അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനെ (Shane Warne) അനുസ്മരിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ (Sachin Tendulkar). ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്തയെന്ന് സച്ചിന് ട്വീറ്റ് ചെയ്തു. വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്.
'മിസ് യു വോണി, നിങ്ങള്‍ ചുറ്റുമുണ്ടായിരുന്നപ്പോള് ഗ്രൗണ്ടിലും പുറത്തും വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കളിക്കളത്തിന് പുറത്തെ പോര്‍വിളികളും എക്കാലത്തും ആസ്വദിച്ചിരുന്നു. നിങ്ങളുടെ മനസില്‍ ഇന്ത്യക്ക് എക്കാലത്തും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ ഇന്ത്യക്കാര്‍ക്കും നിങ്ങളെന്നും സ്പെഷല്‍ ആയിരിക്കും. വളരെ നേരത്തേ പോയി'- ഇത്രയുമായിരുന്നു സച്ചിന്റെ അനുസ്മരണം.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധകര്‍ എന്നും കാണാന്‍ കൊതിക്കുന്ന പോരാട്ടമായിരുന്നു സച്ചിന് തെണ്ടുല്‍ക്കറുടെയും ഷെയ്ന് വോണിന്റെയും. ഏകദേശം ഒരേകാലഘട്ടത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന വോണും സച്ചിനും തമ്മിലുള്ള ക്രിക്കറ്റ് യുദ്ധങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ഷാര്‍ജാ കപ്പിലും നിരവധി ടെസ്റ്റ് പരമ്പരകളിലും ഏകദിനങ്ങളിലും ഇരുവരും കൊമ്പുകോര്‍ത്തിട്ടുണ്ട്. 1998ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം സച്ചിന് തന്നെ ക്രീസിന് പുറത്തേക്ക് ഇറങ്ങി സിക്സര്‍ അടിക്കുന്നത് താന്‍ സ്വപ്നത്തില്‍ കണ്ടിട്ടുണ്ടെന്ന് വോണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന് വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
1969 സെപ്റ്റംബര്‍ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോണ്‍ ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്.
2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന് റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന് വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.