റിങ്കു സിംഗ് എന്ന ഇരുപത്തിയഞ്ചുകാരനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകമാകെ. 2018 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ഈ അലിഗഢുകാരൻ ഇപ്പോൾ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ മിന്നും താരമായി മാറിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഞായറാഴ്ച നടന്ന മൽസരത്തിൽ അവസാന അഞ്ച് ബോളും സിക്‌സർ പറത്തിയാണ് റിങ്കു കൊൽക്കത്തക്ക് വിജയം സമ്മാനിച്ചത്.
ആർക്കും ചിന്തിക്കാനാകാത്ത വിധത്തിലും അവിശ്വസനീയമായ രീതിയിലുമാണ് റിങ്കു അവസാന അഞ്ചു പന്തുകൾ ബൗണ്ടറി കടത്തിയത്. ഒരു പാറപോലെ ഉറച്ചു തിന്ന റിങ്കു, ആഭ്യന്തര ടീമിലെ തന്റെ സഹതാരം കൂടിയായ യാഷ് ദയാലിന്റെ പന്തുകളെ സധൈര്യം നേരിട്ട് ബാറ്റു വീശി.
ഒരു ഹിറ്റ് പോലും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതല്ല. ഒരു ചെറു ചലനത്തിൽ പോലും റിങ്കു തെല്ലും പരിഭ്രാന്തി കാണിച്ചിരുന്നുമില്ല. ഓരോ പന്തും മികവോടെ അടിച്ചു പറത്തി, വലിയ സമ്മർദത്തിനിടയിലും ഈ യുവതാരം ഒരു മാസ്റ്റർക്ലാസ് കളിയാണ് കാണികൾക്ക് സമ്മാനിച്ചത്.
ആദ്യം പതിഞ്ഞ താളത്തിലാണ് റിങ്കു കളിച്ചു തുടങ്ങിയതെങ്കിലും പിന്നീട് ഈ ഇടംകയ്യൻ ബാറ്റര്‍ കളിയുടെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ് കണ്ടത്. ആദ്യ എട്ടു ബോളിൽ നിന്ന് റിങ്കു അടിച്ചുകൂട്ടിയത് വെറും 14 റൺസ് മാത്രം. എന്നാൽ അടുത്ത ഏഴ് പന്തുകളിൽ ആറ് സിക്സും ഒരു ഫോറും പായിച്ച് റിങ്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ചു ഒപ്പം രണ്ടു പോയിന്‍റും.
advertisement
കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനും തന്റെ സുഹൃത്തുമായ നിതീഷ് റാണയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന റിങ്കു സിങ്ങിന്റെ വീഡിയോയും വൈറലായിരുന്നു. പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനും തന്റെ വികാരങ്ങൾ മറച്ചുവെക്കാനായില്ല.
ടീമിന്റെ വിജയത്തിന് ശേഷം റിങ്കുസിങ്ങിനെ കെട്ടിപ്പിടിച്ച് അദ്ദേഹം ആവേശഭരിതനായി. പിന്നീട് ശ്രേയസ് അയ്യരുമായി നടത്തിയ വീഡിയോ കോളിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “ഇത് ദൈവത്തിന്റെ പദ്ധതിയാണ്”, എന്നാണ് വീഡിയോയിൽ റിങ്കു സിംഗ് ശ്രേയസ് അയ്യരോട് പറയുന്നത്.
കടം വാങ്ങിയ ബാറ്റ്
കഴിഞ്ഞ സീസണുകളിലോ ഈ വർഷത്തെ ആദ്യ രണ്ടു മൽസരങ്ങളിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ റിങ്കു ഉപയോഗിച്ച ബാറ്റായിരുന്നില്ല ഇത്തവണ ഉപയോഗിച്ചത്. ഇത്തവണ ബാറ്റ് മാറ്റണമെന്ന് റിങ്കു ക്യാപ്റ്റൻ നിതീഷ് റാണയോട് ആദ്യം തന്നെ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് റാണയുടെ തന്നെ ബാറ്റാണ് റിങ്കു ഈ മൽസരത്തിൽ ഉപയോഗിച്ചത്.
”നല്ല പിക്ക്അപ്പ് ഉള്ളതും ഭാരം കുറഞ്ഞതുമായ ബാറ്റാണ് അത്. അവൻ ഈ ബാറ്റ് തിരഞ്ഞെടുത്തപ്പോൾ തന്നെ മികച്ച പ്രകടം കാഴ്ച വെയ്ക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോൾ അത് റിങ്കുവിന്റെ ബാറ്റാണ്, എന്റേതല്ല. അവൻ അത് എന്റെ പക്കൽ നിന്ന് എടുത്തു”, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ നിതീഷ് റാണ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ