നീണ്ട പതിനാറു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡില്‍ നിന്നും സെര്‍ജിയോ റാമോസ് പടിയിറങ്ങുന്നു. ടീമിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ റാമോസ് ക്ലബ്ബ് വിടുന്നതായി റയല്‍ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. റാമോസ് ക്ലബ് വിടുന്നത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രസ്താവനക്കൊപ്പം താരത്തിന് യാത്രയയപ്പ് നല്കാന് ക്ലബിന് പദ്ധതിയുണ്ടെന്നും റയല്‍ മാഡ്രിഡ് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരെസിനൊപ്പം റാമോസ് പത്രസമ്മേളനത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച ഇന്ത്യന്‍ സമയം നാല് മണിക്കാണ് താരത്തിന് യാത്രയയപ്പ് നല്‍കുന്നത്.
2005ലാണ് സെവിയ്യയില്‍ നിന്നും റാമോസ് റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാലീഗ കിരീടങ്ങളും താരം റയല്‍ മാഡ്രിഡിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്. റാമോസ് മാഡ്രിഡ് വിടുന്നതിലൂടെ അവര്‍ക്ക് നഷ്ടമാകുന്നത് അവരുടെ ഏറ്റവും വിശ്വസ്തനും അതിലുപരി ഒരു മികച്ച ക്യാപ്റ്റനേയും ഒരു പ്രതിരോധ ഭടനേയുമാണ്. താരം റയല്‍ വിടുന്നതിലൂടെ ഉണ്ടാകുന്ന വിടവ് നികത്തുക ക്ലബിന് ഏറെക്കുറെ അസാധ്യമാകും.
റയലില്‍ 671 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. 40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികള്‍ സ്വന്തമാക്കി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരവും റാമോസാണ്. ഇക്കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മിക്ക മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ കോവിഡ് ബാധിക്കുകയും ചെയ്തു. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം യൂറോ കപ്പിനുള്ള സ്പെയിന് ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. സ്പാനിഷ് ദേശീയ ടീമിനൊപ്പം ലോകകപ്പും രണ്ട് യൂറോ ചാമ്പ്യന്‍ഷിപ്പുകളും റാമോസ് നേടിയിട്ടുണ്ട്.
ഏറെക്കാലമായി റയലുമായി കരാര്‍ പുതുക്കാന്‍ റാമോസ് ശ്രമിക്കുകയായിരുന്നു. ക്ലബ് സീസണ് അവസാനിച്ചതോടെ കളിക്കാരുടെ ട്രാന്‍സ്ഫര്‍ വിപണി സജീവമായിരിക്കുകയാണ്. പി എസ് ജിയുടെ സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെയെ ഫ്രാന്‍സില്‍ നിന്നും സ്പെയ്നിലെ റയല്‍ മാഡ്രിഡിലേക്ക് എത്തിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരത്തെ ക്ലബ്ബിലേക്ക് എത്തിക്കണമെങ്കില്‍ ഒരു വലിയ തുക തന്നെ സ്പാനിഷ് വമ്പന്മാര്ക്ക് മുടക്കേണ്ടതായി വരും. കോവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക ഞെരുക്കത്തില്‍ മുറുകുകയാണ് എല്ലാ മുന്‍നിര ക്ലബ്ബുകളും.
നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളായ ഫ്രഞ്ച് താരത്തിന് വേണ്ടിയുള്ള തുക നിലവിലെ സാഹചര്യത്തില്‍ റയല്‍ മാഡ്രിഡിന് കണ്ടെത്തുവാന്‍ എളുപ്പമല്ല. ഇതേത്തുടര്‍ന്ന് നിലവില്‍ ഈ ജൂണോടെ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന റാമോസ് അടക്കമുള്ള ചില താരങ്ങളോട് തങ്ങളുടെ പ്രതിഫലത്തിന്റെ 10 ശതമാനം വെട്ടിക്കുറക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റ് രംഗത്തു വന്നിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ലഭ്യമാകുന്ന ഒരു കളിക്കാരനു വേണ്ടി റയല്‍ മാഡ്രിഡിലെ മറ്റു താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു റാമോസിന്റെ നിലപാട്. ക്ലബുമായി കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടു വളരെക്കാലമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സ്പാനിഷ് താരം ക്ലബ്ബ് വിടുന്നതെന്നാണ് ആരാധകര്‍ കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Football transfer, Real madrid, Sergio Ramos