സച്ചിന്റേത് പോലെ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിയും പിന്‍വലിക്കണം, നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പര്‍
സച്ചിന്റേത് പോലെ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിയും പിന്‍വലിക്കണം, നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പര്‍
ഇതിലൂടെ ഇന്ത്യക്കായി വലിയ സംഭാവനകള്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാന്‍ കൂടി എല്ലാവര്ക്കും കഴിയും. ഇതുവഴി അവരെ ബഹുമാനിക്കുക കൂടിയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള വ്യക്തിയാണ് മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെടും തൂണായി ക്യാപ്റ്റന്‍ കൂള്‍ ഇപ്പോഴും തുടരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ലോകമൊട്ടാകെ വന്‍ ആരാധക പിന്തുണയാണ് ധോണിക്കുള്ളത്. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്.
2007 ടി20 ലോകകപ്പ് വിജയത്തോടെ ആരംഭിച്ച ധോണി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫില്‍ എത്തിച്ചിരുന്നു. ഐ സി സിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലായിരുന്നു ധോണി ടീമിനെ ജേതാക്കളാക്കിയത്. അതിനുശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇപ്പോഴിതാ എം എസ് ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ധോണി വിരമിച്ചിട്ട് നാളേറെ ആയെങ്കിലും ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. സാധാരണ ഗതിയില്‍ ഇതിഹാസ താരങ്ങളുടെ ജേഴ്സി പിന്‍വലിക്കാറുണ്ട്. സച്ചിന്റെ 10ആം നമ്പര്‍ ജേഴ്സി ഇത്തരത്തില്‍ പിന്‍വലിച്ചിരുന്നു. അതുപോലെ ധോണിയുടെ ജേഴ്സിയും പിന്‍വലിക്കണമെന്നാണ് സാബ കരീം പറയുന്നത്.
'ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴാം നമ്പര്‍ ജഴ്സി പിന്‍വലിക്കണം. അത് അദ്ദേഹത്തോട് കാണിക്കേണ്ട ആദരവാണ്. നിലവില്‍ ഐ പി എല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയുള്ള സേവനം തുടരുമെന്നാണ് ഞാന്‍ കരുതുന്നത്. സംസ്ഥാന തലത്തില്‍ യുവതാരങ്ങളെ നിരീക്ഷിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ധോണിക്ക് കഴിഞ്ഞാല്‍ ഭാവി ഇന്ത്യന്‍ ടീമിന് അത് ഏറെ ഗുണകരമായിരിക്കും. ധോണിയുടേത് മാത്രമല്ല, ഇതിഹാസ താരങ്ങളുടെ ജേഴ്സി നമ്പറുകളെല്ലാം പിന്‍വലിക്കണം. ഇതിലൂടെ ഇന്ത്യക്കായി വലിയ സംഭാവനകള്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാന്‍ കൂടി എല്ലാവര്ക്കും കഴിയും. ഇതുവഴി അവരെ ബഹുമാനിക്കുക കൂടിയാണ് ചെയ്യുന്നത്.'- സാബ കരീം പറഞ്ഞു.
കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിനാണ് കഴിഞ്ഞത്. 2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ വിരാമമിട്ട ഇന്ത്യന്‍ നായകന് ധോണിയുടെ ഫിനിഷിങ് സിക്സര്‍ ഇന്നും ആരാധകരുടെ മനസ്സില്‍ കുളിരുള്ള ഓരോര്മയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.