HOME /NEWS /Sports / ചരിത്രത്തിൽ ഇന്ന്: യുവരാജ് സിംഗിലെ ഓൾ റൗണ്ടർ മികവ് ഉദയം ചെയ്ത ദിനം

ചരിത്രത്തിൽ ഇന്ന്: യുവരാജ് സിംഗിലെ ഓൾ റൗണ്ടർ മികവ് ഉദയം ചെയ്ത ദിനം

yuvraj_Singh

yuvraj_Singh

യുവരാജ് സിംഗ് എന്ന യുവതാരം ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടറാണെന്ന്‌ തെളിയിച്ച മത്സരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

  • Share this:

    2002 ലെ നാറ്റ് വെസ്റ്റ് ട്രോഫിയിലെ ഇന്ത്യയുടെ ജയം രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരിഞ്ഞ് നോക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ ഒരു സാധാരണ ടൂർണമെന്റ് വിജയമായിരുന്നില്ല അത്. വെല്ലുവിളികളെ ഒട്ടും ഭയമില്ലാതെ നേരിടുന്ന ലോക ക്രിക്കറ്റിനെ തന്നെ കീഴടക്കാൻ ശേഷിയുള്ള ഒരു യുവ ഇന്ത്യൻ ടീമിന്റെ ഉദയമാണ് അന്ന് കണ്ടത്.

    ലോഡ്സിലെ ബാൽക്കണിയൽ നിന്ന് സൗരവ് ഗാംഗുലി തന്റെ ജഴ്സി ഊരി വീശുന്നത് ഇന്നും ആരാധകർക്ക് രോമാഞ്ചം നൽകുന്നതാണ്. പക്ഷെ അന്നത്തെ ആ ഫൈനലിനെ കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ പ്രയാണത്തിന് തുടക്കം കുറിച്ച 2002 ജൂൺ 29 ലെ ഇംഗ്ലണ്ടിനെതിരെയുള്ള ടൂർണമെന്റിലെ ആദ്യ മത്സരത്തെ കുറിച്ചാണിത്. യുവരാജ് സിംഗ് എന്ന യുവതാരം ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടറാണെന്ന്‌ തെളിയിച്ച മത്സരം.

    ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. മികച്ച സ്കോർ കണ്ടെത്തി സന്ദർശകരായ ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്റെ പദ്ധതി. തുടക്കത്തിൽ കാര്യങ്ങൾ ഇംഗ്ലണ്ട് ടീം കരുതിയത് പോലെ തന്നെ നടന്നു. ഓപ്പണർമാരായ മാർക്കസ് ടെർസ്കോത്തിക്ക്, നിക്ക് ക്നൈറ്റ് എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് കാര്യമായി സംഭാവന നൽകിയില്ല. 13ാം ഓവറിൽ നിക്നൈറ്റിനെ റൺ ഔട്ടിൽ വീഴ്ത്തിയപ്പോൾ 31 റൺസാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. എന്നാൽ പിന്നീട് എത്തിയ ക്യാപ്റ്റൻ ഹുസൈനും ട്രെസ്കോത്തിക്കും ചേർന്നും രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 26ാം ഓവറിൽ ഗാംഗുലി ട്രെസ്കോത്തിനെ പുറത്താക്കിയപ്പോഴേക്കും 151 റൺസ് ഇംഗ്ലണ്ട് നേടിയിരുന്നു. പിന്നീട് എത്തിയ ആൻഡ്രു ഫ്ലിന്റോഫും ഹുസൈനും ചേർന്ന് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലേക്ക് നയിച്ചു.

    ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാൻ വിക്കറ്റ് വീഴ്ത്തുക എന്നത് അനിവാര്യമായിരുന്നു. ആ സമയത്താണ് ഗാംഗുലി യുവരാജിന് പന്ത് നൽകുന്നത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് 34ാമത്തെ ഓവറിൽ യുവരാജ് ഫ്ലിൻ്റോഫിനെ മടക്കി. 38ാമത്ത ഓവറിൽ ഗ്രഹാം തോർപ്പയെയും 40ാമത്തെ ഓവറിൽ ഹുസൈനെയും യുവരാജ് വീഴ്ത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവരാജ് സിംഗിന്റെ പ്രകടന മികവിൽ ഇംഗ്ലണ്ടിനെ നിശ്ചിത 50 ഓവറിൽ 7 ന് 271 റൺസ് എന്ന നിലയിൽ തളക്കാനായി.

    മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഗാംഗുലിയും വിരേന്ദർ സേവാഗും ചേർന്ന് ആദ്യ വിക്കറ്റിൽ 109 റൺസ് എടുത്തു. 17ാം ഓവറിലാണ് 71 റൺസ് എടുത്ത സേവാഗ് പുറത്തായത്. എന്നാൽ ഇതിന് പിന്നാലെ 3 വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതോടെ ഇന്ത്യക്ക് മേൽ സമ്മർദ്ദമായി.

    നാലാമനായി 43 റൺസ് എടുത്ത ഗാംഗുലി കൂടി വീണതോടെ യുവരാജ് ക്രീസിൽ എത്തി. രാഹുൽ ദ്രാവിഡും യുവരാജും ചേർന്നായിരുന്നു പിന്നീട് രക്ഷാ പ്രവർത്തനം. ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ 7 പന്തുകൾ ശേഷിക്കേ വിജയ ലക്ഷ്യം മറി കടന്നു. ദ്രാവിഡ് 73 റൺസും യുവരാജ് 65 പന്തിൽ നിന്ന് 64 റൺസും നേടി. മൂന്ന് വിക്കറ്റിനൊപ്പം ബാറ്റിംഗിലും തിളങ്ങിയ യുവരാജ് സിംഗായിരുന്നു കളിയിലെ താരം.

    First published:

    Tags: Nat West, Sourav ganguly, Yuvraj, Yuvraj Singh