൗണില്‍ വെച്ച് 211 റണ്‍സ് മറികടന്ന ദക്ഷിണാഫ്രക്കയുടെ പ്രകടനം അഞ്ചാമതായി നില്‍ക്കുന്നു.

    ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രണ്ടാം ഇന്നിങ്‌സില്‍ വിജയകരമായി പിന്തുടര്‍ന്ന് നേടിയെടുത്ത മൂന്നാമത്തെ വലിയ ലക്ഷ്യം എന്ന റെക്കോര്‍ഡ് കൂടി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2001-02ല്‍ ഡര്‍ബനില്‍ ഓസ്ട്രേലിയക്കെതിരെയാണ് ആദ്യത്തേത്. 1905-06ല്‍ ഇംഗ്ലണ്ടിനെതിരെ 264 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ വാണ്ടറേഴ്സിലും. 2011-12ല്‍ കേപ്ടൗണില്‍ ഓസ്ട്രേലിയക്കെതിരെ 236 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് ഇതോടെ നാലാം സ്ഥാനത്തായി.

    ആദ്യ മൂന്ന് ദിനങ്ങളില്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച പിച്ച് പക്ഷെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് അനുകൂലമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പിച്ചിന്റെ ഈ തലതിരിഞ്ഞ സ്വഭാവം മുതലെടുത്ത് 96 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ എല്‍ഗാറിനും ഒരു റെക്കോര്‍ഡ് സ്വന്തമായി. ഇന്ത്യക്കെതിരെ ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണ് ഇത്. 118 റണ്‍സ് നേടിയ കെ വെസ്സല്‍സാണ് ഇക്കാര്യത്തില്‍ ഒന്നാമത്.

    അതേസമയം, വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ 11ന് കേപ് ടൗണില്‍ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് നിര്‍ണായകമായി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. സ്വന്തം നാട്ടില്‍ പരമ്പര കൈവിടാതിരിക്കാനാകും ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന മോശം റെക്കോര്‍ഡ് തിരുത്താന്‍ ഉറച്ചാകും ഇന്ത്യ ഇറങ്ങുക.
    Published by:Sarath Mohanan
    First published: