• HOME
 • »
 • NEWS
 • »
 • sports
 • »
 • Shahrukh | പത്ത് സിക്സറും 20 ഫോറുമായി ഷാരൂഖിന്‍റെ വെടിക്കെട്ട്; പഞ്ചാബ് കിങ്സ് ഹാപ്പി!

Shahrukh | പത്ത് സിക്സറും 20 ഫോറുമായി ഷാരൂഖിന്‍റെ വെടിക്കെട്ട്; പഞ്ചാബ് കിങ്സ് ഹാപ്പി!

148 പന്ത് നേരിട്ട ഷാരൂഖ് 194 റൺസാണ് അടിച്ചുകൂട്ടിയത്. 10 സിക്സറും 20 ഫോറും ഉൾപ്പെടുന്ന ഷാരൂഖിന്‍റെ തകർപ്പൻ ബാറ്റിങ് മികവിൽ കരുത്തരായ ഡൽഹിക്കെതിരെ തമിഴ്നാട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി

shahrukhkahn

shahrukhkahn

 • Share this:
  ഷാരൂഖ്ഖാൻ (Shahrukh khan) എന്ന യുവതാരത്തെ ഐപിഎൽ (IPL) താരലേലത്തിൽ ഒമ്പത് കോടി മുടക്കിയാണ് പഞ്ചാബ് കിങ്സ് വാങ്ങിയത്. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഷാരൂഖിനെ ഓർത്ത് ഇന്ന് പഞ്ചാബ് ടീം മാനേജ്മെന്‍റ് അഭിമാനിക്കുന്നുണ്ടാകും. ഒപ്പം തങ്ങൾ മുടക്കിയ കോടികൾ വെറുതെയാകില്ലെന്ന ഉറച്ച ആത്മവിശ്വാസവും. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനുവേണ്ടി ഡൽഹിക്കെതിരെ ഷാരൂഖ്ഖാൻ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. 148 പന്ത് നേരിട്ട ഷാരൂഖ് 194 റൺസാണ് അടിച്ചുകൂട്ടിയത്. 10 സിക്സറും 20 ഫോറും ഉൾപ്പെടുന്ന ഷാരൂഖിന്‍റെ തകർപ്പൻ ബാറ്റിങ് മികവിൽ കരുത്തരായ ഡൽഹിക്കെതിരെ തമിഴ്നാട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

  മുൻനിരയും മധ്യനിരയും തകർന്ന് തമിഴ്നാട് കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴാണ് ഏഴാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഷാരൂഖ് തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറിയെ ഡബിൾ സെഞ്ച്വറിയ്ക്ക് അരികിലേക്ക് എത്തിച്ചത്. എന്നാൽ ആറ് റൺസ് അകലെ ആ പോരാട്ടം അവസാനിക്കുകയായിരുന്നു. തന്റെ ലോംഗ് ലിവറുകളും ബ്രൂട്ട് പവറും ഉപയോഗിച്ച്, ഷാരൂഖ് ചില ഫ്ലാറ്റ് സിക്സറുകൾ നേടി. അതിൽ പലതും ഗ്യാലറിയിലെ സ്റ്റാൻഡിലാണ് പതിച്ചത്. ഷാരൂഖിന്‍റെ കൂടുതൽ സിക്സറുകളും ലോംഗ് ഓഫിനും ലോംഗ് ഓണിനും ഇടയിലൂടെ ആയിരുന്നു.

  ഡൽഹിയുടെ ഇന്നിംഗ്‌സ് 452 ന് അവസാനിച്ചതിന് ശേഷം മൂന്നാം ദിനം രണ്ട് വിക്കറ്റിന് 75 എന്ന നിലയിൽ പുനരാരംഭിച്ച തമിഴ്‌നാട്, എലൈറ്റ് ഗ്രൂപ്പ് എച്ച് മത്സരത്തിന്റെ മൂന്നാം ദിനം 26 കാരനായ ഷാരൂഖിന്റെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 42 റൺസിന്റെ സുപ്രധാന ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉറപ്പിച്ച തമിഴ്‌നാട് ഇന്നത്തെ കളി അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കിനിൽക്കെ 494 റൺസിന് ഓൾഔട്ടായി.

  ബൗണ്ടറികളുടെയും സിക്‌സറുകളുടെയും കുത്തൊഴുക്കിന് സാക്ഷ്യം വഹിച്ച ബർസപാര സ്റ്റേഡിയത്തിൽ 149 പന്തിൽ 117 റൺസ് നേടി പരിചയസമ്പന്നനായ ബാബ ഇന്ദ്രജിത്തും മികച്ച സംഭാവന നൽകി. കരുത്തരായ ഡൽഹിക്കെതിരെ തകർപ്പൻ പ്രകടനമാണ് തമിഴ്നാട് പുറത്തെടുത്തത്.

  കഴിഞ്ഞ വാരാന്ത്യത്തിലെ ഐപിഎൽ മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് 9 കോടി രൂപയ്ക്ക് വാങ്ങിയ ഷാരൂഖിന് ഈ ദിനം ഏറെ അവിസ്മരണീയമായി മാറി. ഡൽഹിക്ക് വേണ്ടി ഇടങ്കയ്യൻ സ്പിന്നർ വികാസ് മിശ്രയാണ് ബോളിങിൽ തിളങ്ങിയത്. 108 റൺസ് വഴങ്ങി ആറു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. പരിചയസമ്പന്നനായ ഇടങ്കയ്യൻ സീമർ പ്രദീപ് സാങ്‌വാൻ 21 ഓവറിൽ 107 റൺസ് വഴങ്ങി, കുൽദീപ് യാദവ് 18 ഓവറിൽ 105 റൺസ് വഴങ്ങി. 162 റൺസെടുക്കുന്നതിനിടെ തമിഴ്നാടിന് അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഷാരൂഖിന്‍റെ മികവിൽ അവർ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. മധ്യനിരയിൽ ഷാരൂഖിന് ഒപ്പം പിടിച്ചുനിന്ന ബാബ ഇന്ദ്രജിത്ത് 17 ഫോറും രണ്ട് സിക്സും പറത്തി..

  71 പന്തിൽ 50 റൺസെടുത്ത വിക്കറ്റ് കീപ്പർ നാരായണസ്വാമി ജഗദീശനൊപ്പം ഷാരൂഖ് 178 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷാരൂഖ് 89 പന്തിൽ സെഞ്ച്വറി തികച്ചു, തന്റെ ടീമിനെ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ മാത്രമല്ല, ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച് അവർക്ക് മൂന്ന് പോയിന്റുകൾ ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

  ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഛത്തീസ്ഗഡ് മൂന്ന് ദിവസത്തിനുള്ളിൽ ജാർഖണ്ഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി അഞ്ച് പോയിന്റും നേടി.

  സ്കോർ

  ഡൽഹി ഒന്നാം ഇന്നിംഗ്‌സ്: 452 ഓൾ ഔട്ട്

  തമിഴ്‌നാട് ഒന്നാം ഇന്നിംഗ്‌സ് 107.5 ഓവറിൽ 494 ഓൾ ഔട്ട് (ഷാരൂഖ് ഖാൻ 194, ബാബ ഇന്ദ്രജിത്ത് 117; വികാസ് മിശ്ര 6/108).

  ജാർഖണ്ഡ് 169, 133 (ഉത്കർഷ് സിംഗ് 42, സുമിത് റൂയികർ 4/29)

  ഛത്തീസ്ഗഡ് 174, (ലക്ഷ്യം 129) 129/2 (അഖിൽ ഹെർവാദ്കർ 62).
  Published by:Anuraj GR
  First published: