ലാലിഗയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം മുതലാക്കാൻ കഴിയാതെ റയല്‍ മാഡ്രിഡ്
- Published by:user_57
- news18-malayalam
Last Updated:
സെവിയയോട് ജയിച്ചിരുന്നെങ്കിൽ റയലിന് പോയന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമൊരുങ്ങിയതാണ്
ജയിച്ചാൽ ലാലിഗ പോയന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന ബാഴ്സിലോണ - അത്ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിൽ കലാശിച്ചതോടെ, സെവിയയോട് ജയിച്ചിരുന്നെങ്കിൽ റയലിന് പോയന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമൊരുങ്ങിയതാണ്. എന്നാൽ ഈ അവസരമാണ് റയൽ നഷ്ടപ്പെടുത്തിയത്. സെവിയക്കെതിരായ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ റയൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. രണ്ടു തവണ പിന്നിൽ പോയ ശേഷമായിരുന്നു റയൽ സമനില പിടിച്ചത്.
മത്സരത്തിൽ മികച്ച രീതിയിൽ തന്നെ തുടങ്ങിയ റയൽ മാഡ്രിഡ് 13-ാം മിനിറ്റിൽ ബെൻസീമയിലൂടെ ലീഡ് എടുത്തെങ്കിലും വാർ പരിശോധനയിലൂടെ റഫറി റയലിന് ഗോൾ നിഷേധിച്ചു. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ഫെർണാണ്ടോയിലൂടെ സെവിയ മുന്നിലെത്തി. ആദ്യ പകുതി അവസാനിച്ചപ്പോൾ സെവിയ ഒരു ഗോളിനു മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ സമനില നേടാനായി കളിച്ച റയലിന് വേണ്ടി 67-ാം മിനിറ്റിൽ ടോണി ക്രൂസിന്റെ പാസിൽ നിന്ന് മാർക്കോ അസെൻസിയോ റയലിനെ ഒപ്പമെത്തിച്ചു. പിന്നാലെ 78-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇവാൻ റാക്കിറ്റിച്ച് സെവിയയെ വീണ്ടും മുന്നിലെത്തിച്ചു. തോൽവിയിലേക്കെന്ന് തോന്നിയ മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഏദൻ ഹസാർഡിന്റെ ഗോളിലാണ് റയൽ സമനില പിടിച്ചത്. റയലിൻ്റെ മധ്യനിര താരം ടോണി ക്രൂസ് എടുത്ത ഷോട്ട് ഹസാർഡിൻ്റെ കാലിൽ തട്ടി തെറിച്ച് ഗോൾ ആവുകയായിരുന്നു.
advertisement
മത്സരം സമനിലയിലായതോടെ 35 മത്സരങ്ങളിൽ നിന്ന് 75 പോയന്റുമായി റയൽ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ലീഗിൽ മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ 77 പോയന്റുമായി അത്ലറ്റിക്കോയാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്കും 75 പോയിൻ്റ് ഉണ്ടെങ്കിലും പരസ്പരം നടന്ന മൽസരത്തിലെ മുൻതൂക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് റയൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 71 പോയിൻ്റുമായി സെവിയ നാലാം സ്ഥാനത്ത് നിൽക്കുന്നു.
അതേസമയം, മത്സരത്തിലെ റഫറിയിങ്ങിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് റയൽ പരിശീലകൻ സിനദിൻ സിദാൻ. ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് റയൽ മാഡ്രിഡ് സമനില ഗോൾ നേടിയതെങ്കിലും അതിനു മുൻപ് സെവിയ്യക്ക് പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനത്തെയാണ് സിദാൻ ചോദ്യം ചെയ്യുന്നത്.
advertisement
മത്സരം 1-1ൽ നിൽക്കെ എഴുപത്തിയെട്ടാം മിനുട്ടിൽ കരിം ബെൻസിമ നേടിയെടുത്ത പെനാൽറ്റി റിവ്യൂ ചെയ്യുന്നതിനിടെയാണ് അതിനു മുൻപ് റയൽ ബോക്‌സിൽ വെച്ച് എഡർ മിലിറ്റാവോ പന്തു കൈകൊണ്ടു തൊട്ടത് വീഡിയോ റഫറി കണ്ടെത്തിയത്. ഇതോടെ റയലിനു നൽകിയ പെനാൽറ്റി ഒഴിവാക്കി സെവിയ്യക്ക് പെനാൽറ്റി നൽകാൻ റഫറി തീരുമാനിക്കുകയായിരുന്നു. ഈ ഗോളിലൂടെ മത്സരത്തിൽ സെവിയ്യ മുന്നിലെത്തിയെങ്കിലും സ്റ്റോപ്പേജ് ടൈമിൽ ഈഡൻ ഹസാർഡ് റയലിനെ തോൽവിയിൽ നിന്നും രക്ഷിച്ചു.
മത്സരത്തിനു ശേഷം ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് സെവിയക്ക് പെനൽറ്റി നൽകിയ റഫറിയുടെ തീരുമാനത്തിനെതിരെ സിദാൻ രൂക്ഷമായി പ്രതികരിച്ചത്. "ഒരു വിശദീകരണത്തിനു വേണ്ടി ഞാൻ റഫറിയോട് സംസാരിച്ചിരുന്നു. ആ തീരുമാനം വളരെ സങ്കീർണമായിരുന്നതിനൊപ്പം ഇന്ന് ഞങ്ങൾക്ക് ഒരു അർഹമായ ഫലം കിട്ടേണ്ടിയിരുന്നു."
advertisement
"റഫറി പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. മിലിറ്റാവോയുടെ ഹാൻഡ്ബോളാണെങ്കിൽ അപ്പുറത്ത് സെവിയയുടെയും ഹാൻഡ് ബോളാണ്. റഫറി നൽകിയ മറുപടി എനിക്ക് തൃപ്തികരമായിരുന്നില്ല. ഒരിക്കലും റഫറിമാരെക്കുറിച്ച് ഞാൻ സംസാരിക്കാറില്ലെങ്കിലും ഇന്നു ഞാൻ വളരെ ദേഷ്യത്തിലാണ്," സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓഫ്‌സൈഡ് നിയമം റഫറിമാർ തനിക്ക് മനസിലാക്കി തരണമെന്നു പറഞ്ഞ സിദാൻ അവസാനം വരെ കിരീടത്തിനായി പൊരുതുമെന്നും വ്യക്തമാക്കി.
Summary: Real Madrid missed out on a tremendous opportunity to top the La Liga table as Real Madrid and Sevilla played out a dramatic 2-2 draw
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലാലിഗയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം മുതലാക്കാൻ കഴിയാതെ റയല്‍ മാഡ്രിഡ്


